Enter your Email Address to subscribe to our newsletters

Thiruvananthapuram , 20 മെയ് (H.S.)
പ്രൊ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയിൽ പ്രവേശിച്ച് ജി സുധാകരൻ. ലോക്ഭവനിൽ വച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. യു ഡി എഫ് മന്ത്രസഭയിൽ ആദ്യമായി സത്യപ്രതിജ്ഞാ ചെയ്ത എംഎൽഎയെന്ന പ്രത്യേകതയും ജി സുധാകരനാണ്.
സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും പങ്കെടുത്തു. ആദ്യ നിയമസഭാ സമ്മേളനം ജി സുധാകരൻ നിയന്ത്രിക്കും. നാളെ (മെയ് 21) ആണ് ബാക്കി എംഎൽമാരുടെ സത്യപ്രതിജ്ഞ നടക്കുക. ഉടൻ തന്നെ കാബിനറ്റ് യോഗവും ചേരും. ഇവരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും.
സഭയിലെ മുതിർന്ന അംഗത്തെ പ്രൊ ടേം സ്പീക്കറായി നിയമിക്കുന്നതാണ് കീഴ്വഴക്കം. സ്പീക്കറുടെ സത്യപ്രതിഞ്ജ നടത്തേണ്ടത് പ്രോ ടേം സ്പീക്കറാണ്. സ്പീക്കർ തെരഞ്ഞെടുപ്പ് 22നാണ് നടക്കുന്നത്. മുതിർന്ന അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി ചുമതലയേൽക്കും. കഴിഞ്ഞ തവണ എൽ ഡി എഫ് സ്വതന്ത്രനായിരുന്ന പി ടി എ റഹീമായിരുന്നു പ്രോടെം സ്പീക്കർ.
നാളെ നടക്കുന്ന എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞാൽ സഭ പിരിയും. അതിന് ശേഷമാണ് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കുക. സ്പീക്കറായി തിരുവഞ്ചൂർ രാധകൃഷ്ണനെയും ഡപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയുമാണ് യുഡിഎഫ് നിർത്തിയിരക്കുന്നത്. പ്രതിപക്ഷം ഇത്തവണ മത്സര രംഗത്ത് നിന്ന് മാറി നിൽക്കുമോ അതോ ആരെങ്കിലും ഇറക്കാൻ സാധ്യതയുണ്ടോ എന്നും വരും ദിവസങ്ങളിൽ അറിയാം. 29നാണ് സഭാസമ്മേളനം. അന്ന് നയ പ്രഖ്യാപന പ്രസംഗവും നടക്കും. അതിന് ശേഷം വിഡി സതീശൻ ആദ്യ ബജറ്റ് അവതരിപ്പിക്കും. അടുത്ത മാസം അഞ്ചിനോ ആറിനോ ആയിരിക്കും ആദ്യ ബജറ്റ് അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
10 വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യംകുറിച്ചാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. 102 സീറ്റുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിൻ്റെ തുടർയാത്ര. കഴിഞ്ഞ ദിവസം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് 13-ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ 20 അംഗ മന്ത്രിസഭയും അധികാരമേറ്റു. വിഡി സതീശൻ ഉൾപ്പെടെ 14 പേർ മന്ത്രിസഭയിൽ പുതുമുഖങ്ങളാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR