Enter your Email Address to subscribe to our newsletters

Chennai, 20 മെയ് (H.S.)
ചെന്നൈ : തമിഴ്നാട്ടില്‍ മന്ത്രിസഭാ വികസനത്തിന് ശ്രവുമായി വിജയ്. എഐഎഡിഎംകെയിലെ ഏതെങ്കിലും വിഭാഗം ഭരണസഖ്യത്തിന്റെ ഭാഗമായാല്‍ പോലും സിപിഎം പിന്തുണ പിന്‍വലിക്കില്ലെന്ന് ടിവികെ നേതാവും പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രിയുമായ ആദവ് അര്‍ജുന വ്യക്തമാക്കി. നിലവില്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സിപിഎം, വിസികെ, സിപിഐ, മുസ്ലിം ലീഗ് എന്നീ കക്ഷികളെ മന്ത്രിസഭയുടെ ഭാഗമാകാന്‍ പാര്‍ട്ടി വീണ്ടും ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മന്ത്രിസഭാ വികസനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. മുഖ്യമന്ത്രി വിജയ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നാണ് വിവരം.
അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ്, ഭരണത്തില്‍ പങ്കാളികളാകുമെന്ന് മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നതോടെ, ഡിഎംകെയും എഐഎഡിഎംകെയും ചേര്‍ന്ന് ഭരണം പിടിക്കാന്‍ ശ്രമിച്ചതായി ആദവ് അര്‍ജുന ആരോപിച്ചു. കഴിഞ്ഞ 62 വര്‍ഷമായി തമിഴ്നാട് രാഷ്ട്രീയം നിയന്ത്രിക്കുന്ന ഈ രണ്ട് ദ്രാവിഡ കക്ഷികളും കൈകോര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ജനാധിപത്യം സംരക്ഷിക്കാന്‍ ടിവികെയെ മറ്റ് സഖ്യകക്ഷികള്‍ പിന്തുണയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 234 അംഗ സഭയില്‍ 108 സീറ്റുകളാണ് ടിവികെ നേടിയത്. ഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ കുറവായിരുന്ന വിജയ്, കോണ്‍ഗ്രസ്, വിസികെ, ഇടതുപക്ഷ കക്ഷികള്‍ എന്നിവരുടെ പിന്തുണയോടെയാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രി കസേരയിലെത്തിയത്.
തമിഴ്നാട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 118 സീറ്റുകളാണ് വേണ്ടത്. വിജയ് താന്‍ ജയിച്ച രണ്ട് സീറ്റുകളില്‍ ഒന്നായ തൃച്ചി (ഈസ്റ്റ്) രാജിവച്ചതോടെ ടിവികെയ്ക്ക് 107 എംഎല്‍എമാരുണ്ട്. സഖ്യകക്ഷികളായ കോണ്‍ഗ്രസ് (5), വിസികെ, സിപിഎം, സിപിഐ, ലീഗ് (ആകെ 8) എന്നിവരുള്‍പ്പെടെ നിലവില്‍ സര്‍ക്കാരിന് 120 പേരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തേക്കാള്‍ രണ്ട് സീറ്റുകള്‍ മാത്രം കൂടുതല്‍ ഉള്ളതിനാല്‍ സര്‍ക്കാര്‍ സുരക്ഷിതമല്ലെന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് എഐഎഡിഎംകെ വിമതരുടെ പിന്തുണ നിര്‍ണായകമാകുന്നത്. 25 വിമത എംഎല്‍എമാര്‍ ഒപ്പം ചേര്‍ന്നാല്‍, ഇടതുപക്ഷവും വിസികെയും മുന്നണി വിട്ടാല്‍ പോലും വിജയ് സര്‍ക്കാരിനു ഭൂരിപക്ഷം തികയ്ക്കാനുള്ള സീറ്റുകളെക്കാള്‍ 19 സീറ്റുകള്‍ അധികമുണ്ടാകും.
---------------
Hindusthan Samachar / Sreejith S