ഏര്യാസെക്രട്ടറി ഉള്പ്പെടെ 53 പേര് സിപിഐയിലേക്ക്; കൂത്താട്ടുകുളം മേഖലയില് സിപിഎമ്മിന് തിരിച്ചടി
Ernakulam, 02 മെയ് (H.S.) എറണാകുളം: സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയ സെക്രട്ടറി ഉള്‍പ്പടെ 53 പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു. കൂത്താട്ടുകുളം മേഖലയില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയാണ് വന്‍ രാഷ്ട്രീയ കൂടു മാറ്റം നടന്നത്. സിപിഎ
cpm cpi


Ernakulam, 02 മെയ് (H.S.)

എറണാകുളം: സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയ സെക്രട്ടറി ഉള്‍പ്പടെ 53 പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു. കൂത്താട്ടുകുളം മേഖലയില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയാണ് വന്‍ രാഷ്ട്രീയ കൂടു മാറ്റം നടന്നത്. സിപിഎം മുന്‍ ഏരിയ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിലാണ് 53 സജീവ പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നത്. സിപിഎം ലോക്കല്‍, ഏരിയ നേതൃത്വങ്ങളുടെ സ്വേച്ഛാധിപത്യപരമായ നടപടികളിലും തെറ്റായ രാഷ്ട്രീയ നിലപാടുകളിലും പ്രതിഷേധിച്ചാണ് തങ്ങള്‍ പാര്‍ട്ടി വിട്ടതെന്ന് അവര്‍ ആരോപിച്ചു.

സിപിഎം വിട്ട് പുറത്തുവന്ന ഷാജു ജേക്കബ് പാര്‍ട്ടിയുടെ നിലവിലെ പോക്കിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സിപിഎം നിലവില്‍ കോണ്‍ഗ്രസ്-ബിജെപി റിക്രൂട്ട്മെന്റ് ഏജന്‍സിയായി മാറിയിരിക്കുകയാണെന്ന് ഷാജു ജേക്കബ് പരിഹസിച്ചു. പാര്‍ട്ടി വിടുന്നവര്‍ കോണ്‍ഗ്രസിലോ ബിജെപിയിലോ ചേര്‍ന്നാല്‍ സിപിഎമ്മിന് പരാതിയില്ല. എന്നാല്‍ ഇടതുപക്ഷത്ത് ഉറച്ചുനിന്ന് സിപിഐയില്‍ ചേരുന്നത് അവര്‍ക്ക് സഹിക്കാനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജനവികാരം മനസിലാക്കാതെയാണ് പ്രാദേശിക നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നും, ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സിപിഎം മറന്നുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഷാജു ജേക്കബിനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സിപിഐയിലേക്ക് എത്തിയ പ്രമുഖ നേതാവ് ഷാജു ജേക്കബിനെ കൂടാതെ തദ്ദേശ ഭരണ രംഗത്ത് മികവ് തെളിയിച്ച പ്രമുഖരും സിപിഐയിലേക്ക് എത്തിയിട്ടുണ്ട്. പാലക്കുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെഎജയ, മുന്‍ വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു കൂടാതെ നിരവധി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും സജീവ പ്രവര്‍ത്തകരും സിപിഐ അംഗത്വം സ്വീകരിച്ചു.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെകെ അഷ്‌റഫ്, മുന്‍ എംഎല്‍എമാരായ ബാബു പോള്‍, എല്‍ദോ എബ്രഹാം എന്നിവര്‍ ചേര്‍ന്ന് പുതിയതായി എത്തിയവരെ സ്വീകരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് എത്തുമെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

അതേസമയം സിപിഎം വിട്ടുവന്നവര്‍ക്ക് സിപിഐ പരസ്യമായി സ്വീകരണം നല്‍കിയതില്‍ സിപിഎം നേതൃത്വം കടുത്ത അസംതൃപ്തിയിലാണ്. ഇടതുമുന്നണിയിലെ രണ്ട് പ്രധാന കക്ഷികള്‍ തമ്മിലുള്ള ഈ അസ്വാരസ്യം വരും ദിവസങ്ങളില്‍ പ്രാദേശികമായി മുന്നണിക്കുള്ളില്‍ വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വഴിമാറാന്‍ സാധ്യതയുണ്ട്. പാലക്കുഴ മേഖലയില്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിന് ഏറ്റ വലിയ ആഘാതമാണ് ഈ കൂട്ടരാജിയും ഇവരുടെ സിപിഐയിലേക്കുള്ള കൂടു മാറ്റവും .

---------------

Hindusthan Samachar / Sreejith S


Latest News