Enter your Email Address to subscribe to our newsletters

Kasaragod , 22 മെയ് (H.S.)
ഞെട്ടിക്കുന്ന പരാജയത്തിന് ശേഷം ചേർന്ന സിപിഎം തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി യോഗത്തിൽ അതിരൂക്ഷ വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്ന് തുറന്നടിച്ച് അംഗങ്ങൾ. നിലവിലെ കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കിൽ പാർട്ടിയുടെ അന്ത്യം കാണുമെന്നും മുന്നറിയിപ്പ്.
പയ്യന്നൂരിലെ സംഘടന വിഷയം തൃക്കരിപ്പൂരിലെ തോൽവിക്ക് പ്രധാന കാരണമായി. കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂൽ ബേബിയെന്നും വിമർശനം. പി ജയരാജനും കെ കെ ശൈലജയും നേതൃനിരയിലേക്ക് വരണം. പി ജയരാജൻ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് കടുത്ത വിമർശനം ഉയർന്നത്. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും അംഗങ്ങൾ ആവശ്യപ്പെട്ടിരിന്നു.
പാർട്ടി കോട്ടയെന്നു അറിയപ്പെടുന്ന തൃക്കരിപ്പൂരിലെ തോൽവി, പാർട്ടിക്ക് കടുത്ത ആഘാതം ഉണ്ടാക്കിയിരുന്നു. പരാജയ കാരണം ചർച്ചയാകുന്നതിനിടെ സമൂഹ മാധ്യമങ്ങളിൽ നേതാക്കൾക്ക് നേരെയുള്ള ആരോപങ്ങളും ഉയർന്നു വന്നിരുന്നു. മണ്ഡലത്തിൽ എൽഡിഎഫ് 2000 ലധികം വോട്ടുകൾക്ക് ലീഡ് പ്രതീക്ഷിച്ച നഗരസഭയിൽ വോട്ട് കുറഞ്ഞു. സിപിഎം കേന്ദ്രമായ കയ്യൂർ ചീമേനി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി മുൻകൈ നേടിയെങ്കിലും എൽഡിഎഫ് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല.
കയ്യൂർ പഞ്ചായത്തിലെ പല വാർഡുകളിൽ നിന്നും വോട്ട് ചോർന്നു. കയ്യൂർ -ചീമേനി പഞ്ചായത്തിൽ തിരിച്ചടി ഉണ്ടായി. പ്രതീക്ഷിച്ച മുന്നേറ്റം ചെറുവത്തൂരിലും പിലിക്കോടും എൽഡിഎഫിന് പുലർത്താൻ കഴിഞ്ഞില്ല. തൃക്കരിപ്പൂർ പഞ്ചായത്തിൽ കഴിഞ്ഞ തവണ പതിനായിരത്തിൽ പരം വോട്ടുകൾ ആണ് ലഭിച്ചത്. അത് ഏഴായിരത്തിലേക്ക് ചുരുങ്ങി. രൂപീകൃതമായ ശേഷം ആദ്യമായാണ് തൃക്കരിപ്പൂർ മണ്ഡലം സിപിഎമ്മിനെ കൈവിട്ടത്.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എം രാജഗോപാലൻ 26,137 വോട്ടുകൾക്ക് ജയിച്ച മണ്ഡലമാണ് തൃക്കരിപ്പൂർ. മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ മത്സരിച്ചു ജയിച്ച മണ്ഡലത്തിലാണ് ഇത്തവണത്തെ ജനവിധി യുഡിഎഫിന് അനുകൂലമായത്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ പ്രവർത്തകർ തയ്യാറാകുന്നില്ല.
ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും വിമർശനം
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടറിക്ക് അണികൾ ക്ലാസെടുക്കേണ്ട അവസ്ഥയായെന്നും സർക്കാരിന്റെ നേട്ടങ്ങൾ നേതാക്കളുടെ ധാർഷ്ട്യം കൊണ്ട് ചർച്ചയായില്ലെന്നും അംഗങ്ങൾ തുറന്നടിച്ചു. ജനങ്ങളോടുള്ള നേതാക്കളുടെ സമീപനത്തിൽ മാറ്റം ഉണ്ടാവണം. പിണറായി വിജയന്റെ 'വീട്ടിൽ പോയി ചോദിച്ചാൽ മതി' ഉൾപ്പടെയുള്ള പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി.
സർക്കാരും പാർട്ടിയും രണ്ട് ധ്രുവങ്ങളിലായി പ്രവർത്തിച്ചു. പി കെ ശ്രീമതി വായിൽ തോന്നിയത് വിളിച്ചുപറയുകയാണ്. മാധ്യമങ്ങളിലൂടെ പാർട്ടിയെ വീണ്ടും തരംതാഴ്ത്തുന്നതാണ് ശ്രീമതിയുടെ പ്രതികരണമെന്നും വിമർശനം. തൃക്കരിപ്പൂരിലെ പരാജയം യുഡിഎഫ് തരംഗം മാത്രമല്ല. പാർട്ടി വോട്ടുകൾ ചോർന്നതിൽ പ്രാദേശികമായി പരിശോധിക്കേണ്ട വിഷയങ്ങളുണ്ട്. 10 വർഷം എംഎൽഎ ആയിരുന്ന ജില്ലാ സെക്രട്ടറി പ്രചാരണ ഘട്ടത്തിൽ തിരിഞ്ഞുനോക്കിയില്ലെന്നും വിമർശനം ഉണ്ടായി.
സ്ഥാനാർഥി നിർണയത്തിലെ അപാകം മുതൽ പാർട്ടി ഗ്രാമങ്ങളിലെ വോട്ടുചോർച്ച വരെ സംസാര വിഷയമായപ്പോഴൊക്കെ പ്രതിക്കൂട്ടിലാക്കിയത് സംസ്ഥാന നേതൃത്വത്തെയാണ്. എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള തളിപ്പറമ്പിൽ സ്ഥാനാർഥിയായതും പയ്യന്നൂരിലെ വിഷയവും കാസർകോട് ജില്ലയേയും ബാധിച്ചുവെന്ന് ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ചിലർ പറഞ്ഞു. എം.വി ഗോവിന്ദന്റെ പല പത്രസമ്മേളനങ്ങളും നെഗറ്റീവ് ഫലം ഉണ്ടാക്കിയെന്ന വിമർശമാണ് അംഗങ്ങൾ ഉന്നയിച്ചത്. തൃക്കരിപ്പൂരിലും ഉദുമയിലുമുണ്ടായ തോൽവി ജില്ലയിലെ സിപിഎമ്മിനുണ്ടാക്കിയ ആഘാതം ചെറുതല്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR