ക്ഷീരകർഷകർക്ക് മഴക്കാല ജാഗ്രതാനിർദേശവുമായി മൃഗസംരക്ഷണ വകുപ്പ്; കൺട്രോൾ റൂം തുറന്നു
Kochi , 20 മെയ് (H.S.) കാലവർഷം എത്തുന്നതോടെ കന്നുകാലികളിലും മറ്റ് വളർത്തുമൃഗങ്ങളിലും രോഗസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ ക്ഷീരകർഷകർ അതീവ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദേശിച്ചു. തണുപ്പും ഈർപ്പവുമുള്ള അന്തരീക്ഷം രോഗാണുക്കളും പരാദങ്ങള
ക്ഷീര കർഷകർ


Kochi , 20 മെയ് (H.S.)

കാലവർഷം എത്തുന്നതോടെ കന്നുകാലികളിലും മറ്റ് വളർത്തുമൃഗങ്ങളിലും രോഗസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ ക്ഷീരകർഷകർ അതീവ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദേശിച്ചു.

തണുപ്പും ഈർപ്പവുമുള്ള അന്തരീക്ഷം രോഗാണുക്കളും പരാദങ്ങളും പെരുകാൻ കാരണമാകുമെന്നതിനാൽ ശാസ്ത്രീയമായ പരിപാലനത്തിലൂടെയും മുൻകരുതലുകളിലൂടെയും മാത്രമേ മികച്ച ഉത്പാദനവും വരുമാനവും ഉറപ്പാക്കാൻ സാധിക്കൂ എന്ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷെർലി ടി.ആർ. അറിയിച്ചു.

കർഷകരെ സഹായിക്കാനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്.

തൊഴുത്തിലെ ശുചിത്വവും സുരക്ഷിതത്വവും

ഇടിമിന്നൽ പ്രതിരോധം:

കനത്ത മഴയും ഇടിമിന്നലുമുള്ളപ്പോൾ മൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുത്. തൊഴുത്തിൽ റബർമാറ്റും എർത്തിങ്ങും സ്ഥാപിക്കുന്നത് ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത കുറയ്ക്കും.

അപകടങ്ങൾ ഒഴിവാക്കുക:

തൊഴുത്തിലെ ഇലക്ട്രിക് വയറിങ്ങുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. മേൽക്കൂരയ്ക്ക് മുകളിലേക്ക് നിൽക്കുന്ന അപകടകരമായ മരച്ചില്ലകൾ മഴയ്ക്ക് മുൻപ് തന്നെ മുറിച്ചു മാറ്റണം.

തറ വൃത്തിയാക്കൽ:

തൊഴുത്തിലെ ചാണകവും മൂത്രവും കെട്ടിക്കിടക്കാതെ വെള്ളം സുഗമമായി ഒഴുക്കിവിടാൻ പാകത്തിന് തറനിരപ്പ് ശരിയാക്കണം. കുഴികളും വിള്ളലുകളും സിമന്റിട്ട് അടയ്ക്കണം.

അണുനശീകരണം:

ദിവസവും ജൈവമാലിന്യങ്ങൾ നീക്കി അണുനാശിനി ഉപയോഗിച്ച് തീറ്റത്തൊട്ടിയും തൊഴുത്തും കഴുകണം. 10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും 3 ടീസ്പൂൺ അലക്കുകാരവും ചേർത്തോ, പൊട്ടാസ്യം പെർമാംഗനേറ്റ് (1:10000) ലായനി ഉപയോഗിച്ചോ, 4 ലിറ്റർ വെള്ളത്തിൽ അരക്കിലോ കുമ്മായം ചേർത്തോ തറ വൃത്തിയാക്കാവുന്നതാണ്.

