Enter your Email Address to subscribe to our newsletters

Mumbai, 02 മെയ് (H.S.)
മൂംബൈ : കുട്ടികള്‍ ഉള്‍പ്പെടെ നാലംഗ കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ച് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അബ്ദുല്ല ദോക്കാഡിയ (40), ഭാര്യ നസ്‌റീന്‍ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവര്‍ മരിച്ചത്. ഞായറാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇവര്‍ മരിച്ചത്.
തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് ഫാറന്‍സിക് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. അബ്ദുല്ലയുടെ ശരീരത്തില്‍ മോര്‍ഫിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കുടുംബത്തെ മുഴുവനായി ഇല്ലാതാക്കാനുള്ള ശ്രമമാണോ നടന്നത് എംന്ന സംശയവും ഉയരുന്നുണ്ട്. മരിച്ച എല്ലാവരുടേയും ടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയങ്ങള്‍ പച്ചനിറമായി മാറിയിരുന്നു. ഭക്ഷ്യവിഷ ബാധയിലൂടെ ഇത്തരമൊരു അവസ്ഥയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് വിശദമായ പരിശോധനയിലേക്ക് കടന്നിരിക്കുന്നത്.
ഞായറാഴ്ച ഛര്‍ദിയെത്തുടര്‍ന്നാണ് കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിരിയാണിയും അതിനുശേഷം തണ്ണിമത്തനും കഴിച്ചതോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാല്‍ ഭക്ഷ്യവിഷബാധ എന്നത് അന്ന തന്നെ ആശുപത്രി അധികൃതര്‍ തള്ളിയിരുന്നു. ഏതെങ്കിലും വിഷ, രാസ സാന്നിധ്യം അവരുടെ ഉള്ളില്‍ ചെല്ലാനുള്ള സാധ്യതയാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ സംശയിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന പരിശധന ഫലം.
അബ്ദുല്ലയ്ക്കും കുടുംബത്തിനും ആദ്യം ഛര്‍ദിയാണ് തുടങ്ങിയത്. ഇതിനു പിന്നാലെ നാഡികള്‍ തളരുകയും ബോധം നശിക്കുകയുമാണുണ്ടായത്. മറ്റെന്തോ രാസവസ്തു ഉള്ളില്‍ച്ചെന്നിട്ടുണ്ടെന്നാണ് ഈ ലക്ഷണങ്ങള്‍ കാണിക്കുന്നത്. ബോധക്ഷയം തലച്ചോറിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാനുള്ളത്. ഭക്ഷ്യവിഷബാധയ്ക്കപ്പുറമുള്ള എന്തോ കാരണത്താലാണ് മരണമെന്നാണ് ഇത് വിരല്‍ ചൂണ്ടുന്നത്..
ആശുപത്രിയിലെത്തിക്കുമ്പോള്‍ അബ്ദുല്ലയും കുടുംബവും അര്‍ധ അബോധാവസ്ഥയിലായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാത്രി തണ്ണിമത്തന്‍ കഴിച്ചെന്നും പിന്നീട് ഛര്‍ദി തുടങ്ങിയെന്നും ബന്ധുക്കളാണ് പറഞ്ഞത്. തുടര്‍ന്ന് സമീപത്തെ ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം കുത്തിവയ്പിന് എഴുതി നല്‍കി. ബോധരഹിതരാകാന്‍ തുടങ്ങിയതോടെ ജെജെ ആശുപത്രിയിലേക്ക് വരുകയായിരുന്നു.
നസ്‌റീനെ ഞായറാഴ്ച രാവിലെ 11 മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവരെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും രണ്ടര മണിക്കൂറിനുശേഷം മരിച്ചു. ആയിഷയെ രാവിലെ 11.55നും അബ്ദുല്ലയെ 11 മണിക്കുമാണ് ആശുപത്രിയിലെത്തിച്ചത്. ആയിഷ വൈകിട്ട് 5.15നും അബ്ദുല്ല രാത്രി 10.15നും മരിച്ചു. സൈനബിനെ മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുട്ടിയും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.
---------------
Hindusthan Samachar / Sreejith S