വിവാദമായ മുട്ടിൽ മരമുറി കേസിൽ തുടരന്വേഷണം വേണമെന്ന് മുൻ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ: ജോസഫ് മാത്യു
Kozhikode , 22 മെയ് (H.S.) വിവാദമായ മുട്ടിൽ മരമുറി കേസിൽ തുടരന്വേഷണം വേണമെന്ന് മുൻ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ: ജോസഫ് മാത്യു. ഇപ്പോഴത്തെ കുറ്റപത്രം അവിടെ നിലനിർത്തിക്കൊണ്ട് ഒരു തുടരന്വേഷണത്തിന് യുഡിഎഫ് സർക്കാർ തയാറാകണമെന്നും ജോസഫ് മാത്യു പറഞ്ഞു.
MUTTIL TREE FELLING CASE


Kozhikode , 22 മെയ് (H.S.)

വിവാദമായ മുട്ടിൽ മരമുറി കേസിൽ തുടരന്വേഷണം വേണമെന്ന് മുൻ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ: ജോസഫ് മാത്യു. ഇപ്പോഴത്തെ കുറ്റപത്രം അവിടെ നിലനിർത്തിക്കൊണ്ട് ഒരു തുടരന്വേഷണത്തിന് യുഡിഎഫ് സർക്കാർ തയാറാകണമെന്നും ജോസഫ് മാത്യു പറഞ്ഞു.

'കഴിഞ്ഞ സർക്കാർ അതിന് മുതിർന്നില്ല, എന്നാൽ പുതിയ സർക്കാരിന് അതിനുള്ള അധികാരമുണ്ട്. പുനരന്വേഷണം ആണെങ്കിൽ മാത്രമേ ഹൈക്കോടതിയെ സമീപിക്കേണ്ട ആവശ്യമുള്ളൂ. ഈ കേസിൽ നിലവിലെ ചീഫ് സെക്രട്ടറി ജയതിലകിൻ്റെ റോൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നേരത്തെ കത്തയച്ചിരുന്നു, പക്ഷേ ഫലം ഉണ്ടായില്ല. ഈ കേസ് കൈകാര്യം ചെയ്ത ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിഞ്ഞ സർക്കാരിന് കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം' അഡ്വ: ജോസഫ് മാത്യു പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയുന്നതുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി.വി ബെന്നി തന്നെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ ശുപാർശ ചെയ്തത്. എന്നാൽ അന്വേഷണം ദുർബലമാണെന്ന് തുറന്നു പറഞ്ഞതോടെയാണ് തന്നെ ആ സ്ഥാനത്തുനിന്ന് നീക്കിയത്. അന്നത്തെ അതേ നിലപാടിൽ തന്നെ ഞാൻ ഉറച്ചു നിൽക്കുകയാണ്. ഈ കുറ്റപത്രം ദുർബലമാണ്, ഇതുകൊണ്ട് ഒരു പ്രതിയെയും ശിക്ഷിക്കാൻ കഴിയില്ല. 84,600 പേജ് ഉള്ള കുറ്റപത്രത്തിലെ പോരായ്മകളും തെറ്റുകളും അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ എഴുതി കൊടുത്തതാണ്. എഡിജിബിക്കും അത് നേരിട്ട് കൊടുത്തു. അന്നത്തെ ചീഫ് സെക്രട്ടറിക്കും കൈമാറി.

ഇന്നത്തെ ചീഫ് സെക്രട്ടറിയും അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ജയതിലകിൻ്റെ പങ്കാണ് ഇതിൽ പ്രധാനമായി അന്വേഷിക്കേണ്ടത്. നിയമവിരുദ്ധ മരമുറിയിൽ അദ്ദേഹത്തിന് പങ്കുണ്ട്. നിയമപരമായി നിലനിൽക്കാത്ത തെറ്റായ ഒരു ഉത്തരവാണ് അന്ന് ജയതിലക് ഇറക്കിയത്. അങ്ങനെയൊരു ഉത്തരവിറക്കാൻ സർക്കാരിന് അധികാരവുമില്ല. ആ കാരണം കൊണ്ട് തന്നെ ഈ കേസ് നിലനിൽക്കില്ലെന്നും അങ്ങനെ ഒരു വിചിത്ര ഉത്തരവ് ഇറക്കിയതിനെതിരെ കുറിച്ച് അന്വേഷിക്കണം എന്നുമാണ് പ്രത്യേക അന്വേഷണസംഘം ആദ്യം തീരുമാനിച്ചത്. എന്നാൽ അതിലും അന്വേഷണം നടന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഒരു അഞ്ചു കൊല്ലം കൂടി ഈ കേസ് നീളും. അത് കഴിയുമ്പോൾ എല്ലാവരും പുറത്ത് പോകുമെന്നും അഡ്വ: ജോസഫ് മാത്യു പറഞ്ഞു.

സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ അന്വേഷിച്ച ഈ കേസ് യഥാർഥത്തിൽ മീനങ്ങാടി സിഐ അന്വേഷിക്കേണ്ട കേസ് ആയിരുന്നു. മേലുദ്യോഗസ്ഥരുടെ ഇടപെടൽ ഇല്ലാതെ അദ്ദേഹം അന്വേഷിച്ചിരുന്നെങ്കിൽ ഇതിൽ മികച്ചൊരു കുറ്റപത്രം ഉണ്ടാകുമായിരുന്നു. യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ ജയതിലകിൻ്റെ റോൾ പുറത്തുവരും എന്നതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചത്. അദ്ദേഹം കൂട്ടിച്ചേർത്തു.

