Enter your Email Address to subscribe to our newsletters

Alappuzha , 22 മെയ് (H.S.)
കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയെ തകർത്ത് തിരുവനന്തപുരം.കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയ്ക്കെതിരെ അനായാസ വിജയവുമായി തിരുവനന്തപുരം. ഒൻപത് വിക്കറ്റിനായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. ടൂർണമെന്റിൽ തിരുവനന്തപുരത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത ആലപ്പുഴ 24.1 ഓവറിൽ 139 റൺസിന് ഓൾ ഔട്ടായി. 54 റൺസെടുത്ത നിളയാണ് ആലപ്പുഴയുടെ ടോപ് സ്കോറർ. 28 റൺസെടുത്ത പാർവ്വതിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. തിരുവനന്തപുരത്തിന് വേണ്ടി ആദ്യ, ഷനിത എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തിരുവനന്തപുരം 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഉർവ്വശിയും ശിവാനിയും ചേർന്ന 127 റൺസിന്റെ കൂട്ടുകെട്ടാണ് തിരുവനന്തപുരത്തിന് അനായാസ വിജയം ഒരുക്കിയത്. ഉർവ്വശി 60 റൺസും ശിവാനി 67 റൺസുമായി പുറത്താകാതെ നിന്നു. കൊല്ലവും പത്തനംതിട്ടയും തമ്മിലുള്ള മറ്റൊരു മത്സരം മഴ മൂലം ഉപേക്ഷിച്ചു.
കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിന്റെ വടക്കൻ മേഖലാ മത്സരങ്ങളിൽ കണ്ണൂരിനും വയനാടിനും കൂറ്റൻ വിജയം. കണ്ണൂർ കോഴിക്കോടിനെ 144 റൺസിനും വയനാട് കാസർഗോഡിനെ 118 റൺസിനുമാണ് തോൽപ്പിച്ചത്. ടൂർണമെന്റിൽ വയനാടിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്.
കോഴിക്കോടിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ 30 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. ഭവ്യയും (87) അയോണയും (77) ചേർന്നുള്ള 144 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് കണ്ണൂരിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ക്യാപ്റ്റൻ നിവേദ്യമോൾ 29 റൺസും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോഴിക്കോട് 26.5 ഓവറിൽ 84 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ അരിതയും രണ്ട് വിക്കറ്റ് വീഴ്ത്തിയ അയോണയുമാണ് കണ്ണൂർ ബൗളിങ് നിരയിൽ തിളങ്ങിയത്.
കാസർഗോഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത വയനാട് 27.3 ഓവറിൽ 175 റൺസിന് പുറത്തായി. 43 റൺസെടുത്ത തീർത്ഥയാണ് വയനാടിന്റെ ടോപ് സ്കോറർ. പ്രിഥന (31), ജിഷ്ന (21), ധനുഷ്യ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കാസർഗോഡിന് വേണ്ടി നബ ഫാത്തിമ, അൻവിത, റിഥിക എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാസർഗോഡ് 18.4 ഓവറിൽ 57 റൺസിന് ഓൾ ഔട്ടായി. രണ്ട് വിക്കറ്റം വീതം വീഴ്ത്തിയ പാർവ്വതി, അർച്ചന, വൈഗ, ജിഷ്ന എന്നിവരാണ് വയനാടിൻ്റെ ബൗളിങ് നിരയിൽ തിളങ്ങിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR