തിരുവമ്പാടി മലയോര മേഖലയായ മുത്തപ്പൻപുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ;വയനാട് തുരങ്കപാതയുടെ താത്കാലിക പാലം ഒലിച്ചുപോയി
Kozhikode , 22 മെയ് (H.S.) തിരുവമ്പാടി മലയോര മേഖലയായ മുത്തപ്പൻപുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. വനത്തിനുള്ളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് തിരുവമ്പാടി മറിപ്പുഴ റൂട്ടിൽ മലവെള്ളം ഇരച്ചെത്തിയത്. ഇന്നലെ ഉച്ചമുതൽ പ്രദേശത്ത് നിർത്താതെ പെയ്യുന്ന മഴയിൽ സന്ധ
Muthappanpuzha Flash Flood


Kozhikode , 22 മെയ് (H.S.)

തിരുവമ്പാടി മലയോര മേഖലയായ മുത്തപ്പൻപുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. വനത്തിനുള്ളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് തിരുവമ്പാടി മറിപ്പുഴ റൂട്ടിൽ മലവെള്ളം ഇരച്ചെത്തിയത്. ഇന്നലെ ഉച്ചമുതൽ പ്രദേശത്ത് നിർത്താതെ പെയ്യുന്ന മഴയിൽ സന്ധ്യയോടെയാണ് പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായത്. ഇതോടെ ഈ മേഖലയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

താത്കാലിക നടപ്പാത ഒലിച്ചുപോയി

മറിപ്പുഴയിലുണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലിൽ മുത്തപ്പൻപുഴ മസ്ജിദിന് സമീപം റോഡ് നിർമാണത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ താത്കാലിക നടപ്പാത പൂർണമായും ഒലിച്ചുപോയി. സംസ്ഥാനത്തെ അഭിമാന പദ്ധതിയായ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള പ്രധാന താത്കാലിക പാലമാണിത്. തുരങ്കപാത നിർമാണത്തിനായി നേരത്തെ ഇവിടുണ്ടായിരുന്ന പഴയ പാലം അധികൃതർ പൊളിച്ചുമാറ്റിയിരുന്നു.

ഇതിനുപകരമായി നിർമിച്ച നടപ്പാതയാണ് കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ തകർന്നത്. ഇതോടെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രാമാർഗം പൂർണമായും അടഞ്ഞു. തിരുവമ്പാടി, പുല്ലൂരാംപാറ, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ മേഖലകളിലേക്കുള്ള ഗതാഗതം ഇപ്പോൾ ദുഷ്കരമായിരിക്കുകയാണ്.

പുഴയോരം വനപ്രദേശം കൂടിയായതിനാൽ നിരവധി ആളുകൾ യാത്രാമാർഗത്തിനായി മുഖ്യമായും ആശ്രയിക്കുന്ന നടപ്പാതയാണ് ഒറ്റയടിക്ക് തകർന്നത്. പുതിയ പാലത്തിൻ്റെ നിർമാണം നടക്കുന്നതിനാൽ കരാർ കമ്പനി ഒരുക്കിയ ഈ താത്കാലിക സംവിധാനത്തിലൂടെയാണ് ചെറുവാഹനങ്ങളും നൂറുകണക്കിന് കാൽനടയാത്രക്കാരും നിത്യേന സഞ്ചരിച്ചിരുന്നത്. പാലം തകർന്നതോടെ മറുകരയിലുള്ളവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

മന്ദഗതിയിലായ നിർമാണം ദുരിതമാകുന്നു77 കോടി രൂപ ചെലവിലാണ് തിരുവമ്പാടി, പുല്ലൂരാംപാറ, ആനക്കാംപൊയിൽ വഴി മുത്തപ്പൻപുഴ മേഖലയിലേക്കുള്ള റോഡ് നിർമാണം ആരംഭിച്ചത്. എന്നാൽ ഏറെക്കാലമായി നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. യാത്രാമാർഗം അടഞ്ഞതോടെ അത്യാവശ്യ കാര്യങ്ങൾക്കും ആശുപത്രി ആവശ്യങ്ങൾക്കും പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ നാട്ടുകാർ.

സ്കൂൾ വിദ്യാർഥികൾക്കും ദിവസക്കൂലിക്കാരായ തൊഴിലാളികൾക്കും യാത്രാതടസ്സം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നൂറുകണക്കിന് കർഷകരും തങ്ങളുടെ കാർഷിക വിളകൾ വിപണിയിൽ എത്തിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ അനുബന്ധ പ്രവൃത്തികളുടെ ഭാഗമായാണ് ഈ റോഡ് നവീകരണം നടക്കുന്നത്. എന്നാൽ മഴക്കാലത്തിന് മുൻപ് തീർക്കേണ്ട പല പണികളും ഇനിയും പൂർത്തിയായിട്ടില്ല. പാലം പണി ഇനിയും വൈകിയാൽ പ്രദേശവാസികളുടെ ജീവിതം കൂടുതൽ ദുസ്സഹമാകും.

ജാഗ്രതാ നിർദേശം

പ്രദേശത്ത് മഴ ഇപ്പോഴും തുടരുന്നതിനാൽ പുഴയോരത്ത് താമസിക്കുന്ന ജനങ്ങൾ വലിയ ആശങ്കയിലാണ് കഴിയുന്നത്. കാലവർഷം പരക്കെ ശക്തമാകുന്നതിന് മുൻപ് തന്നെ പലയിടത്തും മലവെള്ളപ്പാച്ചിൽ ഉണ്ടായത് ജനങ്ങളിൽ ഭീതി വർധിപ്പിച്ചിട്ടുണ്ട്. പുഴയോരത്ത് താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യം നേരിടാൻ ദുരന്തനിവാരണ വിഭാഗവും സജ്ജമാണ്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

അതിനാൽ രാത്രിക്കാലങ്ങളിൽ മലയോര മേഖലകളിലേക്കുള്ള വിനോദസഞ്ചാരവും യാത്രകളും കർശനമായി ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ നദികളിലും തോടുകളിലും ഇറങ്ങുന്നത് തടയാൻ കർശന പരിശോധന നടത്തും. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ സുരക്ഷിതമായ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ ജില്ല കലക്ടർ നിർദേശിച്ചു.

ഇതിനായി വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ തഹസിൽദാർക്കും വില്ലേജ് ഓഫിസർമാർക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർഫോഴ്സ് സംഘത്തെയും പൊലീസിനെയും പ്രദേശത്ത് മുൻകരുതലായി വിന്യസിച്ചിട്ടുണ്ട്. അടിയന്തര സഹായങ്ങൾക്കായി താലൂക്ക് തലത്തിൽ കൺട്രോൾ റൂം തുറക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News