പ്രധാന മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

1. അകിടുവീക്കം

മഴക്കാലത്ത് പശുക്കളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗമാണിത്. കറവക്കാരനും കറവയന്ത്രങ്ങളും പൂർണ്ണ ശുചിത്വം പാലിക്കണം. കറവയ്ക്ക് മുൻപ് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി കൊണ്ട് അകിട് കഴുകി ടവ്വൽ ഉപയോഗിച്ച് ഒപ്പണം. കറവയ്ക്ക് ശേഷം മുലക്കണ്ണുകൾ അടയാൻ 20 മിനിറ്റ് സമയമെടുക്കുമെന്നതിനാൽ പശുക്കൾ ഉടൻ നിലത്തു കിടക്കാതിരിക്കാൻ കറവ കഴിഞ്ഞയുടൻ അല്പം തീറ്റ നൽകാം. കറവയ്ക്ക് ശേഷം 20 സെക്കൻഡ് നേരം മുലക്കാമ്പുകൾ പൊവിഡോൺ അയോഡിൻ ലായനിയിൽ മുക്കി 'ടീറ്റ് ഡിപ്പിങ്' നടത്തണം. പ്രസവത്തിന് രണ്ടു മാസം മുൻപ് കറവ നിർത്തി 'വറ്റുകാല ചികിത്സ' (Dry cow therapy) ഉറപ്പാക്കുന്നത് അകിടുവീക്കം തടയും.

2. കുളമ്പുചീയൽ

ചെളി നിറഞ്ഞ തറയിൽ കിടക്കുന്ന പശുക്കളുടെ കുളമ്പുകളിൽ അണുബാധയുണ്ടാകാൻ സാധ്യതയേറെയാണ്. നടക്കാൻ മടി, കുളമ്പിൽ നിന്ന് രക്തസ്രാവം, ദുർഗന്ധം എന്നിവയാണ് ലക്ഷണങ്ങൾ. കുളമ്പിലെ മുറിവുകൾ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ കഴുകി ആന്റിബയോട്ടിക് മരുന്നുകൾ പുരട്ടണം. ആഴ്ചയിൽ രണ്ടു തവണ കന്നുകാലികളെ 5% തുരിശു ലായനിയിലോ 2% ഫോർമലിൻ ലായനിയിലോ 20 മിനിറ്റ് നേരം മുക്കി നിർത്തുന്നത് (ഫൂട്ട് ഡിപ്പ്) കുളമ്പുചീയൽ തടയും.

3. മുടന്തൻ പനിയും പരാദ നിയന്ത്രണവും

കൊതുകുകളും കടിയീച്ചകളും പടർത്തുന്ന വൈറസ് രോഗമാണ് മുടന്തൻ പനി. ഇവയെ അകറ്റാൻ പശുക്കളുടെ ശരീരത്തിൽ പൂവ്വത്തെണ്ണയോ, കർപ്പൂരം ചേർത്ത വേപ്പെണ്ണയോ പുരട്ടാം. രാത്രികളിൽ തൊഴുത്തിൽ കർപ്പൂരം, കുന്തിരിക്കം, ശീമക്കൊന്ന എന്നിവയിലേതെങ്കിലും ഉപയോഗിച്ച് പുകയ്ക്കുന്നത് നല്ലതാണ്. ആഴ്ചയിൽ രണ്ടുതവണ വളക്കുഴിയിൽ കുമ്മായവും ബ്ലീച്ചിങ് പൗഡറും ചേർത്ത മിശ്രിതം (1 കിലോ കുമ്മായത്തിന് 250 ഗ്രാം ബ്ലീച്ചിങ് പൗഡർ) വിതറണം. ജലസംഭരണികളിൽ കൊതുക് വളരുന്നത് തടയാൻ ബ്ലീച്ചിങ് പൗഡർ കലക്കിയ തെളിവെള്ളം ഒഴിക്കണം.

പ്രതിരോധ കുത്തിവെപ്പുകൾ:

കുരലടപ്പൻ, കുളമ്പുരോഗം തുടങ്ങിയ മാരക രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകൾ മഴയ്ക്ക് മുൻപ് തന്നെ പൂർത്തിയാക്കണം. തീറ്റമടുപ്പ്, പനി, വയറിളക്കം, പാൽ ഉത്പാദനക്കുറവ്, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി മൃഗഡോക്ടറുടെ സഹായം തേടണം. വിരമരുന്നുകളും കൃത്യസമയത്ത് നൽകണം.

