Enter your Email Address to subscribe to our newsletters

Sabarimala, 02 മെയ് (H.S.)
ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ മോഷണം പോയ സംഭവത്തെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതെ നട്ടം തിരിയുന്നു. ശബരിമലയില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം സ്വര്‍ണം പൂശാന്‍ ഉപയോഗിച്ചുവെന്ന പ്രതികളിലൊരാളായ പങ്കജ് ഭണ്ഡാരിയുടെ വെളിപ്പെടുത്തല്‍ കേസിനെ പുതിയ വഴിത്തിരിവിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതോടെ അന്വേഷണ സംഘം ആകെ ആശയകുഴപ്പത്തിലാണ്.
ശബരിമലയില്‍ നിന്ന് ശേഖരിച്ച സ്വര്‍ണം തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ ക്ഷേത്രങ്ങളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണ് ഭണ്ഡാരിയുടെ മൊഴി. കേസിലെ മുഖ്യകണ്ണിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി കേസിനെ ആകെ ബാധിക്കുന്നതാണ്. ശബരിമലയില്‍ നിന്ന് അനധികൃതമായി കടത്തിയ സ്വര്‍ണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളുടെ കൊടിമരം പൂശുന്നതിനും മറ്റ് നവീകരണ ജോലികള്‍ക്കുമാണ് ഉപയോഗിച്ചത്. ഇതോടെ തൊണ്ടി മുതലായ സ്വര്‍ണം എങ്ങനെ കണ്ടെത്തും എന്നാണ് അന്വേഷണസംഘം തലപുകയ്ക്കുന്നത്.
പങ്കജ് ഭണ്ഡാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനി സ്വര്‍ണം പൂശിയ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും പ്രമുഖ ക്ഷേത്രങ്ങളില്‍ എസ്‌ഐടി പരിശോധന ആരംഭിച്ചു കഴിഞ്ഞു. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ തികച്ചും അശാസ്ത്രീയമായാണ് നടന്നതെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് സംഘം. സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിച്ച പ്രത്യേക ലായനി ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. ഈ ലായനിയില്‍ അടങ്ങിയിരിക്കുന്ന രാസഘടകങ്ങള്‍ തിരിച്ചറിയുന്നതിലൂടെ സ്വര്‍ണത്തിന്റെ അളവിലും ഗുണമേന്മയിലും വരുത്തിയ കൃത്രിമത്വം കണ്ടെത്താനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഇക്കാര്യം രേഖപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് എസ്‌ഐടി തീരുമാനം.
1998 ലാണ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള മദ്യ നിര്‍മ്മാണ കമ്പിനിയായ യുബി ഗ്രൂപ്പ് ശബരിമല സന്നിധാനത്ത് 30.3 കിലോ സ്വര്‍ണമാണ് പൊതിഞ്ഞത്. ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ മാത്രമല്ല, ദ്വാരപാലക ശില്പങ്ങളിലും വാതില്‍ പടിയിലും വാതിലിലുമാണ് സ്വര്‍ണം പൊതിഞ്ഞത്. കാലക്രമേണ ഈ പാളികളുടെ തിളക്കം കുറഞ്ഞു പോയി എന്ന കാരണം പറഞ്ഞാണ് കാലാകാലങ്ങളില്‍ ഇവ ഇളക്കിക്കൊണ്ടു പോയതും സ്വര്‍ണം അടിച്ചു മാറ്റിയതും.
സ്വര്‍ണക്കൊള്ള സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ട് എട്ടു മാസമായിട്ടും നഷ്ടപ്പെട്ട സ്വര്‍ണം എത്രയാണെന്നോ, തൊണ്ടിമുതല്‍ കണ്ടെടുക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ കേസന്വേഷണം കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാവുമെന്ന് ഉറപ്പു പറയാനും കഴിയുന്നില്ല.
---------------
Hindusthan Samachar / Sreejith S