ആലപ്പുഴയിലെ പുനരന്വേഷണം: പഴയങ്ങാടിയിലെ ‘ജീവൻരക്ഷാ’ മർദനവും വീണ്ടും രാഷ്ട്രീയ ചർച്ചകളിലേക്ക്
Kannur, 21 മെയ് (H.S.) കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നവകേരള സദസ്സിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് നേരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ ക്രൂരമായ മർദനത്ത
ആലപ്പുഴയിലെ പുനരന്വേഷണം: പഴയങ്ങാടിയിലെ ‘ജീവൻരക്ഷാ’ മർദനവും വീണ്ടും രാഷ്ട്രീയ ചർച്ചകളിലേക്ക്


Kannur, 21 മെയ് (H.S.)

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നവകേരള സദസ്സിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് നേരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ ക്രൂരമായ മർദനത്തിന്റെ ഓർമ്മകൾ വീണ്ടും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. ആലപ്പുഴയിൽ കെ.എസ്.യു പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറിനെതിരായ അന്വേഷണം പുതിയ തലത്തിലേക്ക് കടന്നതോടെയാണ് പഴയങ്ങാടി സംഭവവും വീണ്ടും ചർച്ചകളിലേക്ക് വരുന്നത്. മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോയ അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വി.ഐ.പി വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചതാണ് അന്ന് വലിയ അക്രമത്തിൽ കലാശിച്ചത്.

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് അതിക്രൂരമായാണ് റോഡിലിട്ട് തല്ലിച്ചതച്ചത്. തലയ്ക്ക് മാരകമായി പരിക്കേറ്റ കെ.എസ്.യു ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ദിവസങ്ങളോളമാണ് അന്ന് ആശുപത്രിയിൽ കഴിഞ്ഞത്. എന്നാൽ ഈ ക്രൂരമായ മർദനത്തെ പ്രതിഷേധക്കാരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം (ജീവൻരക്ഷാസേനയുടെ പ്രവർത്തനം) എന്നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചത്. ഈ പ്രസ്താവന വലിയ തോതിലുള്ള ജനരോഷത്തിനും പരിഹാസത്തിനും വഴിതുറന്നിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ കോടതിയുടെ വിചാരണ ഘട്ടത്തിലാണ്.

ആലപ്പുഴയിലെ പുനരന്വേഷണം പഴയങ്ങാടിക്കും വഴിത്തിരിവാകുമോ?

ആലപ്പുഴയിൽ വെച്ച് സമാനമായ രീതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറിനും പോലീസുകാർക്കും എതിരെ ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചതാണ് ഇപ്പോൾ പഴയങ്ങാടി കേസിലും പ്രതിഫലിക്കുന്നത്. പഴയങ്ങാടിയിൽ അക്രമം തടയുന്നതിൽ പോലീസ് പൂർണ്ണമായും പരാജയപ്പെട്ടുവെന്നും ഡി.വൈ.എഫ്.ഐ അക്രമികൾക്ക് പോലീസ് ഒത്താശ ചെയ്തുവെന്നും അന്ന് തന്നെ ആക്ഷേപമുണ്ടായിരുന്നു. കൺമുന്നിൽ വെച്ച് യുവാക്കളെ ക്രൂരമായി മർദിച്ചിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതി ഇടപെടലിനെ തുടർന്നാണ് കേസ് മുന്നോട്ട് പോയത്.

നിയമപോരാട്ടവുമായി പ്രതിപക്ഷം

ആലപ്പുഴ സംഭവത്തിലെ പുനരന്വേഷണം ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. സമാനമായ രീതിയിൽ പഴയങ്ങാടി മർദന കേസിന്റെ വിചാരണയും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും, അക്രമത്തിന് പിന്നിലെ കൃത്യമായ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും പ്രതിപക്ഷ സംഘടനകൾ നിയമപോരാട്ടം ശക്തമാക്കുകയാണ്. അന്ന് അക്രമത്തിന് നേതൃത്വം നൽകിയ ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും, നിയമം കൈയിലെടുത്ത ജനാധിപത്യ വിരുദ്ധ ശക്തികളെ ജനമധ്യത്തിൽ തുറന്നു കാട്ടുമെന്നും കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. വരുന്ന ദിവസങ്ങളിൽ ഈ വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ചൂടേറിയ ചർച്ചകൾക്ക് കാരണമാകുമെന്നുറപ്പാണ്.

---------------

Hindusthan Samachar / Roshith K


Latest News