Enter your Email Address to subscribe to our newsletters

Alappuzha , 20 മെയ് (H.S.)
നവകേരള യാത്രക്കിടെ ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസിലെ പുനരന്വേഷണം നിഷ്പക്ഷമായിരിക്കുമെന്ന് മർദ്ദനമേറ്റ കെ എസ് യു ജില്ലാ പ്രസിഡൻ്റും നിയുക്ത ആലപ്പുഴ എംഎൽഎയുമായ എഡി തോമസ്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാകുമെന്നും ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും എഡി തോമസ് ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അഭിപ്രായം പറയുന്നവരെയും പ്രതിഷേധിക്കുന്നവരെയും തലതല്ലിപ്പൊട്ടിച്ച് കിടത്താമെന്ന് കരുതുന്നവരുടെ കൈകൾ ഇനി ഉയരാതിരിക്കാനുള്ള ശക്തമായ നടപടി യുഡിഎഫ് സർക്കാർ സ്വീകരിക്കും. വെട്ടിയ മഴു മറന്നാലും വെട്ടറ്റേ മരം അത് മറക്കില്ല. ആക്രമിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർ, കുടപിടിച്ച ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയെല്ലാം ശക്തമായ നടപടി ഉണ്ടാകും. പുനരന്വേഷണത്തെ രാഷ്ട്രീയ പകപോക്കലായി കാണേണ്ടെന്നും, എ ഡി തോമസ് പറഞ്ഞു.
അന്വേഷണം പ്രഖ്യാപിച്ചതിൽ വലിയ സന്തോഷമുണ്ട്. മർദ്ദനമേറ്റത് തങ്ങൾക്ക് ആണെങ്കിലും മുറിവേറ്റത് കേരള ജനതയുടെ ആത്മാഭിമാനത്തിനാണെന്നും എഡി തോമസ് പറഞ്ഞു. ആലപ്പുഴയിൽ നടന്ന നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കും.
എസ്പി റാങ്കിലുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നത്. ഉടൻ തന്നെ എസ്ഐടി റിപ്പോർട്ട് കൈമാറുമെന്നാണ് റിപ്പോർട്ടുകള്. ഡിജിപി സമർപ്പിച്ച ശുപാർശ ആഭ്യന്തര മന്ത്രി പരിശോധിച്ച ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മർദ്ദനവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
2023 ഡിസംബറിലായിരുന്നു ഏറെ വിവാദമായ ഗണ്മാൻമാരുടെ രക്ഷാപ്രവർത്തനം നടന്നത്. നവകേരള സദസിനിടെ ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് കറുത്ത കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ലാത്തി ഉപയോഗിച്ചുള്ള മർദ്ദനത്തിൽ പല പ്രവർത്തകർക്കും സാരമായ പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ മുൻ സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടും വലിയ വിവാദമായിരുന്നു.
പ്രവർത്തകരെ മർദ്ദിച്ചത് അവരെ വാഹനത്തിൽ നിന്നും മാറ്റാനുള്ള 'രക്ഷാപ്രവർത്തനം' ആയിരുന്നു എന്നായിരുന്നു അന്ന് ആഭ്യന്തര വകുപ്പ് കോടതിയിൽ വിശദീകരിച്ചിരുന്നത്. എന്നാൽ ദൃശ്യങ്ങൾ സഹിതം ഇത് മർദ്ദനമാണെന്ന് വ്യക്തമായിട്ടും തുടർ നടപടികൾ എടുക്കാത്തതിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിരുന്നു. പുതിയ പ്രത്യേക അന്വേഷണ സംഘം വരുന്നതോടെ ഗൺമാൻമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകള്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR