മോഡലിങ്ങിൻ്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി പീഡിപ്പിച്ച കേസിൽ മുഖ്യസൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
Kochi,22 മെയ് (H.S.) മോഡലിങ്ങിൻ്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി പീഡിപ്പിച്ച കേസിൽ മുഖ്യസൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശി ശ്രീകുമാർ (ബിലാൽ) ആണ് മരട് പൊലീസിൻ്റെ പിടിയിലായത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്
Human trafficking


Kochi,22 മെയ് (H.S.)

മോഡലിങ്ങിൻ്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി പീഡിപ്പിച്ച കേസിൽ മുഖ്യസൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശി ശ്രീകുമാർ (ബിലാൽ) ആണ് മരട് പൊലീസിൻ്റെ പിടിയിലായത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കേസിലെ ഒന്നാം പ്രതി സിന്ധുവിന് പെൺകുട്ടികളെ പരിചയപ്പെടുത്തി നൽകിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് നീളുന്ന ഈ റാക്കറ്റിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

സിന്ധുവുമായി ചേർന്നാണ് ശ്രീകുമാർ നിർണായകമായ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വൈറ്റിലയിൽ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ഇവിടെ വച്ചാണ് മനുഷ്യക്കടത്തിൻ്റെ പ്രധാന ഗൂഢാലോചനകൾ നടന്നിരുന്നത്. സിനിമാരംഗത്തും മറ്റും അവസരങ്ങൾ വാഗ്ദാനം ചെയ്ത് മോഡലിങ്ങിനെന്ന് ധരിപ്പിച്ചാണ് പെൺകുട്ടികളെ ഇവർ വിദേശത്തേക്ക് കടത്തിയത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പെൺകുട്ടികളെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടത്.

വ്യാജവാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ച ശേഷം ഗൾഫ് രാജ്യങ്ങളിലേക്ക് ഇവരെ കൊണ്ടുപോകുകയായിരുന്നു. ഇതിൽ ശ്രീകുമാർ വലിയ പങ്കാണ് വഹിച്ചത്. ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റിൻ്റെ ചുരുളഴിക്കാൻ ഇയാളുടെ അറസ്റ്റോടെ സാധിക്കുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ. വിദേശ പ്രതിനിധികളുമായി ഇയാൾ നേരിട്ട് ആശയവിനിമയം നടത്തിയതിൻ്റെ ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ മോഡലുകളെ ആവശ്യമുണ്ടെന്ന് കാണിച്ച് വ്യാജ പരസ്യങ്ങൾ നൽകിയും പെൺകുട്ടികളെ ഇവർ വലയിലാക്കിയിരുന്നു.

കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ നേരത്തെ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പെൺകുട്ടികളുടെ ചിത്രങ്ങൾ വാട്സാപ്പ് വഴി ഇടപാടുകാർക്ക് അയച്ച് നൽകി വിലപേശിയതിൻ്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകൾ ഇവർ നിർമിച്ചിരുന്നു. കച്ചവടം ഉറപ്പിച്ചതിൻ്റെ ചാറ്റ് വിവരങ്ങൾ ഉൾപ്പെടെ സിന്ധുവിൻ്റെ ഫോണിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.

മോഡലിങ്ങിൻ്റെ മറവിൽ നടന്നത് മനുഷ്യക്കടത്താണെന്ന് വ്യക്തമായിട്ടുണ്ട്. ഇതൊരു സംഘടിത കുറ്റകൃത്യമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. മറ്റ് ജില്ലകളിലും ഇവർക്ക് ഏജൻ്റുമാർ പ്രവർത്തിച്ചിരുന്നോ എന്ന കാര്യവും സംഘം പരിശോധിക്കുന്നുണ്ട്. തട്ടിപ്പിന് ഇരയായ ചില പെൺകുട്ടികളിൽ നിന്ന് നിർണായകമായ മൊഴികൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നവരുമാണ് റാക്കറ്റിൻ്റെ ഇരകളിൽ ഭൂരിഭാഗവുമെന്ന് പൊലീസ് വിലയിരുത്തുന്നു.

കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ പെൺകുട്ടികളെ വലയിലാക്കിയത്. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും കമ്മിഷണർ വ്യക്തമാക്കി. സ്വർണക്കടത്ത് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയം ശക്തമായിരുന്നു. എന്നാൽ, ഇരകളെ ഉപയോഗിച്ച് സ്വർണക്കടത്ത് നടന്നതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. പ്രതികൾക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടോയെന്ന കാര്യത്തിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. സിന്ധുവിൻ്റെ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയുടെ പോസ്റ്ററിൽ ചില പ്രമുഖ താരങ്ങളുടെ ഫോട്ടോ ഉപയോഗിച്ചിരുന്നു. ഇതിനെക്കുറിച്ചും വിശദമായ അന്വേഷണത്തിന് വിധേയമാക്കും.

പ്രതികളെ ചോദ്യം ചെയ്യുന്നതോടെ ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഒപ്പം, ഒന്നാം പ്രതി സിന്ധുവിൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. മോഡലിങ് വാഗ്ദാനങ്ങൾ ലഭിക്കുമ്പോൾ പെൺകുട്ടികളും മാതാപിതാക്കളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കർശനമായ നിർദേശം നൽകിയിട്ടുണ്ട്. സൈബർ പൊലീസിൻ്റെ സഹായത്തോടെ പ്രതികളുടെ പഴയ ഫോൺ രേഖകൾ വരെ ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളിലും കേസിൽ നിർണായകമായ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News