കേരള തീരക്കടലിൻ്റെ അടിത്തട്ടിൽ കഴിയുന്ന ഇന്ത്യൻ കൂന്തലുകളുടെ സങ്കീർണവും വിചിത്രവുമായ ലൈംഗിക-പ്രത്യുൽപാദന രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം
Ernakulam , 20 മെയ് (H.S.) കേരള തീരക്കടലിൻ്റെ അടിത്തട്ടിൽ കഴിയുന്ന ഇന്ത്യൻ കൂന്തലുകളുടെ സങ്കീർണവും വിചിത്രവുമായ ലൈംഗിക-പ്രത്യുൽപാദന രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കൂട്ടത്തോടെയുള്ള പ്രജനനം, സ്വവർഗ ഇണചേ
SQUIDS MASS BREEDING


Ernakulam , 20 മെയ് (H.S.)

കേരള തീരക്കടലിൻ്റെ അടിത്തട്ടിൽ കഴിയുന്ന ഇന്ത്യൻ കൂന്തലുകളുടെ സങ്കീർണവും വിചിത്രവുമായ ലൈംഗിക-പ്രത്യുൽപാദന രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കൂട്ടത്തോടെയുള്ള പ്രജനനം, സ്വവർഗ ഇണചേരൽ, ഒരേ സമയം ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗികബന്ധം എന്നിങ്ങനെയുള്ള പല പെരുമാറ്റങ്ങളും ഈ കുഞ്ഞൻ ജീവികളിലുണ്ടെന്നാണ് സിഎംഎഫ്ആർഐയുടെ പുതിയ പഠനം വ്യക്തമാക്കുന്നത്.

രാജ്യാന്തര ശാസ്ത്ര ജേണലായ 'ജേണൽ ഓഫ് നാച്ചുറൽ ഹിസ്റ്ററി'യിൽ ഈ അപൂർവ്വ ഗവേഷണ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിഎംഎഫ്ആർഐയിലെ ഷെൽഫിഷ് ഫിഷറീസ് ഡിവിഷനിലെ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ. ഗീത ശശികുമാർ, ഡോ. കെ. കെ. സജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വിപ്ലവകരമായ പഠനം നടന്നത്. കൊച്ചി തീരത്തോട് ചേർന്നുള്ള കടൽമേഖലയിൽ നിന്ന് ശേഖരിച്ച കൂന്തലുകളെ വിശദമായി നിരീക്ഷിച്ചാണ് ഗവേഷകർ ഈ കൗതുകകരമായ നിഗമനങ്ങളിൽ എത്തിച്ചേർന്നത്.

മൂന്നാം മാസത്തിൽ പ്രജനനം, ഒപ്പം ബഹുപങ്കാളിത്തവും

കേവലം ആറ് മാസം മാത്രം ആയുസ്സുള്ള വിചിത്ര ജീവികളാണ് ഈ കൂന്തലുകൾ. ജീവിതകാലം കുറവായതുകൊണ്ടുതന്നെ ജനിച്ച് മൂന്നാം മാസം മുതൽ ഇവ ഇണചേരാൻ ആരംഭിക്കും. വർഷത്തിൽ എല്ലാ മാസവും ഇവ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ടെങ്കിലും ഒക്ടോബർ മാസത്തിലാണ് തീരക്കടലിൽ ഏറ്റവും കൂടുതൽ പ്രജനനം നടക്കുന്നത്.

