Enter your Email Address to subscribe to our newsletters

Ernakulam , 22 മെയ് (H.S.)
ആഗോളതലത്തിൽ എബോള വൈറസ് വ്യാപനം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ കൊച്ചി നെടുമ്പാശ്ശേരി
അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ), എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേരുകയും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
രോഗലക്ഷണങ്ങളോടെ എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനും രോഗവ്യാപനം തടയുന്നതിനുമുള്ള നിരീക്ഷണ സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഉടനടി ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി. ലോകാരോഗ്യ സംഘടന എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൊച്ചിയിലും സുരക്ഷാ നടപടികൾ ഊർജ്ജിതമാക്കിയത്. വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം.
24 മണിക്കൂറും സർവൈലൻസ് സംവിധാനം
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. അന്താരാഷ്ട്ര ടെർമിനലുകളിൽ എത്തുന്ന യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി തെർമൽ സ്ക്രീനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവ ഏർപ്പെടുത്തും. യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം കൃത്യമായി പരിശോധിക്കും.
സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി, എയർപോർട്ട് ഹെൽത്ത് ഓഫീസർ ഡോ. റാഫേൽ ടെഡി, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ആയിഷ മാനിക കെ. എ. എന്നിവരുടെ നേതൃത്വത്തിലാണ് അടിയന്തിര യോഗം ചേർന്നത്. സിഐഎസ്എഫ്, ഇമിഗ്രേഷൻ വകുപ്പ്, വിവിധ എയർലൈൻ പ്രതിനിധികൾ, എയർപോർട്ട് അതോറിറ്റി, സിയാൽ ജീവനക്കാർ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിൽ നടപ്പിലാക്കേണ്ട മുൻകരുതൽ പദ്ധതികൾ എപിഎച്ച്ഒ പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. അന്ന യോഗത്തിൽ അവതരിപ്പിച്ചു.
ചികിത്സയില്ലാത്ത 'ബുണ്ടിബുഗ്യോ' വകഭേദം; ആശങ്ക ശക്തം
നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളിൽ ഏറ്റവും അപകടകാരിയായ 'ബുണ്ടിബുഗ്യോ എബോള വൈറസ്' വകഭേദത്തെക്കുറിച്ചുള്ള ആശങ്കയും യോഗത്തിൽ പങ്കുവെച്ചു. ഈ പ്രത്യേക വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്സിനോ കൃത്യമായ ചികിത്സയോ ലഭ്യമായിട്ടില്ല എന്നത് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, തുടർന്ന് രോഗബാധിതരായ മനുഷ്യരിൽ നിന്ന് മറ്റുള്ളവരിലേക്കും ശരീര ദ്രവങ്ങളിലൂടെ അതിവേഗം രോഗം പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രോഗബാധയുണ്ടായാൽ വൈറസ് ശരീരത്തിൽ പ്രവേശിച്ച് ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ 2 മുതൽ 21 ദിവസം വരെ (Incubation Period) സമയമെടുക്കും. ശക്തമായ പനി, തൊണ്ടവേദന, കടുത്ത തലവേദന, പേശി വേദന തുടങ്ങിയ ഫ്ലൂ സമാനമായ ലക്ഷണങ്ങളാണ് പ്രാരംഭ ഘട്ടത്തിൽ പ്രകടമാകുന്നത്. എബോള ബാധിക്കുന്നവരിലെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെ ഉയർന്നതാണെന്നത് രോഗത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.
ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജം
എയർപോർട്ടിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ ഉടനടി മാറ്റുന്നതിനായി ജില്ലയിൽ വിപുലമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി സർക്കാർ മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക ഐസൊലേഷൻ വാർഡുകൾ ഇതിനകം തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പൊതുജനങ്ങൾ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വിമാനത്താവളത്തിലും പരിസരങ്ങളിലും ത്രി-ലെയർ മാസ്കുകളുടെ ഉപയോഗം, സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചുള്ള കൈ കഴുകൽ ഉൾപ്പെടെയുള്ള വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ ജീവനക്കാരും യാത്രക്കാരും കർശനമായി പാലിക്കണമെന്നാണ് നിർദേശം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR