കാലവർഷം: എല്ലാ തദ്ദേശസ്ഥാപനങ്ങളും കൺട്രോൾ റൂമുകൾ തുറക്കണമെന്ന് ജില്ലാ കളക്ടർ
Kochi , 20 മെയ് (H.S.) കാലവർഷം ശക്തമാകുന്നതിന് മുന്നോടിയായി എറണാകുളം ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കണമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു. മഴക്കാല മുന്നൊരുക്കങ്ങൾ വിലയി
Yellow alert in 5 Kerala dts


Kochi , 20 മെയ് (H.S.)

കാലവർഷം ശക്തമാകുന്നതിന് മുന്നോടിയായി എറണാകുളം ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കണമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു. മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ല. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനും, ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും വാടകയ്ക്ക് എടുക്കുന്നതിനും ഉടൻ നടപടി സ്വീകരിക്കണം. തദ്ദേശസ്ഥാപനങ്ങളിലെ ട്രീ കമ്മിറ്റികൾ അടിയന്തരമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലും സൈക്ലോൺ സെന്ററുകളിലും വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പരിശോധന നടത്തണം. ക്യാമ്പുകളായി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളിൽ ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കണ്ടെത്തുന്ന പക്ഷം, കൃത്യമായ പ്രൊപ്പോസലുകൾ നൽകി ദുരിതാശ്വാസ ഫണ്ടിൽനിന്ന് തുക കൈപ്പറ്റണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ക്യാമ്പുകളിലേക്ക് ആവശ്യമായ അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിനായി മുൻകൂട്ടി റേറ്റ് കോൺട്രാക്റ്റുകൾ ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു.

ഗർഭിണികൾ, കുട്ടികൾ, കിടപ്പുരോഗികൾ തുടങ്ങിയ ഭിന്നശേഷിക്കാരായ ദുർബല വിഭാഗങ്ങളുടെ കൃത്യമായ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ശേഖരിക്കണം. അതോടൊപ്പം ഓരോ പ്രദേശത്തെയും ലഭ്യമായ ആംബുലൻസുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുടെ വിശദമായ വിവരങ്ങൾ, ട്രീ കമ്മറ്റികൾ ചേർന്നതിന്റെ വിവരങ്ങൾ, കൺട്രോൾ റൂം നമ്പറുകൾ എന്നിവ അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും താലൂക്ക് ഓഫീസുകൾക്കും മെയ് 25-നകം ഗൂഗിൾ ഷീറ്റ് വഴി കൈമാറണമെന്നും യോഗം നിർദ്ദേശിച്ചു.

*ഓറഞ്ച് ബുക്ക് മാർഗരേഖ*

കാലവർഷ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ 'ഓറഞ്ച് ബുക്ക്' മാർഗരേഖ യോഗത്തിൽ അവതരിപ്പിച്ചു. പ്രകൃതിക്ഷോഭങ്ങളും അടിയന്തര സാഹചര്യങ്ങളും ഉണ്ടായാൽ തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും, ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കേണ്ട രീതികളെക്കുറിച്ചുമാണ് മാർഗരേഖയിൽ വ്യക്തമാക്കുന്നത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ദുരന്തനിവാരണം വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി ശ്രീകുമാർ, ശുചിത്വ മിഷൻ ജില്ലാ കോഓഡിനേറ്റർ ശീതൾ ജി. മോഹൻ, ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News