ഇവയുടെ ഇണചേരൽ രീതിയും ഏറെ സങ്കീർണമാണ്. ഇണചേരുന്ന സമയത്ത് ആൺകൂന്തലുകൾ തങ്ങളുടെ ബീജപ്പൊതികൾ പെൺകൂന്തലുകളുടെ വായക്ക് ചുറ്റുമുള്ള ഭാഗത്താണ് ഒട്ടിച്ചുവയ്ക്കുന്നത്. പഠനത്തിൻ്റെ ഭാഗമായി ശാസ്ത്രജ്ഞർ പരിശോധിച്ച 232 പെൺകൂന്തലുകളിൽ 40 ശതമാനത്തിൻ്റെയും വായയോട് ചേർന്നുള്ള ഭാഗത്ത് ഇത്തരത്തിൽ ബീജപ്പൊതികൾ കണ്ടെത്തിയിരുന്നു. ഇതിൽ ഒരു പ്രത്യേക പെൺകൂന്തലിൻ്റെ ശരീരത്തിൽ മാത്രം മുന്നൂറിലധികം ബീജപ്പൊതികളാണ് ഗവേഷകർ നിരീക്ഷിച്ചത്. മുട്ടയിടുന്നതിന് തൊട്ടുമുൻപുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവ ഒന്നിലധികം ആൺകൂന്തലുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണിത്.

ശാസ്ത്രലോകത്തെ ഞെട്ടിച്ച സ്വവർഗ അനുരാഗം

ഈ പഠനത്തിലെ ഏറ്റവും വിപ്ലവകരമായ കണ്ടെത്തൽ കൂന്തലുകളിലെ സ്വവർഗ ലൈംഗിക പെരുമാറ്റമാണ്. പെൺകൂന്തലുകളുടെ ശരീരത്തിൽ മാത്രമല്ല, ചില ആൺകൂന്തലുകളുടെ ശരീരത്തിലും സമാനമായ രീതിയിൽ ബീജപ്പൊതികൾ ഒട്ടിക്കപ്പെട്ട നിലയിൽ ഗവേഷകർ കണ്ടെത്തി. ഇതോടെയാണ് ഇവയ്ക്കിടയിലെ സ്വവർഗ ഇണചേരൽ സ്ഥിരീകരിക്കപ്പെട്ടത്.

മുമ്പ് വിദേശരാജ്യങ്ങളിൽ ആഴക്കടലിൽ ജീവിക്കുന്ന ചില കൂന്തൽ ഇനങ്ങളിൽ ഇത്തരം സ്വവർഗ്ഗ ലൈംഗിക പെരുമാറ്റം ശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ട്. ആഴക്കടലിലെ കഠിനമായ ഇരുട്ടും വെളിച്ചമില്ലായ്മയും കാരണം പങ്കാളി ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാകാം ഇത് സംഭവിക്കുന്നത് എന്നായിരുന്നു അന്ന് ശാസ്ത്രലോകം വിലയിരുത്തിയത്. കടലിലെ സസ്തനികളായ ഡോൾഫിനുകളിലും സമാനമായ പെരുമാറ്റം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വെളിച്ചം ധാരാളമുള്ള തീരക്കടലിൽ ജീവിക്കുന്ന ഒരു കൂന്തൽ ഇനത്തിൽ ഇത്തരം സ്വവർഗ ഇണചേരൽ കണ്ടെത്തുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്.

മത്സ്യബന്ധന മേഖലയ്ക്ക് പുതിയ ദിശാബോധം

ഇന്ത്യയിലെ സമുദ്രവിഭവങ്ങളിൽ ഏറ്റവും ഉയർന്ന വാണിജ്യ-സാമ്പത്തിക മൂല്യമുള്ള ഒന്നാണ് കൂന്തലുകൾ. അതുകൊണ്ടുതന്നെ ഇവയുടെ പ്രജനന വ്യവസ്ഥയെക്കുറിച്ചുള്ള ഈ പുതിയ കണ്ടെത്തൽ രാജ്യത്തെ മത്സ്യബന്ധന മേഖലയ്ക്ക് വരും ദിവസങ്ങളിൽ വലിയ സഹായകരമാകും. കടലിലെ കൂന്തലുകളുടെ കൃത്യമായ ലഭ്യത വിലയിരുത്തുന്നതിനും, അവയുടെ വംശം നിലനിർത്തിക്കൊണ്ടുള്ള ഫലപ്രദമായ സംരക്ഷണ-പരിപാലന മാർഗ്ഗങ്ങൾ രൂപീകരിക്കുന്നതിനും ഈ ഗവേഷണം അടിത്തറയാകും. കൂന്തലുകളുടെ സങ്കീർണ്ണമായ പ്രജനന ചക്രത്തെയും ശരീരശാസ്ത്രത്തെയും കുറിച്ച് കൂടുതൽ വ്യക്തത വരാൻ ഇനിയും വിശദമായ പഠനങ്ങൾ ആവശ്യമാണെന്ന് സിഎംഎഫ്ആർഐ ഗവേഷകരായ ഡോ. ഗീത ശശികുമാർ, ഡോ. കെ. കെ. സജികുമാർ എന്നിവർ വ്യക്തമാക്കി.

