വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസില് അന്വേഷണ സംഘത്തെ വിമർശിച്ച് ഹൈക്കോടതി
Ernakulam , 20 മെയ് (H.S.) വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ് അന്വേഷണം പൂർത്തിയാക്കാത്തതിൽ വിമർശനവുമായി ഹൈക്കോടതി. അന്വേഷണം പൂർത്തിയാക്കാൻ, പ്രത്യേക അന്വേഷണ സംഘം വീണ്ടും സമയം നീട്ടി ചോദിച്ചതിനെ തുടർന്നാണ് കോടതിയുടെ ഭാഗത്തു നിന്നും വിമ
Vellapalli nadeshan


Ernakulam , 20 മെയ് (H.S.)

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ് അന്വേഷണം പൂർത്തിയാക്കാത്തതിൽ വിമർശനവുമായി ഹൈക്കോടതി. അന്വേഷണം പൂർത്തിയാക്കാൻ, പ്രത്യേക അന്വേഷണ സംഘം വീണ്ടും സമയം നീട്ടി ചോദിച്ചതിനെ തുടർന്നാണ് കോടതിയുടെ ഭാഗത്തു നിന്നും വിമർശനമുണ്ടായത്. അതേസമയം, അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി കോടതി സമയം അനുവദിച്ചു. ജൂൺ 20 ന് അന്വേഷണം പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ കർശന നിർദേശം.

ശശിധരൻ ഐപിഎസ് ആണ് അന്വേഷണ സംഘത്തലവൻ. ഇദ്ദേഹത്തെ രണ്ട് കേസുകൾ ഏൽപ്പിച്ചിട്ടുണ്ടെന്നും രണ്ടിലും ഒന്നും നടക്കാൻ പോകുന്നില്ലെന്നും, ശബരിമല സ്വർണക്കവർച്ച, മൈക്രോഫിനാൻസ് കേസുകൾ ചൂണ്ടിക്കാട്ടി കോടതി വാക്കാൽ വിമർശിച്ചു. എന്തുകൊണ്ടാണ് അന്വേഷണം പൂർത്തിയാകാത്തതെന്ന് കോടതി പറയുന്നില്ല, എന്താണ് നടക്കുന്നത് എന്ന് നാട്ടുകാർക്ക് അറിയാം. ഇങ്ങനെ കാലതാമസമുണ്ടാക്കരുതെന്നും, ഗൗരവത്തിൽ എടുത്ത് ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും സിംഗിൾ ബഞ്ച് കർശന നിർദേശം നൽകി.

സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ് അന്വേഷണം മൂന്നുമാസത്തിനകം പൂർത്തിയാക്കാൻ, 2025 ജൂലൈയിൽ സിംഗിൾ ബഞ്ച് കർശന നിർദേശം നൽകിയിരുന്നതാണ്. റിപ്പോർട്ടുകൾ പരിശോധിച്ചു വ്യക്തത വരുത്തുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണം പൂർത്തിയായില്ല. ഏറ്റവും ഒടുവിൽ ഇന്ന് റിപ്പോർട്ട് നൽകാനായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ ഇന്നും സമയം നീട്ടി ചോദിച്ചതോടെയാണ് കോടതി കടുത്ത അതൃപ്തി പ്രകടിപ്പിപ്പ് വിമർശനം നടത്തിയത്. 2003 മുതൽ 2014 വരെയുള്ള കാലയളവിൽ പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി ശാഖകൾ വഴി വിതരണം ചെയ്യാനായി എടുത്ത വായ്പ്പകളിലാണ് തട്ടിപ്പ് ആരോപണം.

എന്താണ് വെള്ളാപ്പള്ളി നടേശനേതിരേയുള്ള കേസ് ?

2016ല് മുന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനടക്കം പ്രതിചേര്ത്ത് വിജിലന്സ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ കേസ് രജിസ്റ്റര് ചെയ്തത്. പിന്നാക്ക വികസന കോര്പ്പറേഷന് മുന് എംഡിമാരായ നജീബ്, ദിലീപ് കുമാര്, മുന് മൈക്രോ ഫിനാന്സ് ചീഫ് കോര്ഡിനേറ്റര് കെകെ മഹേശന്, എസ്എന്ഡിപി യൂണിയന് നേതാവ് ഡോ എംഎന്. സോമന് എന്നിവരാണ് മറ്റ് പ്രതികള്.

മൈക്രോ ഫിനാന്സ് പദ്ധതിയുമായി ബന്ധപ്പെട്ട് 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പരാതിയിലെ ആരോപണം. വെള്ളാപ്പള്ളി നടേശനെതിരെയുള്ള മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ 80.3 ലക്ഷം രൂപയുടെ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തുകയും ചെയ്തിരുന്നു. വ്യാജ രേഖകളും തിരിച്ചറിയൽ രേഖകളും നിർമ്മിച്ചാണ് ക്രമക്കേടുകൾ നടത്തിയതെന്ന് അന്വേഷണത്തിൽ വിജിലൻസ് കോടതിയെ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News