Enter your Email Address to subscribe to our newsletters

Kasaragod , 20 മെയ് (H.S.)
മന്ത്രി കെഎം ഷാജിക്കെതിരെ അധിക്ഷേപ പരാമര്ശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം. വാട്സാപ് സന്ദേശത്തില് കെഎം ഷാജിയെ വര്ഗീയവാദി എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്താണ് വാട്സ് ആപ്പ് ഗ്രൂപ്പിൽ വിവാദ സന്ദേശം പങ്കുവെച്ചതെന്നാണ് കണ്ടെത്തൽ.
പൊലീസ് ഫ്രണ്ട്സ് എന്ന പേരിലുള്ള കാസർകോട് ജില്ലയിലെ പൊലീസ് ഗ്രൂപ്പിലാണ് ഈ സന്ദേശം പ്രചരിച്ചത്. സംഭവത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം. വിവാദത്തിന് കാരണമായ സന്ദേശത്തിൽ മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജിയെ വർഗീയവാദി എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു പരാമർശങ്ങൾ. ചടങ്ങിൽ പങ്കെടുത്ത പിണറായി വിജയനെ സ്വീകരിച്ച കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കളെ പരാമർശിച്ച ശേഷമാണ് ഷാജിയെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങൾ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യൻ്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിൻ്റെ മുട്ടുവിറക്കും” തുടങ്ങിയ വാചകങ്ങളാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന വ്യക്തിയാണ് ഷാജിയെന്നും പരാമർശത്തിൽ പറയുന്നു.
പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിവാദമാവുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരം രാഷ്ട്രീയവും വ്യക്തിപരവുമായ അധിക്ഷേപപരാമർശങ്ങൾ പങ്കുവെച്ചത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന വിമർശനത്തിന് പിന്നാലെയാണ് നടപടി.
സിപിഒ സുജിത്ത് പങ്കുവെച്ച സന്ദേശത്തിൻ്റെ പൂർണരൂപം
സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ പിണറായി വിജയൻ. ഈ വിഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനെയും നിങ്ങൾക്ക് കാണാം.
എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെഎം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യൻ്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിൻ്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറയ്ക്കാൻ പോകുന്നതേയുള്ളൂ ഇതായിരുന്നു സിപിഒ സുജിത്ത് പങ്കുവെച്ച സന്ദേശത്തിൻ്റെ പൂർണരൂപം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR