മഞ്ഞക്കുറ്റികൾക്കെതിരായ സമരം വിജയത്തിലേക്ക്, ആശ്വാസത്തിൽ ആയിരങ്ങൾ
Thiruvananthapuram , 20 മെയ് (H.S.) സംസ്ഥാനത്ത് നടപ്പാക്കാനിരുന്ന സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ മഞ്ഞക്കുറ്റി പിഴുതെറിഞ്ഞതിനെ തുടർന്ന് കേസുകളിൽ പ്രതികളായ ആയിരക്കണക്കിനുപേരാണ് യുഡിഎഫ് സര്ക്കാരിന്റെ സുപ്രധാന തീരുമാനത്താല് ആശ്വാസത്തിലാകുന്നത്. പദ്ധതിക്ക
K rail


Thiruvananthapuram , 20 മെയ് (H.S.)

സംസ്ഥാനത്ത് നടപ്പാക്കാനിരുന്ന സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ മഞ്ഞക്കുറ്റി പിഴുതെറിഞ്ഞതിനെ തുടർന്ന് കേസുകളിൽ പ്രതികളായ ആയിരക്കണക്കിനുപേരാണ് യുഡിഎഫ് സര്ക്കാരിന്റെ സുപ്രധാന തീരുമാനത്താല് ആശ്വാസത്തിലാകുന്നത്. പദ്ധതിക്കൊപ്പം കേസുകളും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് വിവിധ ജില്ലകളിലുള്ളവർ കേസുകളിൽ നിന്നും മുക്തരാകുന്നത്.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ സാധാരണ കുടുംബങ്ങളിലെ അംഗങ്ങളും പ്രതികളായിരുന്ന ആയിരത്തിലധികം കേസുകളാണ് 12 ജില്ലകളിലായി രജിസ്റ്റർ ചെയ്തിരുന്നത്. സ്വകാര്യ കൺസൾട്ടൻസിക്ക് നൽകിയതും കല്ലിടാൻ ചെലവാക്കിയതും ഉൾപ്പെടെ 35 കോടിയോളം രൂപയാണ് ഇതിനകം ഇടതു സർക്കാർ ചെലവാക്കിയത്. മഞ്ഞക്കുറ്റി വീണ ഭൂമി ക്രയവിക്രയം ചെയ്യാനാകാതെ വലഞ്ഞിരുന്ന നിരവധി പേർക്കും സർക്കാർ തീരുമാനത്തോടെ ആശ്വാസമാകുകയാണ്.

അതിവേഗ പാതയ്ക്കു വേണ്ടി നേരിട്ട കുടിയൊഴിപ്പിക്കൽ ഭീഷണി

സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച മഞ്ഞക്കുറ്റി കല്ലിടൽ തടയുകയും പിഴുതെറിയുകയും ചെയ്തവർക്കെതിരെ, പൊതുമുതൽ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാക്കുറ്റമടക്കമാണ് കേസുകൾ ചുമത്തിയിരുന്നത്. കേസുകൾ പിൻവലിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇടതു സർക്കാർ അതിന് വഴങ്ങിയിരുന്നില്ല.

12 ജില്ലകളിലായി ആയിരത്തിലേറെ കേസുകളാണ് സമരക്കാർക്കെതിരെ ചുമത്തിയത്. ജോലിക്കായി വിദേശത്തേക്ക് പോയ ചിലരുടെ കേസുകൾ പിഴയടച്ച് തീർപ്പാക്കി. നിരവധി പേർക്ക് ഇപ്പോഴും സമൻസ് നിലനിൽക്കുന്നുണ്ട്. പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലാവുന്നവർ നശിപ്പിക്കപ്പെട്ട പൊതുമുതലിൻ്റെ മൂല്യത്തിന് തുല്യമായ തുക ജാമ്യത്തിനായി കെട്ടിവയ്ക്കേണ്ടി വരും.

കല്ലൊന്നിന് 5000 രൂപ വരെയാണ് ഈടാക്കാൻ തീരുമാനിച്ചിരുന്നത്. ആറുമാസത്തിന് മുൻപ് അങ്കമാലിയിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ച അഞ്ചുപേർക്ക് 25,000 രൂപ കെട്ടിവച്ചശേഷമാണ് ജാമ്യം അനുവദിച്ചത്. 10,000 രൂപ വരെ പിഴയടയ്ക്കാൻ നിരവധി പേർക്ക് നോട്ടീസും ലഭിച്ചിട്ടുണ്ട്.

ഫലം കണ്ട അതിതീവ്രസമരം

സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിനായി വിവിധ ജില്ലകളിൽ 6744 മഞ്ഞക്കുറ്റികളാണ് സർക്കാർ സ്ഥാപിച്ചത്. 1.33 കോടി രൂപയാണ് ഇതനു മാത്രമായി ചെലവായത്. ഈ മഞ്ഞക്കുറ്റികൾ കാരണം നിരവധി പ്രശ്നങ്ങളാണ് ഭൂമിയുടമകൾ നേരിട്ടത്. സ്വന്തം വീട്ടിൽ നിന്നും ഒഴിയേണ്ടി വരുമെന്ന ഭീഷണിക്കു പുറമേ സ്ഥലം വിൽക്കാൻ കഴിയില്ലെന്ന വ്യാപക പ്രചാരണവും ഇതുമൂലമുണ്ടായി.

രാഷ്ട്രീയ കക്ഷിഭേദമന്യേ സാധാരണ കുടുംബങ്ങൾ പങ്കെടുത്ത സമര പരമ്പര രാജ്യശ്രദ്ധയാകർഷിച്ചിരുന്നു. ഏഴുവർഷേത്താളമായി തുടരുന്ന ഈ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട ജനകീയ സമരസമിതി വിഡി സതീശന് നിവേദനം നൽകിയിരുന്നു. ഭരണത്തിലെത്തിയാൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് വിഡി സതീശൻ സമരസമിതി നേതാക്കൾക്ക് ഉറപ്പു നൽകിയിരുന്നു.

പുകഴ്ത്തിപ്പറഞ്ഞ കെ- റെയിൽ പദ്ധതി

കേന്ദ്രസർക്കാരുമായി സഹകരിച്ച് 529.45 കിലോമീറ്റർ ദൂരത്തിൽ നാലുമണിക്കൂറിൽ താഴെ ദൈർഘ്യത്തിൽ യാത്ര ചെയ്യാവുന്ന അർധ- അതിവേഗ പാതയാണ് സിൽവർ ലൈനിലൂടെ സംസ്ഥാന സർക്കാർ പദ്ധതിയിട്ടത്. തിരുവനന്തപുരത്തേയും കാസർകോടിനേയും ബന്ധിപ്പിച്ച് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകളായിരുന്നു പരിഗണനയിൽ.

തിരുവനന്തപുരത്തു നിന്നും ആരംഭിച്ചാൽ കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാവുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ വേണ്ടി കേന്ദ്ര റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു (കെ- റെയിൽ) പദ്ധതി നിർവഹണ ചുമതല.

കെ - റെയിലിൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് തന്നെ ഡിപിആർ തയ്യാറാക്കൽ ഉൾപ്പെടെ നടപടികളുമായി മുന്നോട്ടു പോയിരുന്നു. 63,000 കോടി ചെലവിൽ പദ്ധതി പൂർത്തിയാക്കാമെന്നായിരുന്നു സർക്കാർ വാദം. ചെലവിൻ്റെ 80 ശതമാനം ജപ്പാൻ ഇൻ്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയിൽ നിന്ന് വായ്പയായും ബാക്കി തുക കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിഹിതമായും പദ്ധതിയിലേക്കെത്തുമെന്നായിരുന്നു ധാരണ. ആദ്യ പിണറായി സർക്കാരിൻ്റെ കാലത്ത് തന്നെ കേന്ദ്രസർക്കാരിന് ഡിപിആർ സമർപ്പിക്കപ്പെട്ടു. രണ്ടാം പിണറായി സർക്കാരാണ് സിൽവർലൈനിനു വേണ്ടി അതിശക്തമായി രംഗത്തിറങ്ങിയത്.

