Enter your Email Address to subscribe to our newsletters

New delhi, 21 മെയ് (H.S.)
അഭിജീത് ദിപ്‌കെ എന്ന യുവാവ് സ്ഥാപിച്ച കോക്രോച്ച് ജനത പാര്‍ട്ടി (CJP) എന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് മരവിപ്പിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഭരണകക്ഷിയായ ബിജെപിയെക്കാള്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യയില്‍ ഇവരുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചത്. അഭിജീത് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട്, 'പ്രതീക്ഷിച്ചത് പോലെ തന്നെ കോക്രോച്ച് ജനത പാര്‍ട്ടിയുടെ അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞുവെച്ചിരിക്കുന്നു.' എന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്. തൊഴിലില്ലായ്മയ്ക്കും നീതിപീഠത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കും എതിരെ യുവാക്കളുടെ പ്രതിഷേധമായി രൂപംകൊണ്ട ഈ മൂവ്‌മെന്റ് ചുരുങ്ങിയ കാലം കൊണ്ട് വലിയ തരംഗമാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഗൗരവകരമായ രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടുന്നതോടൊപ്പം തന്നെ മീമുകളിലൂടെയും ഹാസ്യത്തിലൂടെയും യുവജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാനും കോക്രോച്ച് പാര്‍ട്ടിക്ക് സാധിച്ചു. ഒരു സമാന്തര ഡിജിറ്റല്‍ വിപ്ലവമായി വളര്‍ന്ന ഈ പാര്‍ട്ടി, ഇന്ത്യന്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിലവില്‍ വലിയ പ്രാധാന്യം നേടിക്കഴിഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കോക്രോച്ച് ജനത പാര്‍ട്ടിയുടെ അവിശ്വസനീയമായ കുതിച്ചുചാട്ടത്തിനിടയിലാണ് ഈ വിലക്ക് വരുന്നത്. തൊഴിലില്ലായ്മ, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, രാഷ്ട്രീയ ചര്‍ച്ചകള്‍, സ്ഥാപനപരമായ ഉത്തരവാദിത്തം എന്നിവയിലെ യുവാക്കളുടെ പ്രതിഷേധം ആളിപ്പടര്‍ന്നതോടെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഓണ്‍ലൈന്‍ ആക്ഷേപഹാസ്യ പ്രസ്ഥാനമായി കോക്രോച്ച് ജനതാ പാര്‍ട്ടി ആരംഭിച്ചത്.
ഇന്ന് അതൊരു പൂര്‍ണമായ ഡിജിറ്റല്‍ പ്രതിഭാസമായി മാറിക്കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ 10 ദശലക്ഷത്തിലധികം (1 കോടി) ഫോളോവേഴ്‌സിനെ കടന്ന് ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിനെ (ഏകദേശം 8.7 ദശലക്ഷം ഫോളോവേഴ്‌സ്) സിജെപി പിന്നിലാക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ നടപടി. 13 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കോണ്‍ഗ്രസ് ആണ് നിലവില്‍ മുന്നിലുള്ളത്.
ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി ബിരുദധാരിയും മുന്‍പ് ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല് മീഡിയ ക്യാമ്പയിന്‍ പ്രവര്‍ത്തകനുമായിരുന്നു കോക്രോച്ച് പാര്‍ട്ടിയുടെ സ്ഥാപകനായ 30-കാരന്‍ അഭിജീത് ദിപ്‌കെ. 'യുവാക്കളുടെ രാഷ്ട്രീയ മുന്നണി, യുവാക്കളാല്‍, യുവാക്കള്‍ക്ക് വേണ്ടി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മുദ്രാവാക്യം 'സെക്കുലര്‍, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ലേസി (മടിയന്‍)' എന്നാണ്.
കഴിഞ്ഞ ആഴ്ച ഒരു കോടതി വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കുള്ള പരിഹാസ രൂപേണയുള്ള മറുപടിയായാണ് 'കോക്രോച്ച് ജനത പാര്‍ട്ടി' എന്ന പേര് രൂപപ്പെട്ടത്. തൊഴിലില്ലാത്ത ചില യുവാക്കളെയും ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകളെയും പരാമര്‍ശിക്കവേ ചീഫ് ജസ്റ്റിസ് അവരെ 'പാറ്റകള്‍' (cockroaches), 'പരാദങ്ങള്‍' (parasites) എന്നിവയോട് ഉപമിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവെച്ചിരുന്നു.
ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങളാണ് ഈ പ്രസ്ഥാനത്തിന് പിന്നിലെ വൈകാരികമായ പ്രേരണയെന്ന് അഭിജീത് പിന്നീട് പറയുകയുണ്ടായി. 'നമുക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനയുടെ സംരക്ഷകനായ ചീഫ് ജസ്റ്റിസില്‍നിന്നാണ് അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായതെന്നത് ഏറെ വേദനിപ്പിക്കുന്നതാണ്.' എന്നാണ് അഭിജീത് ഒരഭിമുഖത്തില്‍ പറഞ്ഞത്.
തന്റെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചതാണെന്നും വ്യാജ ബിരുദം ഉപയോഗിച്ച് തൊഴില്‍ മേഖലകളില്‍ പ്രവേശിക്കുന്നവരെ ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചെങ്കിലും ഓണ്‍ലൈന്‍ പ്രതിഷേധം തണുപ്പിക്കാനായില്ല. സിജെപി കൂടുതല്‍ ജനശ്രദ്ധ നേടിക്കൊണ്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തകരെയും വിവിധ പ്ലാറ്റ്‌ഫോമുകളിലായി ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെയും നേടാന്‍ പാര്‍ട്ടിക്കായി.
അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, സാമൂഹിക പ്രവര്‍ത്തകയായ അഞ്ജലി ഭരദ്വാജ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ് തുടങ്ങിയ പ്രമുഖര്‍ ഈ പ്രസ്ഥാനത്തില്‍ ചേരാന്‍ തമാശരൂപേണ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ആക്ഷേപഹാസ്യവും ഗൗരവമേറിയ രാഷ്ട്രീയ ആവശ്യങ്ങളും ചേര്‍ന്നതാണ് പാര്‍ട്ടിയുടെ പ്രകടനപത്രിക.
ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിച്ച ശേഷം രാജ്യസഭാ സ്ഥാനങ്ങള്‍ നല്‍കുന്നത് നിരോധിക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം ഉറപ്പാക്കുക, പാര്‍ലമെന്റിലും മന്ത്രിസഭയിലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുക, മാധ്യമ ഉടമസ്ഥതയിലും തൊഴിലവകാശങ്ങളിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരിക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
ഇതൊരു താല്‍ക്കാലിക തമാശ (meme trend) മാത്രമല്ലെന്നും ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ വളരുന്ന നിരാശയുടെ പ്രതിഫലനമാണെന്നും ദിപ്‌കെ ആവര്‍ത്തിച്ചു. കോക്രോച്ച് ജനത പാര്‍ട്ടി ഒരു ഔദ്യോഗിക രാഷ്ട്രീയ സംഘടനയായി മാറുമോ അതോ ഒരു ഓണ്‍ലൈന്‍ പ്രതിഷേധമായി തുടരുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. എങ്കിലും, എക്സ് അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞുവെക്കപ്പെട്ടതും സോഷ്യല്‍ മീഡിയയിലെ സ്വാധീനം വര്‍ധിച്ചതും കാരണം സിജെപി ഇപ്പോള്‍ ദേശീയ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്
---------------
Hindusthan Samachar / Sreejith S