നിർണായകമായത് കൂന്തലുകളുടെ പ്രായ നിർണയം

കൂന്തലുകളുടെ പ്രായം കണ്ടെത്താനായി നടത്തിയ പഠനമാണ് നിർണായകമായ കണ്ടുപിടിത്തത്തിലേക്ക് നയിച്ചതെന്ന് ഗവേഷകനായ ഡോ. കെ.കെ.സജികുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. കൂന്തലുകളുടെ ശരീരത്തിലുള്ള വളരെ ചെറിയൊരു അവയവമാണ് സ്റ്റാറ്റോലിസ്റ്റ്. നമ്മുടെ ശരീരത്തിന് ഭാരവും ചലനവും തിരിച്ചറിയാനും ബാലൻസ് നിലനിർത്താനും സഹായിക്കുന്ന ഉൾക്കാതിലെ സംവിധാനം പോലെയാണ് കൂന്തലുകളിൽ ഇത് പ്രവർത്തിക്കുന്നത്. കൂന്തലുകളുടെ തലച്ചോറിന് സമീപമുള്ള 'സ്റ്റാറ്റോസിസ്റ്റ്' എന്ന ഭാഗത്താണ് ഈ സ്റ്റാറ്റോലിത്തുകൾ കാണപ്പെടുന്നത്.

കാൽസ്യം കാർബണേറ്റ് കൊണ്ട് നിർമ്മിതമായ ചെറിയ കല്ല് പോലുള്ള ഘടനകളാണിവ. കൂന്തൽ നീന്തുമ്പോൾ വെള്ളത്തിനടിയിലെ അതിൻ്റെ ദിശ, വേഗത, ശരീരത്തിൻ്റെ സമനില എന്നിവ കൃത്യമായി മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. കൂന്തലുകളുടെ സ്റ്റാറ്റോലിസ്റ്റുകളിലെ വളർച്ചാ വളയങ്ങൾ സൂക്ഷ്മദർശിനിയിലൂടെ പരിശോധിച്ച് അവയ്ക്ക് എത്ര ദിവസത്തെ പ്രായമുണ്ടെന്ന് ശാസ്ത്രജ്ഞർക്ക് കൃത്യമായി കണ്ടെത്താനാകും.

കൂന്തലുകളുടെ ജീവചരിത്രവും വളർച്ചാനിരക്കും പഠിക്കാൻ ഗവേഷകർ പ്രധാനമായും ആശ്രയിക്കുന്നത് ഈ ഭാഗത്തെയാണ്. പ്രജനനുവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പഠനത്തിലാണ്, കൂന്തലുകളുടെ ബഹു പങ്കാളിത്തം, സ്വവർഗ പങ്കാളിത്തം എന്നിവ കണ്ടെത്തിയത്. നമ്മുടെ രാജ്യത്തു നിന്നും വിദേശ വിപണിയിലേക്ക് ഏറ്റവും കൂടതൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത് ഈ കൂന്തലുകളാണ്. ഏകദേശം ഇന്ത്യൻ കൂന്തലുകളുടെ തൊണ്ണൂറ് ശതമാനവും കയറ്റുമതി ചെയ്യുന്നു.

