സ്വര്ണ വില കൂടിയപ്പോള് ബാങ്കുകള്ക്കും കോളടിച്ചു: സ്വര്ണ്ണവായ്പകളില് റെക്കോര്ഡ് വര്ധനവ്
Kochi, 21 മെയ് (H.S.) രാജ്യത്തെ സ്വര്‍ണവായ്പകളില്‍ വന്‍ വര്‍ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സ്വര്‍ണ്ണവായ്പാ വിപണിയില്‍ 50.4 ശതമാനത്തിന്റെ റെക്കോര്‍ഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ''സിആര്‍ഐഎഫ് ഹൈ മാര്‍ക്ക്
Gold


Kochi, 21 മെയ് (H.S.)

രാജ്യത്തെ സ്വര്‍ണവായ്പകളില്‍ വന്‍ വര്‍ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സ്വര്‍ണ്ണവായ്പാ വിപണിയില്‍ 50.4 ശതമാനത്തിന്റെ റെക്കോര്‍ഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 'സിആര്‍ഐഎഫ് ഹൈ മാര്‍ക്ക്' (CRIF High Mark) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ റീട്ടെയില്‍ വായ്പാ രംഗത്ത് സ്വര്‍ണ്ണവായ്പകള്‍ ഒന്നാമതെത്തിയതായി വ്യക്തമാക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യയിലെ ആകെ സ്വര്‍ണ്ണവായ്പ തുക 18.6 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. റീട്ടെയില്‍ ക്രെഡിറ്റ് വിപണിയില്‍ നിലവില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വായ്പാ വിഭാഗമായി ഇതോടെ സ്വര്‍ണ്ണവായ്പകള്‍ മാറി.

സ്വര്‍ണ്ണവിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ദ്ധനവാണ് സ്വര്‍ണവായ്പകളിലെ ഈ വന്‍ കുതിപ്പിന് പിന്നിലെ പ്രധാന കാരണം. സ്വര്‍ണ്ണത്തിന്റെ മൂല്യം ഉയര്‍ന്നതോടെ, ഒരേ ആഭരണത്തിന്മേല്‍ മുന്‍പത്തേക്കാള്‍ വലിയ തുക വായ്പയായി നേടാന്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. പണയം വയ്ക്കാന്‍ ഭൗതികമായ ആസ്തിയുള്ളതിനാല്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് സുരക്ഷിതമായ വായ്പയായി മാറുന്നു.

അടിയന്തിര ചികിത്സാ ആവശ്യങ്ങള്‍, ബിസിനസ്സ് വിപുലീകരണം, വിദ്യാഭ്യാസം എന്നിവയ്ക്കായി ആഭരണങ്ങള്‍ വിറ്റഴിക്കുന്നതിന് പകരം, താല്ക്കാലികമായി പണയം വെച്ച് പണം കണ്ടെത്താനാണ് ഭൂരിഭാഗം കുടുംബങ്ങളും താല്പര്യപ്പെടുന്നത്. വായ്പയെടുക്കുന്ന തുക വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും തിരിച്ചടവുകള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News