തീറ്റക്രമീകരണത്തിൽ പുലർത്തേണ്ട ജാഗ്രത

ഇളംപുല്ല് നിയന്ത്രിക്കുക:

മഴയത്ത് തളിർക്കുന്ന ഇളംപുല്ല് അമിതമായി നൽകിയാൽ വയറുപെരുപ്പം, വയറിളക്കം, പാലിൽ കൊഴുപ്പ് കുറയൽ എന്നിവയുണ്ടാകും. ഇളംപുല്ല് 1-2 മണിക്കൂർ വെയിലത്ത് വാട്ടിയ ശേഷമോ വൈക്കോലിനൊപ്പം ചേർത്തോ മാത്രം നൽകുക.

അഫ്ലാടോക്സിൻ വിഷബാധ:

ഈർപ്പമുള്ള സാഹചര്യത്തിൽ തീറ്റകളിൽ കുമിൾ (പൂപ്പൽ) ബാധയുണ്ടാകാൻ സാധ്യതയുണ്ട്. ഇത് 'അഫ്ലാടോക്സിക്കോസിസ്' എന്ന മാരക വിഷബാധയ്ക്ക് കാരണമാകും. കടലപ്പിണ്ണാക്ക്, പരുത്തിക്കുരു പിണ്ണാക്ക് എന്നിവയിലാണ് ഈ സാധ്യത കൂടുതൽ. തീറ്റ സാധനങ്ങൾ ഒരാഴ്ചയിലധികം മുൻകൂട്ടി വാങ്ങി സൂക്ഷിക്കുന്നത് ഒഴിവാക്കണം.

തീറ്റ സൂക്ഷിക്കേണ്ട വിധം:

തീറ്റച്ചാക്കുകൾ തറയിൽ നിന്ന് ഒരടി ഉയർന്ന പലകകളിലും ചുമരിൽ നിന്ന് ഒന്നരയടി മാറ്റിയും സൂക്ഷിക്കണം. നനഞ്ഞ കൈകൊണ്ടോ പാത്രങ്ങൾ കൊണ്ടോ തീറ്റ കോരരുത്.

എലിപ്പനി പ്രതിരോധം:

തൊഴുത്തിലും തീറ്റമുറിയിലും എലി, പെരുച്ചാഴി എന്നിവയെ നിയന്ത്രിക്കണം. എലിപ്പനി കന്നുകാലികൾക്കും മാരകമാണ്.

പശുക്കളുടെ ശാരീരിക സമ്മർദ്ദം കുറയ്ക്കാൻ തീറ്റയിൽ നിത്യവും ധാതുലവണ മിശ്രിതങ്ങൾ, കരൾ ഉത്തേജന മരുന്നുകൾ, പ്രോബയോട്ടിക്കുകൾ എന്നിവ ഉൾപ്പെടുത്തണം.

കിടാക്കളുടെ പരിചരണം

മഴക്കാലത്ത് മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കിടാങ്ങളിൽ ന്യൂമോണിയ, രക്താതിസാരം (കോക്സീഡിയ രോഗം) എന്നിവ മൂലം മരണനിരക്ക് കൂടാൻ സാധ്യതയുണ്ട്. അതിനാൽ കിടാക്കൂടുകളിൽ വൈക്കോൽ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കുകയും മതിയായ വായുസഞ്ചാരം ഉറപ്പാക്കുകയും വേണം.

അടിയന്തിര സഹായത്തിന് കൺട്രോൾ റൂം:

മഴക്കെടുതി മൂലമോ അല്ലാതെയോ കന്നുകാലികൾക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ തൊട്ടടുത്ത മൃഗാശുപത്രിയിലോ അല്ലെങ്കിൽ ജില്ലാ വെറ്റിറിനറി കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമിലോ ബന്ധപ്പെടാം.

ഫോൺ നമ്പർ: 0484-2351264

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News