പത്തു വർഷം മുമ്പ് തന്നെ പ്രയം കണക്കാക്കുന്ന പഠനങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലാണ്, ഇണ ചേരുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പഠനങ്ങൾ നടന്നതെന്നും ഡോ. കെ.കെ. സജികുമാർ വ്യക്തമാക്കി. കേവലം ആറുമാസം മാത്രമാണ് ഇവയുടെ ആയുസെന്നതിനാൽ, ഇവയുടെ പ്രജനനവും വളരെ വേഗത്തിലാണ് നടക്കുന്നത്. ഒന്നിലധികം ആൺ കൂന്തലുകളുമായി ബന്ധപ്പെടുന്ന പെൺകൂന്തലുകൾ ശേഖരിച്ചു വെക്കുന്ന ബീജങ്ങൾ, അനുയോജ്യമായ സമയത്ത് ഉപയോഗപ്പെടുത്താനും മുട്ടയിടാനും കഴിയുന്നു.

കാലാവസ്ഥ വ്യതിയാനങ്ങളൊന്നും കൂന്തലിനെ ബാധിച്ചിട്ടില്ല. എപ്പോഴും വർധനവാണ് കാണുന്നത്. വളരെ പെട്ടെന്ന് നടക്കുന്ന പ്രജനനമാണ് ഇതിന് കാരണമെന്നും സജികുമാർ ചൂണ്ടിക്കാണിച്ചു. നേരെത്തെയുള്ള ധാരണകളെ തിരുത്തുന്നതായിരുന്നു കൂന്തലുകളിൽ കണ്ടെത്തിയ സ്വവർഗ പങ്കാളിത്തം. ഇന്ത്യൻ കൂന്തലുകളിൽ ആൺ കൂന്തലുകൾ പെൺ കൂന്തലുകളെക്കേൾ വലുതാണ്. ആൺ കൂന്തലുകളിൽ പ്രത്യേകമായൊരു കൈ കൂടിയുണ്ട്. കൂന്തലുകളുടെ ഇണചേരൽ പ്രായത്തെ കുറിച്ചുള്ള പഠനമാണ് ഇവയുടെ ബഹു പങ്കാളിത്തവും സ്വവർഗ പങ്കാളിത്തവും കണ്ടെത്താനിടയാക്കിയത്. വെള്ളത്തിനടിയിൽ സർവേ യുൾപ്പടെ നടത്തി കൂന്തലുകളെ കുറിച്ചുള്ള കൂടുതൽ പഠനങ്ങളിലേക്ക് സിഎംഎഫ്ആർഐ കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

കേരളത്തിലെ കൂന്തൽ ലഭ്യത: കണക്കുകളും പ്രധാന കേന്ദ്രങ്ങളും

കേരളത്തിൽ ഏറ്റവും കൂടുതൽ കൂന്തൽ ലഭിക്കുന്നത് എറണാകുളം, കൊല്ലം, കോഴിക്കോട് എന്നീ തീരദേശ ജില്ലകളിൽ നിന്നാണ്. സംസ്ഥാനത്തെ വൻകിട ഫിഷിംഗ് ഹാർബറുകളായ കൊച്ചി (തോപ്പുംപടി), മുനമ്പം, ശക്തികുളങ്ങര-നീണ്ടകര, പുതിയാപ്പ എന്നിവ കേന്ദ്രീകരിച്ചാണ് കേരളത്തിലെ ഏറ്റവും വലിയ കൂന്തൽ വിപണനവും ലാൻഡിംഗും നടക്കുന്നത്.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൻ്റെയും (ICAR-CMFRI) കേരള ഫിഷറീസ് വകുപ്പിൻ്റെയും ഔദ്യോഗിക ഡാറ്റ പ്രകാരം തോപ്പുംപടി (കൊച്ചിൻ ഫിഷറീസ് ഹാർബർ), മുനമ്പം എന്നീ വൻകിട ഹാർബറുകൾ ഉള്ളതിനാൽ എറണാകുളം ജില്ലയാണ് കൂന്തൽ ലഭ്യതയിൽ കേരളത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഫിഷിംഗ് ഹാർബറുകളായ നീണ്ടകര, ശക്തികുളങ്ങര എന്നിവ കേന്ദ്രീകരിച്ച് ടൺ കണക്കിന് കൂന്തലുകളാണ് ദിവസേന ലേലം ചെയ്യുന്നത്. വടക്കൻ കേരളത്തിൽ പുതിയാപ്പ, ബേപ്പൂർ, ചോമ്പാൽ ഹാർബറുകൾ വഴി വലിയ തോതിൽ കൂന്തൽ ലഭ്യമാകുന്നു.

