Enter your Email Address to subscribe to our newsletters

Kozhikkode, 21 മെയ് (H.S.)
കോഴിക്കോട് : പേരാമ്പ്രയില്‍ കാര് കത്തി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവംം ആത്മഹത്യയാകാമെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍. കാര്‍ കത്തിയതില്‍ സോനയുടെ ഭര്‍ത്താവ് രജിന്‍ലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് മനസിലായത്. രജിനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരണത്തിന് മുമ്പും താന്‍ അനുഭവിച്ച പീഡനങ്ങള്‍ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയില്‍ എത്തിയ സോന കന്നാസില്‍ പെട്രോള്‍ വാങ്ങുകയായിരുന്നു.
വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ ബന്ധുവീട്ടില്‍നിന്ന് രജിന്‍ലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴി കയ്യില്‍ കരുതിയിരുന്ന പെട്രോളില്‍ സോന തീയിട്ടതാകാമെന്ന നിഗമത്തിലാണ് പൊലീസ്. കാര്‍ കത്തിയത് ഷോര്‍ട് സര്‍ട്ട്ക്യൂട്ട് മൂലമല്ലെന്നു കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പെട്രോള്‍ വാങ്ങിയ വിവരം വ്യക്തമായത്. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന രജിന്‍ലാലിന്റെ മൊഴിയിലും കാറിനുള്ളില്‍ പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നെന്നു പറയുന്നുണ്ട്.
അപകടകാരണം ഷോര്‍ട്ട് സര്‍ക്കീറ്റ് കാരണം അല്ലെന്നാണ് ശനിയാഴ്ച ജില്ലാ ഫൊറന്‍സിക് വിഭാഗം നടത്തിയ പരിശോധനയിലെ പ്രാഥമിക കണ്ടെത്തല്‍. കാറിനുള്ളിലെ വയറിങ്ങിനും ഇന്ധന ടാങ്കിനും എസി സംവിധാനത്തിലും മുന്‍ഭാഗത്തെ റേഡിയേറ്റര്‍ ഭാഗത്തും തകരാറുകളില്ലെന്നാണ് മോട്ടര്‍ വാഹന വകുപ്പും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
കാറിന്റെ ഉള്‍വശമാണ് പൂര്‍ണമായി കത്തിയത്. പിന്‍സീറ്റും മുന്‍ഭാഗവും കത്തി. എന്നാല്‍ ബോണറ്റിലേക്കു തീപടര്‍ന്നില്ല. ഇതാണ് തീ എങ്ങനെ ഉണ്ടായെന്നതിനെക്കുറിച്ചു സംശയം ഉയര്‍ത്തുന്നത്. കത്താതെ ശേഷിച്ച തുണികള്‍, ബാഗിന്റെ അവശിഷ്ടം, മൊബൈല്‍ഫോണ്‍, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിള്‍ തുടങ്ങിയവ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം കൊണ്ടുപോയി. ഇതിന്റെ പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂവെന്ന് മേപ്പയ്യൂര്‍ പൊലീസ് അറിയിച്ചു.
---------------
Hindusthan Samachar / Sreejith S