പാലക്കാട് വാണിയംകുളം കാലിച്ചന്തയിലെ താരമായി ഭീമന് പോത്ത്; മുറേ ഇനത്തില് പെട്ട പോത്തിന്റെ വില പത്ത് ലക്ഷം!
Palakkad , 22 മെയ് (H.S.) പാലക്കാട് വാണിയംകുളം കാലിച്ചന്തയിലെ കഴിഞ്ഞ ദിവസത്തെ താരം ഒരു പോത്തായിരുന്നു. പെരുന്നാള്ക്കച്ചവടം ലക്ഷ്യമിട്ട് മഹാരാഷ്ട്രയില് നിന്ന് എത്തിച്ച മുറേ ഇനത്തില് പെട്ട ഭീമന് പോത്തായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത
MURE BUFFALO


Palakkad , 22 മെയ് (H.S.)

പാലക്കാട് വാണിയംകുളം കാലിച്ചന്തയിലെ കഴിഞ്ഞ ദിവസത്തെ താരം ഒരു പോത്തായിരുന്നു. പെരുന്നാള്ക്കച്ചവടം ലക്ഷ്യമിട്ട് മഹാരാഷ്ട്രയില് നിന്ന് എത്തിച്ച മുറേ ഇനത്തില് പെട്ട ഭീമന് പോത്തായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത്.

മൂവായിരം കിലോയിലേറെ തൂക്കവും ആയിരം കിലോയിലേറെ ഇറച്ചി തൂക്കവും ഉള്ള പോത്ത് ചന്തയിലെ കൗതുകക്കാഴ്ചയായി. ആന പോലെയുള്ള പോത്തിന് മുകളില് കയറി അഭ്യാസം കാട്ടാനും പലരും മടിച്ചില്ല. ഭീമന് പോത്തിനെ കുറിച്ച് കേട്ടറിഞ്ഞ് നിരവധി പേര് ഇതിനെ കാണാന് മാത്രമായി ചന്തയിലേക്ക് എത്തി.

പത്ത് ലക്ഷം രൂപയാണ് ഉടമ നെല്ലിക്കുറിശി സ്വദേശി ഷഫീര് പോത്തിന് വിലയിട്ടിരുന്നത്. എട്ട് ലക്ഷം രൂപ വരെ പലരും പറഞ്ഞെങ്കിലും തന്റെ മോഹവിലയായ പത്ത് ലക്ഷം കിട്ടാതെ പോത്തിനെ വില്ക്കില്ലെന്ന വാശിയിലായിരുന്നു ഷഫീര്, ഒടുവില് ആരും പത്ത് ലക്ഷം രൂപയ്ക്ക് പോത്തിനെ വാങ്ങാന് തയാറാകാത്തതോടെ തന്റെ പോത്തുമായി ഷഫീറിന് മടങ്ങേണ്ടി വന്നു.

കേരളത്തിലെ കാലിച്ചന്തകളില് അപൂര്വമായാണ് ഇത്തരം ഭീമന് പോത്തുകള് വില്പ്പനയ്ക്ക് എത്താറുള്ളതെന്ന് കച്ചവടക്കാര് പറഞ്ഞു. മുപ്പത് കൊല്ലമായി കാലിക്കച്ചവട രംഗത്ത് പ്രവര്ത്തിക്കുന്ന താന് ഇതുപോലൊരു പോത്തിനെ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് കച്ചവടക്കാരിലൊരാള് പറഞ്ഞു.

മുറ ഇനത്തിൽപ്പെട്ട കാലികളുടെ വില ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു മൃഗത്തിന് 50,000 രൂപ മുതൽ 20 കോടി രൂപ വരെ വിലവരും. നേരത്തെ രാജസ്ഥാനിലെ സിക്കാറിൽ നടന്ന കന്നുകാലി മേളയില് ഈ ഇനത്തില് പെട്ട ഒരു പോത്ത് വലിയ വാര്ത്താ പ്രാധാന്യം നേടിയിരുന്നു. മൂന്ന് കോടി രൂപയാണ് ആ പോത്തിന് ലേലത്തിലൂടെ കിട്ടിയത്. എന്നാല് അത്രയും വലിയ ലേലത്തുക കിട്ടിയിട്ടും ആ പോത്തിനെ വില്ക്കാന് അതിന്റെ ഉടമസ്ഥന് മൃഗഡോക്ടറായ ഡോ. മുകേഷ് ദുധ്വാള് തയാറായില്ല. 34 മാസം മാത്രമായിരുന്നു ആ പോത്തിന്റെ പ്രായം. അവനെ പരിപാലിക്കാൻ ഒരേസമയം അഞ്ചുപേർ വേണം.

പ്രത്യേക ഇനമായതിനാല് ഇവന്റെ ബീജത്തിനും വലിയ ഡിമാന്റാണെന്ന് മുകേഷ് വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ബീജത്തിന് ആവശ്യക്കാരെത്താറുണ്ടെന്ന് ഡോ. മുകേഷ് അന്ന് പറഞ്ഞു. ഒരു തുള്ളി ബീജത്തിന് 2400 രൂപയാണ് വില. 10 മുതൽ 14 മില്ലി വരെ ബീജം ഒറ്റത്തവണ വേർതിരിച്ചെടുത്ത് 700 മുതൽ 900 വരെ ഡോസുകൾ നേർപ്പിച്ചാണ് വില്പന. ഒരു കോടിയിലധികം രൂപയ്ക്ക് ബീജം വില്ക്കാറുണ്ടെന്ന് മുകേഷ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News