Enter your Email Address to subscribe to our newsletters

Thiruvanathapuram, 21 മെയ് (H.S.)
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടര്‍നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധമായി മാറ്റി തുടങ്ങുമെന്ന് റവന്യൂമന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു. വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കുമെന്നും എല്ലാവര്‍ക്കും പട്ടയം എന്നതാണ് സര്‍ക്കാര്‍ നയമെന്നും എപി അനില് കുമാര്‍ പറഞ്ഞു. പദ്ധതി റദ്ദാക്കിയെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി വിഡി സതീശന്‍ മാധ്യമങ്ങളെ അറിയിച്ചത്.
സില്‍വര്‍ ലൈന്‍ പൂര്‍ണമായി റദ്ദാക്കിയ യുഡിഎഫ് സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെയുളള കേസുകളും പിന്‍വലിക്കുമെന്ന് അറിയിച്ചു. പദ്ധതി ഉപേക്ഷിച്ച് ബദല്‍ തേടിപ്പോയിട്ടും വിജ്ഞാപനം റദ്ദാക്കാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നാട്ടിയ മഞ്ഞക്കുറ്റികള്‍ കാരണം ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ കുരുങ്ങിയ കുടുംബങ്ങള്‍ക്ക് ഇതോടെ ആശ്വാസമാവുകയാണ്.
പരിസ്ഥിതി പ്രശ്‌നങ്ങളും പ്രായോഗികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പദ്ധതി മേഖലയിലുളളവരും സമരം ചെയ്തിട്ടും മുന്‍ സര്‍ക്കാര്‍ വകവെച്ചിരുന്നില്ല. പൊലീസ് നടപടികളുണ്ടായി. ആ കേസുകളെല്ലാം പുതിയ സര്‍ക്കാര്‍ പിന്‍വലിക്കുകയാണ്.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറില്‍ എത്തുന്ന 11 സ്റ്റോപ്പുകളുളള പദ്ധതിയാണ് സില്‍വര്‍ ലൈന്‍. അതിവേഗ പാതയ്ക്ക് എതിരല്ലെങ്കിലും ബദല്‍ ആലോചിച്ചുമാത്രമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S