Enter your Email Address to subscribe to our newsletters

Kasaragod , 20 മെയ് (H.S.)
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വീണ്ടും പരോൾ. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ അഞ്ച് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. പ്രതികൾക്ക് വീട്ടിൽ പോകാനും അനുമതി നൽകിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരോളെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
പ്രതികൾക്ക് നിരന്തരമായി പരോൾ ലഭിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഇതേ സംബന്ധിച്ച് ആഭ്യന്തര വകുപ്പിനെ പരാതി അറിയിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട ശരത് ലാലിൻ്റെ പിതാവ് പറഞ്ഞു. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് പരോൾ നൽകിയത്. തെരഞ്ഞെടുപ്പിന് മുമ്പ് പരോളിനായുള്ള നടപടികൾ നീക്കി. തുടർന്ന് ജയിൽ സൂപ്രണ്ട് കോടതിയിൽ അനുകൂലമായ റിപ്പോർട്ട് നൽകി. പ്രതികളെ വീടുകളിൽ പോകാൻ അനുവദിച്ചത് ക്രമസമാധാന നില തകർക്കുമെന്നും ഇതിൽ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും, ശരത് ലാലിൻ്റെ പിതാവ് സത്യനാരായണൻ പറഞ്ഞു.
ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര എന്നിവർക്കാണ് പരോൾ അനുവദിച്ചത്. നേരത്തെ പരോളിൽ ഇവർക്ക് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് 15 പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. പരോൾ ലഭിച്ചവരെല്ലാം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കാസർകോട് എത്തി. പ്രതികളുടെ പരോളിനെ തുടർന്ന് പെരിയയിൽ പൊലീസ് കനത്ത കാവൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
അരുംകൊല നടന്നത് 2019ൽ
2019 ഫെബ്രുവരി 17 നാണ് കാസർകോട് ജില്ലയിലെ കല്ലോട് പെരിയയിൽ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കില് സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ കല്യോട്ടെ ശരത്ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില് തടഞ്ഞുനിര്ത്തി മാരകമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ശരത്ത് ലാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
തുടക്കത്തില് പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്ദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുത്തു. കേസിൽ സിപിഎം പ്രവർത്തകരും അനുഭാവികളുമായ 10 പ്രതികൾക്കു ജീവപര്യന്തം തടവുശിക്ഷയും 2 ലക്ഷം രൂപ വീതം പിഴയും സിബിഐ പ്രത്യേക കോടതി വിധിച്ചു. സി പി എം പെരിയ ലോക്കല് സെക്രട്ടറിയായിരുന്ന ഒന്നാം പ്രതി എ പീതാംബരനടക്കമുള്ളവരായിരുന്നു പ്രതികൾ.
കൊലപാതക കുറ്റം ചുമത്തപ്പെട്ട പ്രതികൾക്ക് ഇരട്ടജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചത്. സിപിഎം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ എന്നിവർ ഉൾപ്പെടെ നാലു പ്രതികൾക്ക് അഞ്ചുകൊല്ലം തടവ് ശിക്ഷയും വിധിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR