ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ സിടി സ്കാൻ സംവിധാനം പ്രവർത്തന സജ്ജമാകുന്നു
Wayanad , 20 മെയ് (H.S.) ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ സിടി സ്കാൻ സംവിധാനം പ്രവർത്തന സജ്ജമാകുന്നു. അടിയന്തര ചികിത്സാ സാഹചര്യങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച പ്രശ്നത്തിന് പുതിയ അത്യാധുനിക യൂണിറ്റാണ് പരിഹ
CT Scan Mission


Wayanad , 20 മെയ് (H.S.)

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ സിടി സ്കാൻ സംവിധാനം പ്രവർത്തന സജ്ജമാകുന്നു. അടിയന്തര ചികിത്സാ സാഹചര്യങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച പ്രശ്നത്തിന് പുതിയ അത്യാധുനിക യൂണിറ്റാണ് പരിഹാരമാകുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് ഈ മോഡൽ സിടി സ്കാൻ സംവിധാനം സ്ഥാപിക്കുന്നത്.

ഒന്നര വർഷത്തിലേറെയായി ആശുപത്രി കെട്ടിടത്തിൽ ഇത് ഉണ്ടായിരുന്നെങ്കിലും പ്രവർത്തനരഹിതമായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സ തേടിയെത്തുന്ന വയനാട് മെഡിക്കൽ കോളജിൽ സിടി സ്കാൻ സേവനം നിലച്ചത് കഴിഞ്ഞ ഒന്നര വർഷമായി വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു. അപകടങ്ങൾ, അടിയന്തര ചികിത്സ, ഗുരുതര രോഗ നിർണയം തുടങ്ങിയ സാഹചര്യങ്ങളിൽ രോഗികളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വന്നത് ചികിത്സാ കാലതാമസത്തിനും അധിക സാമ്പത്തിക ബാധ്യതയ്ക്കും കാരണമായി.

താത്കാലിക ബദൽ സംവിധാനമായി രോഗികളെ നല്ലൂർനാട് അംബേദ്കർ ക്യാൻസർ സെൻ്ററിലെത്തിച്ചായിരുന്നു സിടി പരിശോധനകൾ നടത്തിയത്. എന്നാൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന രോഗികൾക്ക് ഇത് വലിയ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നവകേരള സദസിൽ പുതിയ സിടി യൂണിറ്റ് സ്ഥാപിക്കാൻ 7 കോടി രൂപ അനുവദിച്ചത്. തുടർന്ന് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന ഹിന്ദുസ്ഥാൻ എച്ച്സി കമ്പനിയുടെ അത്യാധുനിക ഐസ്ട്രീം മോഡൽ സിടി സ്കാൻ യൂണിറ്റ് ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത് മെഡിക്കൽ കോളജിൽ എത്തിച്ചു.

യന്ത്രം സ്ഥാപിക്കുന്നതിലെ കാലതാമസം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നെങ്കിലും ഇപ്പോൾ സ്ഥിരപരിഹാരത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പായാണ് പുതിയ സംവിധാനം വിലയിരുത്തപ്പെടുന്നത്. മുമ്പ് ആശുപത്രിയിലുണ്ടായിരുന്നത് നാല് സ്ലൈഡുകൾ മാത്രമുള്ള യൂണിറ്റായിരുന്നെങ്കിൽ പുതിയ യൂണിറ്റ് 64 സ്ലൈഡ് സംവിധാനമുള്ളതാണ്. ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളും കൂടുതൽ വ്യക്തതയോടെ പരിശോധിക്കാൻ കഴിയുന്ന 128 സൈസ് സോഫ്റ്റ്വെയർ സംവിധാനവും യൂണിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുന്ന് കുത്തിവെച്ചുള്ള പ്രത്യേക സ്കാനിംഗിനായി പ്രഷർ ഇൻജക്ടർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

3.98 കോടി രൂപ യന്ത്രത്തിനും ബാക്കി തുക അനുബന്ധ സൗകര്യങ്ങൾക്കും വിനിയോഗിച്ചു. പഴയ സിടി റൂം നവീകരിച്ചാണ് പുതിയ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാകുമെന്നത് അടിയന്തര ചികിത്സയ്ക്ക് വലിയ ആശ്വാസമാകും. എസ് ടി, ബി പി എൽ, ആരോഗ്യ കിരണം പദ്ധതി എന്നിവയിലുള്ളവർ, 17 വയസ് വരെയുള്ള കുട്ടികൾ, പി എം ജി എ വൈ ഗുണഭോക്താക്കൾ, ക്യാൻസർ രോഗികൾ എന്നിവർക്ക് ആവശ്യമായ രേഖകളുമായി എത്തിയാൽ പരിശോധന സൗജന്യമായിരിക്കും.

സ്വകാര്യ കേന്ദ്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലുള്ള സേവനം സാധാരണക്കാർക്കും വലിയ സഹായമാകുമെന്ന് നാട്ടുകാരനായ ഉസ്മാൻ പറഞ്ഞു. നീണ്ട കാത്തിരിപ്പിനൊടുവിൽ വയനാട് മെഡിക്കൽ കോളജിൽ സിടി സ്കാൻ സേവനം യാഥാർത്ഥ്യമായിരിക്കുന്നത് നാട്ടുകാരുൾപ്പെടെയുള്ളവരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. സൗജന്യവും കുറഞ്ഞ നിരക്കിലുമുള്ള പരിശോധനാ സൗകര്യം ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമാകും, അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News