Enter your Email Address to subscribe to our newsletters

Kottayam, 20 മെയ് (H.S.)
മന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്താത്തിലുള്ള നേതാക്കളുടെ അതൃപ്തിയിൽ പ്രതികരണവുമായി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. താൻ എന്നും അടിയുറച്ച കോൺഗ്രസുകാരൻ മാത്രമായിരിക്കുമെന്നും പാർട്ടി പറയുന്നതിനപ്പുറത്തേക്ക് പ്രവർത്തിക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപായി ഉമ്മൻ ചാണ്ടിയുടെ കല്ലറയില്ലെത്തി പ്രാർഥിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്ക് ഒരുപാട് കാര്യങ്ങളിൽ സമ്മർദ്ദമുണ്ട്. അതുപോലെ പാർട്ടി നേതാക്കൾക്കും സമ്മർദ്ദമുണ്ട്. അത് എന്താണ് എന്നുള്ളത് അവർക്ക് അറിയാം. അവർ ശരിയായ തീരുമാനമാണ് എടുത്തിരിക്കുന്നത്. ഞങ്ങൾ ഒറ്റ ടീമായി പ്രവർത്തിക്കുന്നവരാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസ്ഥാനം തനിക്ക് ലഭിക്കുമെന്ന് വാർത്തയാക്കി തന്നെ അപമാനിച്ചത് മാധ്യമങ്ങളാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. നിങ്ങൾ എങ്ങനെയാണ് ഈ വാർത്ത കൊടുത്തത് എന്നും അദ്ദേഹം ചോദിച്ചു. എനിക്ക് അഭിനന്ദന പ്രവാഹമായിരുന്നെന്നും തനിക്ക് നന്ദി സ്വീകരിക്കണോ നന്ദി തള്ളി കളയണോ എന്നറിയാത്ത സാഹചര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
താൻ മാധ്യമങ്ങളെ കുറ്റം പറഞ്ഞതല്ലെന്നും തന്നോടുള്ള സ്നേഹം കൊണ്ടാവാം ഇതൊക്കെ ചെയ്തെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ നിങ്ങൾ പ്രചരിപ്പിച്ചത് ജനങ്ങൾക്കുള്ള പ്രതീക്ഷയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാധ്യമപരിലാളന കിട്ടിയ വ്യക്തിയാണോ എന്ന ചോദ്യത്തിന് നിങ്ങൾ മാധ്യമപ്രവര്ത്തകര് തന്നെ അത് ആലോചിച്ചു നോക്കൂ എന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ മറുപടി. മുൻ കാലങ്ങളിൽ താൻ നടത്തിയ പ്രസ്താവനകൾ എങ്ങനെയാണ് വളച്ചൊടിക്കപ്പെട്ടത് എന്ന് എല്ലാവർക്കും അറിയാം.
അഞ്ച് വർഷങ്ങൾക്ക് മുൻപ് മലപ്പുറത്ത് താൻ നടത്തിയ ഒരു പ്രസംഗം ക്രൈസ്തവ സമുദായത്തെ മൊത്തം ആക്രമിക്കുന്നു എന്ന് നിങ്ങൾ വരുത്തി തീർത്തില്ലേ. താൻ ഒരു സമൂഹത്തേയും സമുദായത്തെയും ആക്ഷേപിച്ചിട്ടില്ല. പിന്നെ സോളാർ സമയത്തെ കാര്യം താൻ പറയുന്നില്ലെന്നും പരിലാളന ഒരുപാട് ലഭിച്ച സമയമാണ് സോളാർ സമയമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം മന്ത്രിസ്ഥാനം ഇല്ലാത്തതാണ് കൂടുതൽ നല്ലതെന്നും കാരണം മന്ത്രി സ്ഥാനം ലഭിച്ചാൽ സമയ പരിമിതി മൂലം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്നും നേരത്തെ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, വി ഡി സതീശൻ മന്ത്രിസഭയിലേക്ക് ജനങ്ങൾ ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു മുഖമായിരുന്നു ചാണ്ടി ഉമ്മൻ്റേത്. നേരത്തെ പുറത്ത് വന്ന പേരുകളിലും ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഒടുവിൽ പുറത്ത് വന്ന ലിസ്റ്റിൽ ചാണ്ടി ഉമ്മൻ ഉണ്ടായിരുന്നില്ല.
52907 വോട്ടിൻ്റെ ചരിത്രഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളിക്കാർ ചാണ്ടി ഉമ്മനെ നിയമസഭയിലേക്ക് അയച്ചത്. 2023ല് മൂപ്പത്തിയേഴായിരത്തിലധികം വോട്ടിന് നിയമസഭയിലെത്തിയ ചാണ്ടി വളരെ കുറച്ചു സമയം കൊണ്ടു തന്നെ കേരള രാഷ്ട്രീയത്തില് ശ്രദ്ധേയനായി മാറിയ വ്യക്തിയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR