രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തം; 16 വർഷത്തിനിപ്പുറവും നീതി തേടി മരിച്ചവരുടെ ആശ്രിതർ
Kasaragod , 22 മെയ് (H.S.) 16 വർഷങ്ങള്ക്ക് മുമ്പുള്ള മെയ് 22. കുന്നോളം സ്വപ്നവുമായി എത്തിയ 158 പേരാണ് അന്ന് മംഗലാപുരത്ത് അപകടത്തില്പെട്ട വിമാനത്തിനൊപ്പം കത്തിയെരിഞ്ഞത്. സംഭവം നടന്ന് വർഷം ഇത്ര കഴിഞ്ഞിട്ടും, വിമാന ദുരന്തത്തിൽ ഇതുവരെയും പൂർണമായും നീ
Mangalore plane crash


Kasaragod , 22 മെയ് (H.S.)

16 വർഷങ്ങള്ക്ക് മുമ്പുള്ള മെയ് 22. കുന്നോളം സ്വപ്നവുമായി എത്തിയ 158 പേരാണ് അന്ന് മംഗലാപുരത്ത് അപകടത്തില്പെട്ട വിമാനത്തിനൊപ്പം കത്തിയെരിഞ്ഞത്. സംഭവം നടന്ന് വർഷം ഇത്ര കഴിഞ്ഞിട്ടും, വിമാന ദുരന്തത്തിൽ ഇതുവരെയും പൂർണമായും നീതി കിട്ടിയില്ലെന്നു മരണപ്പെട്ടവരുടെ ആശ്രിതർ പറയുന്നു. ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് പരിഗണിക്കുമെന്നും ഞങ്ങളുടെ അവകാശം നേടി തരുമെന്നാണ് വിശ്വാസം എന്നും മംഗളൂരു എയർക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷൻ പ്രസിഡന്റ് നാരായണൻ പറഞ്ഞു.

ദുരന്തത്തിന് ശേഷം കേന്ദ്ര സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. മോൺട്രിയൽ കരാർ അടിസ്ഥാനത്തിൽ 75 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു ആദ്യ വാഗ്ദാനം. എന്നാൽ പിന്നീട് എയർ ഇന്ത്യ നിയോഗിച്ച ഏജൻസി നിശ്ചയിച്ച തുകയാണ് പലർക്കും ലഭിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഗൾഫിൽ ലഭിച്ചിരുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഷ്ടപരിഹാര കണക്കുകൾ തയ്യാറാക്കിയത്. മോൺട്രിയൽ കരാർ പ്രകാരമുള്ള പൂർണ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 2011ൽ ജൂലൈ 20 ന് ഹൈക്കോടതി അനുകൂലമായി വിധിച്ചിരുന്നു. എന്നാൽ അത് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പക്ഷെ സുപ്രീം കോടതിയിൽ പ്രതീക്ഷ ഉണ്ടെന്നും അവർ പറഞ്ഞു.

സ്വപ്ന ചിറകിലേറിയ വിമാനം കത്തിയെരിഞ്ഞ് വെണ്ണീറായി

2010 മെയ് 22ന് രാവിലെ 6.30 മണിയോടെയാണ് ദുബായിൽ നിന്നും മംഗലാപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിനിടയിൽ തകർന്നു വീണ് കത്തി അമർന്നത്. ആറ് ജീവനക്കാർ ഉൾപ്പെടെയാണ് 158 പേരാണ് മരിച്ചത്. ഇവരിൽ 52 പേർ മലയാളികളാണ്. ഭൂരിഭാഗം പേരും കാസർകോട് ജില്ലക്കാരായിരുന്നു. റൺവേയിലെ യഥാർഥ സ്ഥലത്തു നിന്നും 600 മീറ്റർ മുന്നോട്ട് മാറിയാണ് വിമാനം ലാൻഡ് ചെയ്തത്. മുന്നോട്ട് നീങ്ങിയ വിമാനം റൺവേയിൽ നിന്നും നീങ്ങി മണൽ കൊണ്ടുണ്ടാക്കിയ തിട്ടയിൽ ഇടിച്ചു. എന്നിട്ടും നിൽക്കാതെ മുന്നോട്ട് നീങ്ങിയ വിമാനത്തിന്റെ ചിറക് കോൺക്രീറ്റ് തൂണിൽ ഇടിച്ച് തകർന്നു. ഇതോടെ തീപിടിച്ച വിമാനം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഇന്ത്യയിൽ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമാണ് മംഗലാപുരത്ത് നടന്നത്. അന്നത്തെ അപകടത്തിൽ നിന്നും ആറ് ആളുകളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഈ ദുരന്തത്തിൽ ഏറ്റവും കൂടുതൽ കണ്ണീർ ഒഴുക്കേണ്ടി വന്നത് കാസർകോട് ജില്ലയിലെ വിവിധ ഗ്രാമങ്ങൾക്കായിരുന്നു. കുമ്പള, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളിലെ എത്രയോ വീടുകളിലെ ഏക അത്താണിയാണ് അന്ന് ഇല്ലാതായത്. ഒരു കുടുംബത്തിലെ ഒന്നിലധികം പേർ മരിച്ച സംഭവങ്ങൾ അന്ന് ആ ഗ്രാമങ്ങളെ നിശബ്ദമാക്കി. വർഷങ്ങൾക്കിപ്പുറവും ആ വീടുകളിലെ ചുവരുകളിൽ നിറഞ്ഞ ചിരിയിലുള്ള അവരുടെ ചിത്രങ്ങൾ ഒരു വലിയ നഷ്ടത്തിന്റെ കഥ പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News