Enter your Email Address to subscribe to our newsletters

Kerala, 21 മെയ് (H.S.)
കൊച്ചി: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കൊച്ചി കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള മില്ലുപടിയിൽ വെച്ച് മാരക ലഹരിമരുന്നുകളുമായി രണ്ടുപേരെ ഡാൻസാഫ് (DANSAF) സംഘം പിടികൂടി. കോട്ടയം വയലാ സ്വദേശിയായ അമിത് ഗോപിദാസ്, തൃക്കാക്കര ചെമ്പുമുക്ക് സ്വദേശി ജെഫ്രി എന്നിവരാണ് ലഹരിമരുന്ന് വിൽപ്പനയ്ക്കിടെ പോലീസിന്റെ പിടിയിലായത്
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാക്കനാട് ഇൻഫോപാർക്ക് പരിസരത്ത് വെച്ച് ഇവരെ കസ്റ്റഡിയിലെടുത്തത് . ഇവരിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരിവസ്തുക്കളാണ് പോലീസ് കണ്ടെടുത്തത്.
പിടിച്ചെടുത്തത് മാരക ലഹരിവസ്തുക്കൾ
പ്രതികളുടെ പക്കൽ നിന്നും 50 എൽ.എസ്.ഡി (LSD) സ്റ്റാമ്പുകളും, 63.538 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ഡാൻസാഫ് സംഘം പിടിച്ചെടുത്തത് . കൊച്ചിയിലെ ഐടി ജീവനക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ഇവർ ലഹരിമരുന്ന് എത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത് പിടിയിലായ പ്രതികൾ കൊച്ചിയിലെ പ്രമുഖ ലഹരി വിതരണ ശൃംഖലയിലെ പ്രധാനികളാണെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഉറവിടം കണ്ടെത്താൻ അന്വേഷണം
പ്രതികൾക്ക് ഇത്രയധികം എൽ.എസ്.ഡി സ്റ്റാമ്പുകളും ഹൈബ്രിഡ് കഞ്ചാവും എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഇതിന് പിന്നിൽ വൻകിട ലഹരി മാഫിയകൾക്ക് പങ്കുണ്ടോ എന്നും, ലഹരിമരുന്നുകൾ വിദേശത്തുനിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ എത്തിച്ചതാണോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
---------------
Hindusthan Samachar / Roshith K