15 കോടിയുടെ മരം കണ്ടെത്തി എന്നായിരുന്നു അന്വേഷണസംഘം കോടതിയെ അറിയിച്ചത്. എന്നാൽ ഇപ്പോൾ ലേലം ചെയ്യാൻ കോടതി ഉത്തരവിട്ടാൽ എത്ര കോടിയുടെ മരം ഉണ്ടെന്ന് കണ്ടറിയണം. അതിൽ നഷ്ടം വന്നാൽ അതിനുത്തരവാദികൾ വനംവകുപ്പിലെ ഉദ്യോഗസ്ഥർ മാത്രമാണ്. കടത്തിയ മരം കണ്ടുകിട്ടിയ കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 60 ദിവസമാണ് പ്രതികൾ അകത്ത് കിടന്നത്.

അഞ്ചുവർഷം തടവ് ലഭിക്കേണ്ട കുറ്റമായിരുന്നു അത്. എന്നാൽ അന്വേഷണം നടത്താത്തതുകൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ആ കേസും അട്ടിമറിക്കപ്പെട്ടതെന്നും സ്പെഷൽ പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ: ജോസഫ് മാത്യു പറഞ്ഞു. കേസിൻ്റെ അന്വേഷണം നേരായ രീതിയിൽ അല്ല പോകുന്നതെങ്കിൽ പൊതുസമൂഹത്തിലെ ആർക്കുവേണമെങ്കിലും കോടതിയെ സമീപിക്കാം എന്ന് ഹൈക്കോടതി പറഞ്ഞത് ആരും മറന്നു പോകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലെയും കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.

41 കേസുകളിലായി 85,000 പേജുകളുള്ള കുറ്റപത്രമാണ് ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്. ആകെ 12 പ്രതികളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ പ്രധാന പ്രതികളായുള്ള 36 കേസുകളും വ്യത്യസ്ത ഭൂ ഉടമകൾ പ്രതികളായുള്ള 5 കേസുകളുമാണുള്ളത്. മരങ്ങളുടെ പൂർണ വിവരങ്ങൾ അടങ്ങിയ മഹസറുകളും റിപ്പോർട്ടും പരിശോധിച്ച് കേസ് വിണ്ടും പരിഗണിക്കും.

മരങ്ങൾ എന്തു ചെയ്യണമെന്നതു സംബന്ധിച്ചുള്ള ഉത്തരവും ഉണ്ടായേക്കും. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള ശുപാർശയിൽ വി.ഡി.സതീശൻ സർക്കാർ സ്വീകരിക്കുന്ന നിലപാട് അന്വേഷണസംഘം ഉറ്റുനോക്കുമ്പോഴാണ് തുടരന്വേഷണം ആവശ്യപ്പെട്ട് മുൻ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ: ജോസഫ് രംഗത്തെത്തിയത്.

റവന്യു വകുപ്പിൽ നിന്ന് ഇറക്കിയ വിവാദ ഉത്തരവിൻ്റെ മറപിടിച്ച്, ആദിവാസികളായ ഭൂവുടമകളെ കബളിപ്പിച്ചു സർക്കാരിലേക്കു നിക്ഷിപ്തമാക്കിയ മരങ്ങൾ മുറിച്ച കേസുകളിലാണ് ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേകഅന്വേഷണ സംഘം 4 വർഷം കൊണ്ടു കുറ്റപത്ര സമർപ്പണം പൂർത്തിയാക്കിയത്. 4 കോടിരൂപ വിലയുള്ള മരങ്ങൾ ഭൂവുടമകൾക്കു വെറും 14 ലക്ഷം രൂപ നൽകിയാണു മുറിച്ചിരിക്കുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. മുട്ടിൽ കേസുകളിൽ മാത്രം മൊത്തം 14 കോടി രൂപയാണ് സർക്കാരിന്റെ നഷ്ടം കണക്കാക്കുന്നത്.

ഇതേ ഉത്തരവിൻ്റെ ചുവടുപിടിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോടിക്കണക്കിനു രൂപയുടെതേക്ക്, ഈട്ടി മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ട്. മരം കണ്ടുകെട്ടിയ നടപടിക്കെതിരെ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി വയനാട്അഡിഷനൽ ജില്ലാ കോടതിനേരത്തേ തള്ളിയിരുന്നു. ഇതേതുടർന്ന് കുപ്പാടി ഡിപ്പോയിൽ കുട്ടിയിട്ടിരിക്കുന്ന തൊണ്ടിമുതലിന്റെ കണക്കെടുത്തു കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ മരങ്ങൾ ലേലം ചെയ്യാനും ഇനി വനം വകുപ്പിനു സാധിക്കും. കോടതിയിൽ സർക്കാർ വാദത്തിനു വേണ്ടിയുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനത്തിലാണ് ഇനി ചർച്ചകൾ.

ബത്തേരി കോടതിയിൽ സർക്കാർ നിയമിച്ചിരുന്ന സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.ജോസഫ് മാത്യുവിനെ മാറ്റിയതിനു ശേഷം പുതിയ അഭിഭാഷകനു വേണ്ടി മൂന്നംഗ പാനൽ അന്വേഷണ സംഘം ശുപാർശ ചെയ്തിരുന്നു. ഈ പാനൽ പരിശോധിച്ച് അഡ്വക്കറ്റ് ജനറൽ ഓഫിസ് ശുപാർശ സമർപ്പിച്ച് ഒരു വർഷത്തോളമായിട്ടും പിണറായി സർക്കാർ നടപടിഎടുത്തിരുന്നില്ല. രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളുമായുള്ള ഒത്തുതീർപ്പിൻ്റെ ഭാഗമാണിതെന്നു കടുത്ത ആരോപണങ്ങൾ കഴിഞ്ഞ സർക്കാർ നേരിട്ടിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News