വിപണിയുടെ പ്രധാന കേന്ദ്രങ്ങൾ

കേരളത്തിൽ കൂന്തൽ വിപണിയുടെ പ്രധാന ബിസിനസ്സ് നടക്കുന്നത് വൻകിട ഫിഷിംഗ് ഹാർബറുകൾ കേന്ദ്രീകരിച്ചാണ്.

കൊച്ചി (തോപ്പുംപടി, മുനമ്പം): അന്താരാഷ്ട്ര കയറ്റുമതി കമ്പനികളുടെ ഏജന്റുമാർ ഏറ്റവും കൂടുതൽ തമ്പടിക്കുന്നത് ഇവിടെയാണ്.

കൊല്ലം (നീണ്ടകര, ശക്തികുളങ്ങര): തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കൂന്തൽ വിപണന കേന്ദ്രം.

കോഴിക്കോട് (ബേപ്പൂർ, പുതിയാപ്പ): വടക്കൻ കേരളത്തിലേക്ക് ആവശ്യമായ കൂന്തലുകൾ ഭൂരിഭാഗവും ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നത്.

ഉൽപ്പാദന കണക്കുകൾ

ICAR-CMFRI-യുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം, കേരളത്തിൽ പ്രതിവർഷം ശരാശരി 6 ലക്ഷത്തിലധികം ടൺ സമുദ്രമത്സ്യങ്ങളാണ് ആകെ ലഭിക്കുന്നത്. ഇതിൽ ഏകദേശം 10% മുതൽ 12% വരെ വിഹിതം കൂന്തൽ, കണവ അടങ്ങുന്ന സെഫലോപോഡ് വിഭാഗത്തിനാണ്. കടലിൻ്റെ അടിത്തട്ടിൽ വലവീശുന്ന വലിയ ട്രോളർ ബോട്ടുകൾ വഴിയാണ് കൂന്തലുകൾ ഭൂരിഭാഗവും പിടികൂടുന്നത്. കാലവർഷത്തിന് ശേഷമുള്ള ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് കേരള തീരങ്ങളിൽ കൂന്തലുകൾ ഏറ്റവും കൂടുതൽ ലഭ്യമാകുന്നത്.

വിപണിയും സാമ്പത്തിക പ്രാധാന്യവും

കേരള തീരങ്ങളിൽ നിന്ന് പിടിക്കുന്ന കൂന്തലുകളിൽ വലിയൊരു പങ്കും നേരെ പോകുന്നത് വിദേശ വിപണികളിലേക്കാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് (പ്രത്യേകിച്ച് സ്പെയിൻ, ഇറ്റലി, ബെൽജിയം, നെതർലാൻഡ്സ്) കൂന്തലും കണവയും അടങ്ങുന്ന 'സെഫലോപോഡുകൾ' കയറ്റി അയക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം.

ചൈനയും അമേരിക്കയും: യൂറോപ്പ് കഴിഞ്ഞാൽ ചൈന, യു.എസ്.എ, ജപ്പാൻ എന്നിവയാണ് കേരളത്തിൽ നിന്നുള്ള കൂന്തലിൻ്റെ മറ്റ് പ്രധാന ആവശ്യക്കാർ.

കേരളത്തിൽ നിന്നുള്ള ആകെ സമുദ്രോത്പന്ന കയറ്റുമതിയുടെ ഏകദേശം 14.33% വിഹിതം മരവിപ്പിച്ച കൂന്തലിനാണ്. കേരള സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടും, മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെൻ്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകളും അടിസ്ഥാനമാക്കി ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന ആകെ കൂന്തലിൻ്റെ ഏകദേശം 28.48% പങ്കും കേരളത്തിൽ നിന്നാണ്.

