ബെംഗളൂരു നഴ്സിങ് വിദ്യാർത്ഥിയുടെ മരണം: ബി.ടി.എൽ കോളേജിൽ അരങ്ങേറുന്നത് കൊടും പീഡനമെന്ന് വെളിപ്പെടുത്തൽ; കഴിഞ്ഞ വർഷം പഠനം ഉപേക്ഷിച്ചത് 18 പേർ
Bengaluru , 02 മെയ് (H.S.) ബെംഗളൂരു: ബെംഗളൂരു ബി.ടി.എൽ (BTL) സ്കൂൾ ഓഫ് നഴ്സിങ്ങിലെ ഒന്നാം വർഷ വിദ്യാർത്ഥി ആദിത്യന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഹപാഠികൾ. ആദിത്യന്റെ മരണം കേവലം ഒരു ഒറ്റപ്
ബെംഗളൂരു നഴ്സിങ് വിദ്യാർത്ഥിയുടെ മരണം: ബി.ടി.എൽ കോളേജിൽ അരങ്ങേറുന്നത് കൊടും പീഡനമെന്ന് വെളിപ്പെടുത്തൽ; കഴിഞ്ഞ വർഷം പഠനം ഉപേക്ഷിച്ചത് 18 പേർ


Bengaluru , 02 മെയ് (H.S.)

ബെംഗളൂരു: ബെംഗളൂരു ബി.ടി.എൽ (BTL) സ്കൂൾ ഓഫ് നഴ്സിങ്ങിലെ ഒന്നാം വർഷ വിദ്യാർത്ഥി ആദിത്യന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഹപാഠികൾ. ആദിത്യന്റെ മരണം കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, കോളേജിലെ അധ്യാപകരിൽ നിന്നും അധികൃതരിൽ നിന്നും നേരിടുന്ന ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളുടെ തുടർച്ചയാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. അധ്യാപകന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെ കഴിഞ്ഞ അധ്യയന വർഷം മാത്രം 18 വിദ്യാർത്ഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു പോയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

മർദ്ദനവും വംശീയ അധിക്ഷേപവും

കോളേജിലെ ഒരു പ്രത്യേക അധ്യാപകൻ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് മാനസികമായി തളർത്താറുണ്ടായിരുന്നുവെന്ന് സഹപാഠികൾ മാധ്യമങ്ങളോട് പറഞ്ഞു. മലയാളികളായ വിദ്യാർത്ഥികളോട് ഈ അധ്യാപകൻ പ്രത്യേക വിരോധം പുലർത്തിയിരുന്നതായും, വംശീയ അധിക്ഷേപങ്ങൾ പതിവായിരുന്നുവെന്നും ആരോപണമുണ്ട്. ക്ലിനിക്കൽ ട്രെയിനിംഗിനിടയിലും ക്ലാസ് മുറികളിലും വെച്ച് നിസ്സാര കാരണങ്ങൾക്ക് പോലും ആദിത്യനെ ഈ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചിരുന്നതായി വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു. ആദിത്യന്റെ മുടി മുറിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഒടുവിൽ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മുടി നീട്ടി വളർത്തിയെന്ന് ആരോപിച്ച് പരസ്യമായി അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത് ആദിത്യനെ മാനസികമായി തകർത്തു.

പഠനം ഉപേക്ഷിച്ചവർ 18 പേർ

കോളേജിലെ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ വർഷം 18 വിദ്യാർത്ഥികളാണ് ടി.സി വാങ്ങി പോയത്. ലക്ഷങ്ങൾ ഫീസ് നൽകി ചേർന്ന പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് അത്രത്തോളം ദുസ്സഹമായ സാഹചര്യം അവിടെ നിലനിന്നിരുന്നതിനാലാണെന്ന് മുൻ വിദ്യാർത്ഥികൾ പറയുന്നു. പരാതിപ്പെട്ടാൽ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും പരീക്ഷയിൽ തോപ്പിക്കുമെന്നും അധ്യാപകർ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ പലരും പുറത്തുപറയാൻ ഭയപ്പെട്ടിരുന്നു.

പ്രതിഷേധം ശക്തമാകുന്നു

ആദിത്യന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നും കോളേജിന്റെ ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിനെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. സംഭവത്തിൽ കർണാടക പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള അധ്യാപകനായി തിരച്ചിൽ തുടരുകയാണ്. ആദിത്യന്റെ മരണത്തിന് പിന്നിലെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്നും കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മകന് നീതി ലഭിക്കും വരെ പോരാടുമെന്നാണ് ആദിത്യന്റെ മാതാപിതാക്കൾ പറയുന്നത്.

---------------

Hindusthan Samachar / Roshith K


Latest News