Enter your Email Address to subscribe to our newsletters

Chennai, 21 മെയ് (H.S.)
ചെന്നൈ: തമിഴ്‌നാട്ടില്‍ വന്ദേമാതരം സംബന്ധിച്ച വിവാദം തുടരുന്നു. മുഖ്യമന്ത്രി സി. വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ തമിഴ് ഗീതമായ 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ച ക്രമത്തെച്ചൊല്ലി വീണ്ടും വിവാദം. തമിഴ്‌നാട്ടിലെ കീഴ്വഴക്കമനുസരിച്ച് സര്‍ക്കാര്‍ ചടങ്ങുകളുടെ തുടക്കത്തിലാണ് തമിഴ് ഗീതമായ 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കേണ്ടത്. എന്നാല്‍, മുഖ്യമന്ത്രി വിജയ്യുടെയും തുടര്‍ന്ന് 23 മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ ഈ ക്രമം പാലിക്കപ്പെട്ടില്ലെന്നാണ് വിമര്‍ശനം. ആദ്യം വന്ദേമാതരവും രണ്ടാമത് ദേശീയഗാനമായ ജനഗണമനയും ആലപിക്കുകയായിരുന്നു. മൂന്നാമതായാണ് തമിഴ് തായ് വാഴ്ത്ത് ആലപിച്ചത്.
ഭരണകക്ഷിയിലെ ഘടകകക്ഷികളും പ്രതിപക്ഷമായ ഡിഎംകെയും ഇതിനെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും തമിഴ് വികാരത്തെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. എന്നാല്‍, ഗവര്‍ണറുടെ ഇടപെടല്‍ കാരണമാണ് ഈ മാറ്റം സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. തമിഴ് സംസ്‌കാരത്തിന് മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റമായാണ് ഈ നടപടിയെ വിലയിരുത്തുന്നത്. സംസ്ഥാനത്തെ ആചാരങ്ങളില്‍ കേന്ദ്രം നടത്തുന്ന ഈ രാഷ്ട്രീയ ഇടപെടലിനെതിരേ തമിഴ്‌നാട്ടില്‍ വന്‍ ജനരോഷം ഉയരുന്നുണ്ട്.
ഗവര്‍ണറുടെ ഓഫീസാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിച്ചതെന്നും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതെന്നുമാണ് ഭരണകക്ഷിയായ ടിവികെ വിശദീകരിക്കുന്നത്.
നേരത്തേ മുഖ്യമന്ത്രിയായുള്ള വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും 'തമിഴ് തായ് വാഴ്ത്ത്' അവസാനം ആലപിച്ചതിനെതിരേ പ്രതിഷേധമുണ്ടായിരുന്നു. അന്നും ഡി.എം.കെയും പ്രധാന സഖ്യകക്ഷികളും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. അന്ന് ഗവര്‍ണറുടെ ഓഫീസില്‍നിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരമാണ് വന്ദേമാതരത്തിന് മുന്‍ഗണന നല്‍കിയതെന്നാണ് ടിവികെ നല്‍കിയ വിശദീകരണം. മാത്രമല്ല, ഇനിയുള്ള എല്ലാ സര്‍ക്കാര്‍ പരിപാടികളിലും ആദ്യം തമിഴ് ഗീതം അലപിക്കുമെന്ന് വിജയ്യും ടിവികെയും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തമിഴ് ഗീതം ക്രമംതെറ്റിച്ച് പാടിയത്.
ഇതോടെ തമിഴ് അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയ വിജയ് സര്‍ക്കാര്‍ അതില്‍ പരാജയപ്പെട്ടുവെന്ന് ഡിഎംകെ ആരോപിച്ചു. വിജയ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്, സി.പി.ഐ, എം.ഡി.എം.കെ തുടങ്ങിയ കക്ഷികളും ഇതിനെതിരേ രംഗത്തെത്തി.
ബിജെപി, ഗവര്‍ണറുടെ ഓഫീസിനെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും തമിഴ് ജനതയുടെ വികാരങ്ങളെ മാനിക്കുന്നില്ലെന്നും കോണ്‍ഗ്രസ് എം.പി എസ്. ജ്യോതിമണി കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ചടങ്ങുകളില്‍ വന്ദേമാതരം ഉള്‍പ്പെടുത്തുന്നത് തമിഴ് ഗീതത്തെ അവഹേളിക്കലാണെന്നും അത് അനുവദിക്കരുതെന്നും വൈക്കോ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S