കയറ്റുമതി രൂപങ്ങൾ

പച്ചയായ കൂന്തലിനേക്കാൾ മൂല്യവർധിത ഉൽപ്പന്നങ്ങൾക്കാണ് അന്താരാഷ്ട്ര വിപണിയിൽ വലിയ വില ലഭിക്കുന്നത്.

ഫ്രോസൺ സ്ക്വിഡ് റിങ്സ്: വൃത്താകൃതിയിൽ മുറിച്ചെടുത്തവ.

ഫ്രോസൺ സ്ക്വിഡ് ട്യൂബുകൾ: ഉൾഭാഗം വൃത്തിയാക്കി പൈപ്പ് രൂപത്തിലാക്കിയവ.

ഹോൾ ക്ലീൻഡ് സ്ക്വിഡ്: മുഴുവനായും വൃത്തിയാക്കി മരവിപ്പിച്ചെടുത്തവ.

കയറ്റുമതി കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും

കേരളത്തിൻ്റെ ആകെ കയറ്റുമതിയുടെ 45%-50% വരെ കൈകാര്യം ചെയ്യുന്നത് കൊച്ചിയാണ്. കൊച്ചി ഫിഷറീസ് ഹാർബറാണ് കൂന്തൽ കയറ്റുമതിയുടെ പ്രധാന ഹബ്ബ്. കൊല്ലത്തെ ശക്തികുളങ്ങര, നീണ്ടകര എന്നിവ വഴി ലഭിക്കുന്ന കൂന്തലുകൾ പ്രധാനമായും കൊല്ലം, ആലപ്പുഴ ജില്ലകളിലെ പ്രൊസസിംഗ് പ്ലാന്റുകൾ വഴി കയറ്റുമതി ചെയ്യുന്നു. ഇന്ത്യയിൽ യൂറോപ്യൻ യൂണിയൻ (EU) അംഗീകാരമുള്ള ഏറ്റവും കൂടുതൽ അത്യാധുനിക സീഫുഡ് പ്രൊസസിംഗ് പ്ലാൻ്റുകൾ ഉള്ളത് (600-ലധികം യൂണിറ്റുകൾ) കേരളത്തിലാണ്

ആഭ്യന്തര വിപണിയിലെ ഡിമാൻഡും ടൂറിസം സ്വാധീനവും

കേരളത്തിലെ പ്രാദേശിക വിപണിയിലും കൂന്തലിന് വലിയ സ്ഥാനമുണ്ട്. കോവളം, വർക്കല, ഫോർട്ട് കൊച്ചി, ആലപ്പുഴ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും വിദേശ സഞ്ചാരികൾക്കായി തയ്യാറാക്കുന്ന സീഫുഡ് വിഭവങ്ങളിൽ കൂന്തൽ ഒഴിച്ചുകൂടാനാവാത്തതാണ്. ലിപ്പവും ഗുണമേന്മയും അനുസരിച്ച് കിലോഗ്രാമിന് 250 രൂപ മുതൽ 450 രൂപ വരെ പ്രാദേശിക വിപണിയിൽ ഇതിന് വില ലഭിക്കാറുണ്ട്. ട്രോളിംഗ് നിരോധന കാലയളവിൽ ഇതിൻ്റെ വില ഇനിയും ഉയരും.

കൂന്തൽ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ

ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും വിദേശനാണ്യം നേടിത്തരുന്നതുമായ ഒരു പ്രധാന ഇനമാണ് കൂന്തലുകൾ. അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാൻഡുള്ള ഈ ജീവികളുടെ ഇന്ത്യയിലെ ലഭ്യതയും വിതരണവും കൃത്യമായ ശാസ്ത്രീയ കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം.

