Enter your Email Address to subscribe to our newsletters

Kollam, 21 മെയ് (H.S.)
കൊല്ലം: ജില്ലയിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദേശീയപാത 66-ൽ വീണ്ടും വൻ സുരക്ഷാ വീഴ്ച. കൊല്ലം കാവനാട് ആൽത്തറമൂട് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിൽ ചെപ്പള്ളിമുക്ക് ഭാഗത്താണ് ഏകദേശം 100 മീറ്ററോളം നീളത്തിൽ റോഡിന് ഇരുവശത്തുമായി വലിയ വിള്ളൽ രൂപപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനിരിക്കെയാണ് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഈ പ്രതിഭാസം ഉണ്ടായത്.
പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് റോഡ് നടുവേ പിളർന്നു നിൽക്കുന്ന മാരകമായ വിള്ളൽ ആദ്യം കണ്ടെത്തിയത്. എന്നാൽ, ഈ വിള്ളൽ എങ്ങനെയുണ്ടായെന്നോ ഇതിന്റെ സാങ്കേതിക തകരാറുകൾ എന്തെല്ലാമാണെന്നോ കൃത്യമായ ശാസ്ത്രീയ പരിശോധനകൾ നടത്താൻ ദേശീയപാത അതോറിറ്റിയോ (NHAI) കരാർ കമ്പനിയോ തയ്യാറായിട്ടില്ല. പകരം അടിയന്തരമായി ടാറും മെറ്റലും, മണലും ഉപയോഗിച്ച് വിള്ളൽ താൽക്കാലികമായി അടച്ചുതീർക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഈ നടപടിക്കെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കരാർ കമ്പനിയുടെ തൊഴിലാളികൾ ജെസിബി ഉപയോഗിച്ച് വിള്ളൽ മറയ്ക്കാൻ നടത്തിയ നീക്കം നാട്ടുകാർ സംഘടിച്ച് തടയുകയായിരുന്നു.
അശാസ്ത്രീയ നിർമാണമെന്ന് ആക്ഷേപം
ചെളി നിറഞ്ഞ പാടശേഖരങ്ങളും തണ്ണീർത്തടങ്ങളും നിറഞ്ഞ ഈ മേഖലയിൽ കൃത്യമായ പാരിസ്ഥിതിക പഠനങ്ങളോ മണ്ണിന്റെ ഘടനാ പരിശോധനയോ നടത്താതെയാണ് മൺമതിൽ (Reinforced Soil Wall) കെട്ടിപ്പൊക്കി ഉയരപ്പാത നിർമിച്ചതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. മൺമതിൽ കെട്ടി മണ്ണ് ഇട്ടുയർത്തുന്ന രീതി ഇവിടെ വലിയ അപകടത്തിന് കാരണമാകുമെന്ന് തുടക്കം മുതലേ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. ഈ ഭാഗത്ത് എലിവേറ്റഡ് ഹൈവേ (കോൺക്രീറ്റ് തൂണുകളിലുള്ള ഉയരപ്പാത) വേണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. മഴ ശക്തമായാൽ മണ്ണ് ഇരിക്കാനും അതോടെ ഈ ഉയരപ്പാത പൂർണമായി തകരാനും സാധ്യതയുണ്ടെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. വിള്ളലിലൂടെ മഴവെള്ളം താഴേക്ക് ഇറങ്ങുന്നത് ഭിത്തിയുടെ ശക്തി വീണ്ടും കുറയ്ക്കുമെന്നത് അപകടസാധ്യത ഇരട്ടിയാക്കുകയാണ്.
മൈലക്കാട് ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപേ...
ദേശീയപാത അതോറിറ്റിയുടെ ഈ അനാസ്ഥ നാട്ടുകാരിൽ ഭയമുണ്ടാക്കാൻ കൃത്യമായ കാരണമുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപാണ് കൊട്ടിയം മൈലക്കാട് ഭാഗത്ത് സമാനമായ രീതിയിൽ നിർമ്മാണത്തിലിരുന്ന ഉയരപ്പാതയും സർവീസ് റോഡും പൂർണമായി തകർന്നു വീണത്. അന്ന് വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അതിന് പുറമെ ചാത്തന്നൂർ, കൊട്ടിയം പറക്കുളം ഭാഗങ്ങളിലും ഇത്തരത്തിൽ അപ്രോച്ച് റോഡുകളിലെ കോൺക്രീറ്റ് പാനലുകൾ പുറത്തേക്ക് തള്ളുകയും വിള്ളലുകൾ വീഴുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ ഞെട്ടൽ മാറും മുൻപാണ് കാവനാടും ആവർത്തിക്കുന്ന ഈ സുരക്ഷാ വീഴ്ച. നിലവിൽ വിള്ളൽ വീണ പാലത്തിന് താഴെയുള്ള സർവീസ് റോഡുകൾ വഴിയാണ് കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്. പാലത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത് താഴെയുള്ള യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകും.
ശക്തമായ സമരത്തിലേക്ക് നാട്ടുകാർ
ഉന്നത ഉദ്യോഗസ്ഥരും നിർമാണ കമ്പനിയുടെ വിദഗ്ധരും സ്ഥലത്തെത്തി വിള്ളലിന്റെ കൃത്യമായ കാരണവും ശാശ്വത പരിഹാരവും ബോധ്യപ്പെടുത്താതെ നിർമാണവുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ. ജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത ഇത്തരം ഉപരിപ്ലവമായ അറ്റകുറ്റപ്പണികൾ അവസാനിപ്പിച്ചില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നാണ് കോർപ്പറേഷൻ കൗൺസിലർമാരും ആക്ഷൻ കൗൺസിലും മുന്നറിയിപ്പ് നൽകുന്നത്.
---------------
Hindusthan Samachar / Roshith K