സംഗീത പരിപാടികളും മറ്റ് തത്സമയ പ്രദർശനങ്ങളും ഉൾപ്പെടുന്ന 'കൺസേർട്ട് ഇക്കോണമി'യെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി മാറ്റാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു
Newdelhi , 02 മെയ് (H.S.) സംഗീത പരിപാടികളും മറ്റ് തത്സമയ പ്രദർശനങ്ങളും ഉൾപ്പെടുന്ന ''കൺസേർട്ട് ഇക്കോണമി''യെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി മാറ്റാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. 2030-ഓടെ ഇന്ത്യയെ തത്സമയ പരിപാടികളുടെ ആഗ
Concert Economy


Newdelhi , 02 മെയ് (H.S.)

സംഗീത പരിപാടികളും മറ്റ് തത്സമയ പ്രദർശനങ്ങളും ഉൾപ്പെടുന്ന 'കൺസേർട്ട് ഇക്കോണമി'യെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി മാറ്റാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. 2030-ഓടെ ഇന്ത്യയെ തത്സമയ പരിപാടികളുടെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. വ്യാഴാഴ്ച നടന്ന വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ലൈവ് ഇവന്റ്സ് ഡെവലപ്മെന്റ് സെല്ലിൻ്റെ (LEDC) നാലാമത് യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്.

സമീപകാലത്തായി കോൾഡ്പ്ലേ, എഡ് ഷീരൻ, ദിൽജിത് ദോസഞ്ച് തുടങ്ങിയ പ്രശസ്തരായ അന്താരാഷ്ട്ര-ദേശീയ കലാകാരന്മാരുടെ കൺസേർട്ടുകൾക്ക് ലഭിക്കുന്ന അഭൂതപൂർവ്വമായ ജനപങ്കാളിത്തം ഇന്ത്യയുടെ 'കൺസേർട്ട് ഇക്കോണമി' വലിയ വളർച്ചയുടെ പാതയിലാണെന്ന് തെളിയിച്ചിരുന്നു. ഒരു വലിയ കൺസേർട്ട് നടക്കുമ്പോൾ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകൾ എത്തുന്നതിലൂടെ വിമാന കമ്പനികൾ, ഹോട്ടലുകൾ, പ്രാദേശിക ഗതാഗത സംവിധാനങ്ങൾ എന്നിവയ്ക്ക് വലിയ ലാഭമുണ്ടാകുന്നു. ഉദാഹരണത്തിന്, അഹമ്മദാബാദിൽ നടന്ന കോൾഡ്പ്ലേ കൺസേർട്ട് ഏകദേശം 641 കോടിയുടെ സാമ്പത്തിക ചലനമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യയെ ആഗോള കൺസേർട്ട് ഹബ്ബാക്കാനുള്ള പദ്ധതി കേന്ദ്രം ലക്ഷ്യമിടുന്നത്.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒമ്പത് കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും 12 വ്യവസായ പ്രമുഖരും പങ്കെടുത്തു. ഈ മേഖലയിലൂടെ 2030-ഓടെ 1.5 മുതൽ 2 കോടി വരെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മീഡിയ - എൻ്റർടൈൻമെൻ്റ് രംഗത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമായി തത്സമയ പരിപാടികളുടെ മേഖല മാറിയിരിക്കുകയാണ്. ഇന്ത്യയുടെ തത്സമയ ഇവൻ്റ് വ്യവസായത്തിൻ്റെ വളർച്ചയ്ക്കായി ഒരു ഏകോപിത പദ്ധതി തയ്യാറാക്കുന്നതിൽ LEDC വഹിക്കുന്ന പങ്കിനെക്കുറിച്ച് മന്ത്രാലയം സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖല വലിയ സംഭാവന നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള അനുമതികൾ ലളിതമാക്കുന്നതിനായി 'ഇന്ത്യ സിനി ഹബ്' പോർട്ടലിൽ ഏകജാലക സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. വിദേശ കലാകാരന്മാർക്കും സംഘാടകർക്കും എളുപ്പത്തിൽ അനുമതികൾ ലഭ്യമാക്കും. സംസ്ഥാനങ്ങൾ ഈ പോർട്ടൽ സ്വീകരിക്കുന്നതോടെ അനുമതികൾ സുതാര്യമായും സമയബന്ധിതമായും ലഭ്യമാകുമെന്ന് ജോയിൻ്റ് സെക്രട്ടറി പ്രിഥുൽ കുമാർ അറിയിച്ചു.

കൂടാതെ, തത്സമയ പരിപാടികൾക്കുള്ള ലൈസൻസിംഗും അനുമതികളും ഏകീകരിക്കുന്നതിനായി 'മോഡൽ എക്സിക്യൂട്ടീവ് ഓർഡർ 2026' നടപ്പിലാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. 2026 മെയ് 31-നകം ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യ സിനി ഹബ് പോർട്ടൽ വഴി ഏകജാലക സംവിധാനം മെയ് 2026-ഓടെ പൂർണ്ണമായും സജ്ജമാകും. ഇതിലൂടെ ഇന്ത്യയിലെ ലൈവ് ഇവൻ്റ് മേഖലയ്ക്ക് ലളിതവും ഏകീകൃതവുമായ ഒരു നിയന്ത്രണ സംവിധാനം ഉറപ്പാക്കാൻ സാധിക്കും. വലിയ പരിപാടികൾ നടത്താൻ അനുയോജ്യമായ ലോകോത്തര നിലവാരമുള്ള സ്റ്റേഡിയങ്ങളും ഓഡിറ്റോറിയങ്ങളും നിർമ്മിക്കുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനും സർക്കാർ മുൻഗണന നൽകുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News