ഉൽപ്പാദനത്തിൽ ഒന്നാമത് പശ്ചിമ തീരം

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൻ്റെ (സിഎംഎഫ്ആര്ഐ) പഠന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ആകെ കൂന്തൽ ലഭ്യതയുടെ സിംഹഭാഗവും (ഏകദേശം 80 ശതമാനത്തിലധികം) പശ്ചിമ തീരത്തു നിന്നാണ് ലഭിക്കുന്നത്. കിഴക്കൻ തീരങ്ങളെ (ബംഗാൾ ഉൾക്കടൽ) അപേക്ഷിച്ച് അറബിക്കടലിലാണ് കൂന്തലുകളുടെ സാന്നിധ്യം ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.

കടലിലെ 'വെള്ളിത്തിളക്കം': ഇന്ത്യയിലെ കൂന്തൽ ഉൽപ്പാദനവും മുൻനിര സംസ്ഥാനങ്ങളും

കൂന്തൽ ഉൽപ്പാദനത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പങ്കും അവയുടെ പ്രധാന കണക്കുകളും പരിശോധിക്കാം..

1. കേരളം (ശരാശരി 38% - 50%)

സിഎംഎഫ്ആര്ഐയുടെ കണക്കുകള് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൂന്തൽ പിടിക്കപ്പെടുന്നത് കേരളതീരത്തു നിന്നാണ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൻ്റെ ചരിത്രപരമായ ഡാറ്റ പ്രകാരം, ഇന്ത്യയിലെ മൊത്തം കൂന്തൽ ലഭ്യതയുടെ 38% മുതൽ 50% വരെ സംഭാവന ചെയ്യുന്നത് കേരളമാണ്. ട്രോളിങ് ബോട്ടുകൾക്ക് പുറമെ കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും വിവിധതരം വലകൾ ഉപയോഗിച്ച് വൻതോതിൽ കൂന്തൽ വിളവെടുക്കുന്നു.

2. ഗുജറാത്ത് (ശരാശരി 22%)

മൊത്തം സമുദ്രമത്സ്യ ഉൽപ്പാദനത്തിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന ഗുജറാത്ത് കൂന്തൽ ലഭ്യതയിൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിലെ ആകെ കൂന്തൽ ഉൽപ്പാദനത്തിന്റെ ഏതാണ്ട് 22 ശതമാനത്തോളം ഗുജറാത്ത് തീരങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഇവിടുത്തെ 'ഡോൾ വലകളും' (Dol nets) ട്രോളറുകളുമാണ് ഇതിന് പ്രധാന പങ്കുവഹിക്കുന്നത്.

3. മഹാരാഷ്ട്ര (ശരാശരി 21%)

പട്ടികയിൽ മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. ഇന്ത്യയിലെ മൊത്തം കൂന്തൽ ലഭ്യതയുടെ 21 ശതമാനത്തോളം ഈ സംസ്ഥാനത്തിന്റെ സംഭാവനയാണ്. മുംബൈ പോലെയുള്ള പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള കൂന്തൽ വേട്ട നടക്കുന്നു.

4. മറ്റ് സംസ്ഥാനങ്ങൾ (തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്)

തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ ആകെ ഉൽപ്പാദനത്തിന്റെ 6% മുതൽ 8% വരെ വീതം സംഭാവന ചെയ്യുന്നു. ആന്ധ്രാപ്രദേശ് തീരങ്ങളിലും കൂന്തലുകളുടെയും കണവകളുടെയും ഗണ്യമായ സാന്നിധ്യമുണ്ട്.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളാണ് (കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര) രാജ്യത്തെ കൂന്തൽ സമ്പത്തിൻ്റെ സിംഹഭാഗവും കൈയാളുന്നത്. ഇതിൽ തന്നെ കേരളമാണ് ഏറ്റവും പ്രധാനപ്പെട്ട ഹബ്ബ്. ഉയർന്ന പോഷകഗുണവും വിദേശനാണ്യ വരുമാനവും ഉറപ്പുനൽകുന്നതിനാൽ, ഈ സംസ്ഥാനങ്ങളിലെ തീരദേശ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്നതിൽ കൂന്തൽ മത്സ്യബന്ധനം വളരെ നിർണായകമായ പങ്കുവഹിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News