പിഴുതെറിയപ്പെട്ട മഞ്ഞക്കുറ്റികൾ

ഡിപിആറിലെ വിവരങ്ങൾ അപൂർണ്ണമാണെന്നും പദ്ധതി കേരളത്തിലെ സാഹചര്യത്തിന് യോജിച്ചതല്ലെന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്തി. കേരളത്തെ മതിൽകെട്ടി വിഭജിക്കുമെന്നും 20,000ത്തിലധികം കുടുംബങ്ങൾ വഴിയാധാരമാവുമെന്നും ആരോപണമുയർന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആശങ്കകളും ഉയർന്നു. പദ്ധതി സംസ്ഥാനത്തിൻ്റെ കടബാധ്യത വർധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകി.

യാത്രാനിരക്ക് സാധാരണക്കാർക്ക് പ്രാപ്യമാവുന്നതാണോ എന്ന സംശയവും ഉയർന്നു. ഇതിനൊപ്പം തന്നെ സംസ്ഥാനത്ത് സമരപരമ്പരകളുണ്ടായി. കോഴിക്കോട്ട് കാട്ടിലപ്പീടികയിലും കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സമരങ്ങളും കേരളമാകെ ചർച്ചയായി. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ പലതവണ ആവർത്തിച്ചു പറഞ്ഞു. കെ- റെയിൽ വന്നാൽ പാലക്കാട്ടെ കൂറ്റനാടുനിന്ന് കുടുംബശ്രീ പ്രവർത്തകർക്ക് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിന് മുമ്പ് തിരികെയെത്താൻ കഴിയുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പരാമർശം വലിയ രാഷ്ട്രീയ പരിഹാസമായി.

സ്വകാര്യസ്ഥലങ്ങളിൽ കല്ലുകൾ സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ജനരോഷമുയർന്നു. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പൊലീസ് നടപടിക്കെതിരേ വൈകാരിക പ്രതികരണങ്ങളുണ്ടായി. സമരക്കാർക്ക് പിന്തുണയുമായി അന്നത്തെ പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും രംഗത്തെത്തി. പലയിടത്തും ജനം മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞു. ശക്തമായ ജനരോഷത്തെത്തുടർന്ന് മഞ്ഞക്കുറ്റികൾ സ്ഥാപിക്കുന്നത് സർക്കാർ നിർത്തിവച്ചു.

ഡിപിആറിലെ സാങ്കേതിക വിവരങ്ങൾ വ്യക്തമല്ലെന്ന് കാണിച്ച് കേന്ദ്രസർക്കാർ അനുമതി നൽകുന്നത് നീട്ടിവെച്ചതാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കങ്ങൾക്ക് തിരിച്ചടിയായത്. സിൽവർലൈനിൽ കേന്ദ്രത്തിൻ്റെ നിലപാടുകൾ പലതവണ മാറിമറിഞ്ഞു. ചിലപ്പോൾ അനുകൂലമായി പ്രതികരിച്ച കേന്ദ്രം പിന്നീട് പിൻമാറി. സിൽവർലൈനിന് കേന്ദ്രസർക്കാർ അനുമതി ലഭിക്കില്ലെന്ന് കണ്ടതോടെ കഴിഞ്ഞ ഇടത് സർക്കാർ പദ്ധതിയിൽ നിന്നും പതിയെ പിന്തിരിയുകയായിരുന്നു.

ഇനിയെന്ത് ?...

സിൽവർലൈൻ പദ്ധതി പിൻവലിക്കാനുള്ള പുതിയ യുഡിഎഫ് സർക്കാരിൻ്റെ തീരുമാനത്തെ സമരസമിതികൾ സ്വാഗതം ചെയ്യുകയാണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ്റെ പ്രഖ്യാപനം. സിൽവർലൈനുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സിൽവർലൈൻ നടപ്പാക്കില്ലെന്നാണ് യുഡിഎഫ് നിലപാട്. പകരം മറ്റെന്തെങ്കിലും പദ്ധതികൾ യുഡിഎഫ് സർക്കാർ കൊണ്ടുവരുമോയെന്നാണ് ഇനി സമരസമിതി ഉറ്റുനോക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News