Enter your Email Address to subscribe to our newsletters

Kolkkatha, 21 മെയ് (H.S.)
ഇന്ത്യയുടെ സുപ്രധാന സുരക്ഷാ വിവരങ്ങള്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയ കൊല്‍ക്കത്ത സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. പണത്തിനും പാകിസ്ഥാന്‍ പൗരത്വത്തിനും വേണ്ടിയാണ് ഇയാള്‍ രാജ്യവിരുദ്ധ ഭീകര ഗൂഢാലോചനയുടെ ഭാഗമായി രഹസ്യവിവരങ്ങള്‍ കൈമാറിയതെന്ന് എന്‍ഐഎ വ്യക്തമാക്കി. കൊല്‍ക്കത്ത സ്വദേശിയായ സഫര്‍ റിയാസ് എന്ന റിസ്വിയാണ് പിടിയിലായത്. ഇന്ത്യക്കെതിരായ ഭീകരവാദ ഗൂഢാലോചനയുടെ ഭാഗമായി രഹസ്യ വിവരങ്ങള്‍ പാക് ഏജന്റുകള്‍ക്ക് ഇയാള്‍ കൈമാറിയതായി എന്‍ഐഎ സ്ഥിരീകരിച്ചു.
ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടയിലാണ് ഇയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ സംഹിത, ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് , നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
റിയാസ് ഒരു പാകിസ്ഥാന്‍ പൗരത്വമുള്ള യുവതിയെയാണ് വിവാഹം കഴിച്ചതെന്നും ഇവരുടെ കുട്ടികള്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്നും എന്‍ഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രതി മുന്‍പും ഇന്ത്യയില്‍ ചാരക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളാണെന്ന് എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ടിലെയും വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്.
2005 മുതല്‍ ഇയാള്‍ ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ നിരന്തരമായി യാത്ര ചെയ്യാറുണ്ടായിരുന്നു. ഇത്തരമൊരു സന്ദര്‍ശനത്തിനിടയിലാണ് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തുകയും ഇന്ത്യയില്‍ ചാരക്കേസ് നടത്തുന്നതിനായി തങ്ങളുടെ വലയിലാക്കുകയും ചെയ്തത്. വന്‍ തുകയും ഒപ്പം പാകിസ്ഥാന്‍ പൗരത്വവും വാഗ്ദാനം ചെയ്താണ് ഇയാളെക്കൊണ്ട് രാജ്യാന്തര ചാരവൃത്തി ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് എന്‍ഐഎ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ആക്ടിവേറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ഒടിപികള്‍ കൈമാറി മറ്റ് ചാരന്മാര്‍ക്കും ഭീകരവാദികള്‍ക്കും ഇന്ത്യയില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ സഫര്‍ റിയാസ് വലിയ തോതില്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ ടെലികോം നമ്പറുകളുടെ വണ്‍ ടൈം പാസ്വേഡുകള്‍ ഇയാള്‍ പാക് ഇടനിലക്കാര്‍ക്ക് കൈമാറി. ഈ ഒടിപികള്‍ ഉപയോഗിച്ച് പാക് ഏജന്റുകള്‍ ഇന്ത്യയില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് സജീവമാക്കി.
---------------
Hindusthan Samachar / Sreejith S