Enter your Email Address to subscribe to our newsletters

Thiruvanathapuram, 21 മെയ് (H.S.)
വേതനം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വിജയാഘോഷവുമായി ആശമാര്‍. സമരം ചെയ്ത ആശമാരെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്ത മുന്‍ സര്‍ക്കാരിനെ ഒഴുക്കിക്കളഞ്ഞത് ആശമാരുടെ കണ്ണീരിന്റെ പുഴയാണെന്ന് നടന്‍ പ്രേംകുമാര്‍. സെക്രട്ടേറിയറ്റിനു മുന്നില്‍ ആശമാര്‍ നടത്തിയ 'ആശാകേരളം വിജയപാതയില്‍' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേംകുമാര്‍. ആശാ സമരത്തെ കണ്ടില്ലെന്നു നടിച്ചവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പു ഫലമെന്നും ആശാ സമരത്തെ പിന്തുണച്ചതിനു പിന്നാലെ ചലച്ചിത്ര അക്കാദമി സ്ഥാനം നഷ്ടപ്പെട്ട നടന്‍ പ്രേംകുമാര്‍ പറഞ്ഞു.
ഇടതു സഹയാത്രികന്‍ ആയിരുന്നപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട പലരോടും ആശാ സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതു പരിഗണിക്കപ്പെട്ടില്ല. സ്ഥാനമാനങ്ങള്‍ വേണ്ടിയിരുന്നെങ്കില്‍ പലരെയും പോലെ മിണ്ടാതിരിക്കാമായിരുന്നു. എന്നാല്‍ ധാര്‍മികത മൂലം അതിനു കഴിഞ്ഞില്ലെന്നും പറയാനുള്ളത് ഇനിയും പറഞ്ഞുകൊണ്ടിരിക്കുമെന്നും പ്രേംകുമാര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ആശമാരാണ് മാസങ്ങള്‍ നീണ്ട സമരത്തിന്റെ ഓര്‍മകളുമായി ഇന്നു വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. പായസം വച്ചും മധുരം വിളമ്പിയും പരസ്പരം കുശലം പറഞ്ഞുമാണ് ആശമാര്‍ സന്തോഷം പങ്കുവച്ചത്. ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാരിന് ആശമാര്‍ നന്ദി പറഞ്ഞു. 'ഞങ്ങടെ കഷ്ടപ്പാടിന്റെ മുടിയാ വളര്‍ന്നത്. ഞങ്ങള്‍ അത്രയും കിടന്നു കഷ്ടപ്പെട്ടതാണ്. മൂവായിരം രൂപ കൂട്ടിയതില്‍ വലിയ സന്തോഷം. ഒന്നും തരാതിരുന്നതല്ലേ' - സമരനാളുകളില്‍ മുടിമുറിച്ചു പ്രതിഷേധിച്ച ആശാ വര്‍ക്കര്‍ വളരുന്ന മുടിയില്‍ കൈഓടിച്ചു പറഞ്ഞു.
---------------
Hindusthan Samachar / Sreejith S