Enter your Email Address to subscribe to our newsletters

Kasaragod , 20 മെയ് (H.S.)
സംസ്ഥാന സെക്രട്ടറിക്ക് അണികൾ ക്ലാസെടുക്കേണ്ട അവസ്ഥയായെന്നും
സർക്കാരിൻ്റെ നേട്ടങ്ങൾ നേതാക്കളുടെ ധാർഷ്ഠ്യം കൊണ്ട് ചർച്ചയായില്ലെന്നും തുറന്നടിച്ച് സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ. സെക്രട്ടറിയേറ്റ് യോഗത്തിലെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് നേതൃത്വത്തിന് നേരെ ജില്ലാ കമ്മിറ്റി യോഗത്തിലും വിമർശനം ഉയർന്നത്.
ജനങ്ങളോടുള്ള നേതാക്കളുടെ സമീപനത്തിൽ മാറ്റം ഉണ്ടാവണം. പിണറായി വിജയൻ്റെ 'വീട്ടിൽ പോയി ചോദിച്ചാൽ മതി' ഉൾപ്പടെയുള്ള പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. സർക്കാരും പാർട്ടിയും രണ്ട് ധ്രുവങ്ങളിലായി പ്രവർത്തിച്ചു. പികെ ശ്രീമതി വായിൽ തോന്നിയത് വിളിച്ചുപറയുകയാണ്.
മാധ്യമങ്ങളിലൂടെ പാർട്ടിയെ വീണ്ടും തരംതാഴ്ത്തുന്നതാണ് ശ്രീമതിയുടെ പ്രതികരണമെന്നും വിമർശനം.
തൃക്കരിപ്പൂരിലെ പരാജയം യുഡിഎഫ് തരംഗം മാത്രമല്ല. പാർട്ടി വോട്ടുകൾ ചോർന്നതിൽ പ്രാദേശികമായി പരിശോധിക്കേണ്ട വിഷയങ്ങളുമുണ്ട്. 10 വർഷം എംഎൽഎ ആയിരുന്ന ജില്ലാ സെക്രട്ടറി പ്രചാരണ ഘട്ടത്തിൽ തിരിഞ്ഞുനോക്കിയില്ലെന്നും വിമർശനം ഉയർന്നു.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ അതിരൂക്ഷ വിമർശം ഉയർന്നു വന്നിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പാർട്ടി നേതൃത്വത്തിൻ്റെ പല തീരുമാനങ്ങളെയും സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ചിലർ രൂക്ഷമായി വിമർശിച്ചിരുന്നു.
സ്ഥാനാർഥി നിർണയത്തിലെ അപാകം മുതൽ പാർട്ടി ഗ്രാമങ്ങളിലെ വോട്ടുചോർച്ച വരെ സംസാര വിഷയമായപ്പോഴൊക്കെ പ്രതിക്കൂട്ടിലാക്കിയത് സംസ്ഥാന നേതൃത്വത്തെയാണ്. തളിപ്പറമ്പിൽ എംവി ഗോവിന്ദൻ്റെ ഭാര്യ പികെ ശ്യാമള തളിപ്പറമ്പിൽ സ്ഥാനാർഥിയായതും പയ്യന്നൂരിലെ വിഷയവും കാസർകോട് ജില്ലയേയും ബാധിച്ചുവെന്ന് ജില്ല സെക്രട്ടറിയേറ്റംഗങ്ങളിൽ ചിലർ പറഞ്ഞു. എംവി ഗോവിന്ദൻ്റെ പല പത്രസമ്മേളനങ്ങളും നെഗറ്റീവ് ഫലം ഉണ്ടാക്കിയെന്ന വിമർശമാണ് അംഗങ്ങൾ ഉന്നയിച്ചത്.
തൃക്കരിപ്പൂരിലും ഉദുമയിലുമുണ്ടായ തോൽവി ജില്ലയിലെ സിപിഎമ്മിനുണ്ടാക്കിയ ആഘാതം ചെറുതല്ല. അതിനു ശേഷമുള്ള ആദ്യത്തെ സെക്രട്ടറിയേറ്റ് യോഗമായിരുന്നു തിങ്കളാഴ്ചത്തേത്. കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജനും സെക്രട്ടറിയേറ്റംഗം എംവി ജയരാജനും യോഗത്തിൽ സംബന്ധിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇപി ജയരാജൻ പങ്കെടുത്തില്ല. പാർട്ടി ഗ്രാമങ്ങളിലെ വോട്ട് ചോർച്ചയ്ക്ക് പിന്നിൽ ആരാണ് കളിച്ചതെന്ന ചോദ്യം യോഗത്തിൽ ഉണ്ടായെന്ന വിവരവും പുറത്തു വരുന്നു. തൃക്കരിപ്പൂരിലെയും ഉദുമയിലെയും പാർട്ടി ഗ്രാമങ്ങളിൽ നിന്നും അത്രയധികം വോട്ടുകളാണ് ചോർന്നത്.
എംവി ഗോവിന്ദനെതിരെ അതിരൂക്ഷമായി സംസാരിച്ചവർ, ആദ്യ ദിവസം പിണറായി വിജയനെതിരെ വിമർശമൊന്നും അഴിച്ചുവിട്ടില്ല. മറ്റു പല ജില്ലാ സെക്രട്ടറിയേറ്റിലുമുണ്ടായത് പോലെ പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിനെതിരെ പരാമർശമൊന്നുമുണ്ടായില്ല. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിലുണ്ടായ വീഴ്ചയും ചിലയിടങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയതിൽ വന്ന പാകപ്പിഴയുമെല്ലാമാണ് ഇടതുപക്ഷത്തെ പരാജയത്തിലേക്കെത്തിച്ചതെന്നാണ് ഭൂരിപക്ഷം സെക്രട്ടറിയേറ്റംഗങ്ങളും അഭിപ്രായപ്പെട്ടത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR