കമുകിൻ തടിയിൽ കോർത്തെടുത്ത ജീവിതങ്ങൾ; വട്ടയാറിലെ മരണക്കെണി
Idukki , 22 മെയ് (H.S.) സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മറുകര കടക്കാൻ ഒരു സുരക്ഷിത പാലമെന്ന ആവശ്യവുമായി അധികാരികളുടെ പടിവാതിൽക്കൽ മുട്ടുകയാണ് ഒരു ഗ്രാമം. പള്ളിവാസൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട കമ്പിലൈൻ പ്രദേശത്തെ
BRIDGE PROBLEM IN KAMBILINE


Idukki , 22 മെയ് (H.S.)

സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മറുകര കടക്കാൻ ഒരു സുരക്ഷിത പാലമെന്ന ആവശ്യവുമായി അധികാരികളുടെ പടിവാതിൽക്കൽ മുട്ടുകയാണ് ഒരു ഗ്രാമം. പള്ളിവാസൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട കമ്പിലൈൻ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളാണ് യാത്രാസൗകര്യമില്ലാതെ ദശാബ്ദങ്ങളായി ദുരിതക്കയത്തിൽ കഴിയുന്നത്.

വീണ്ടുമൊരു കനത്ത മഴക്കാലം പടിവാതില്ക്കൽ എത്തിനിൽക്കുമ്പോൾ, ജീവൻ പണയം വച്ചുള്ള യാത്രകൾക്ക് അറുതിവരുത്താൻ ആരുണ്ടാകുമെന്ന ചോദ്യവുമായി ആശങ്കയോടെ കഴിയുകയാണ് ഈ നാട്ടുകാര്.

കമുകിൻ തടിയിൽ കോർത്തെടുത്ത ജീവിതങ്ങൾ; വട്ടയാറിലെ മരണക്കെണി

കമ്പിലൈൻ - ഉണ്ണിക്കുഴി വഴി കല്ലാർ മെയിൻ റോഡിലേക്ക് എത്തുന്ന പ്രധാന പാതയ്ക്ക് കുറുകെയാണ് മുതിരപ്പുഴയുടെ കൈവഴിയായ വട്ടയാർ ഒഴുകുന്നത്. കുടിയേറ്റ കാലത്തിന് ശേഷം ഈ പ്രദേശത്തെ നാട്ടുപാതകൾ വീതികൂട്ടി നവീകരിക്കാൻ അധികൃതർ തയ്യാറായെങ്കിലും ആറിന് കുറുകെ ഒരു പാലം പണിയാൻ ആരും മുൻകൈ എടുത്തില്ല. നിലവിൽ വേനൽക്കാലത്ത് പുഴയിലെ ജലനിരപ്പ് താഴുമ്പോൾ ചപ്പാത്തിന് സമാനമായി കല്ലുകൾ നിരത്തിയാണ് നാട്ടുകാർ വാഹനങ്ങളും മറ്റും മറുകര കടത്തുന്നത്.

എന്നാൽ മഴക്കാലമായാൽ പുഴയുടെ ഭാവം മാറും. നീരൊഴുക്ക് വർദ്ധിക്കുന്നതോടെ ചപ്പാത്ത് പൂർണ്ണമായും വെള്ളത്തിനടിയിലാകും. ഇതോടെ പ്രദേശം ഒറ്റപ്പെടുന്ന അവസ്ഥയിലാണ്. പോയ വർഷങ്ങളിലെല്ലാം നാട്ടുകാര് ഒത്തുചേർന്ന് കമുകിൻ തടിയും മരങ്ങളും വെട്ടിയിട്ടാണ് താൽക്കാലിക തടിപ്പാലങ്ങൾ ഒരുക്കിയിരുന്നത്. കൈവരികളോ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ഈ തടിപ്പാലത്തിലൂടെയാണ് കഴിഞ്ഞ പ്രളയ-മഴക്കാലങ്ങളിൽ കൊച്ചുകുട്ടികളും പ്രായമായവരും രോഗികളുമടക്കം യാത്ര ചെയ്തത്.

മഴക്കാലത്ത് ഈ വഴിയിലൂടെയുള്ള യാത്ര പേടിസ്വപ്നമാണ്. സ്കൂളിൽ പോകുന്ന കുട്ടികളെയും പ്രായമായവരെയും കൈപിടിച്ച് ഈ തടിപ്പാലത്തിലൂടെ വേണം അക്കരെ എത്തിക്കാൻ. കാലൊന്ന് വഴുതിയാൽ താഴേക്ക് കുത്തിയൊലിക്കുന്ന പുഴയാണ്. - നാട്ടുകാരിലൊരാൾ ആശങ്ക പങ്കുവെച്ചു.

ഒഴുകിപ്പോകുന്ന പാലങ്ങളും അവഗണനയുടെ പതിറ്റാണ്ടുകളും

മഴ ശക്തമാകുന്നതോടെ പുഴയിലെ ജലനിരപ്പ് ഉയരുകയും നാട്ടുകാർ വിയർപ്പൊഴുക്കി നിർമ്മിക്കുന്ന താൽക്കാലിക തടിപ്പാലങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുകയും ചെയ്യുന്നത് ഇവിടെ പതിവു കാഴ്ചയാണ്. പിന്നീട് വെള്ളമിറങ്ങുന്നതുവരെ ഇവിടുള്ള കുടുംബങ്ങൾ പൂർണ്ണമായും ഒറ്റപ്പെടും. വെള്ളം കുറഞ്ഞതിനു ശേഷം മാത്രമേ വീണ്ടും താൽക്കാലിക പാലം നിർമ്മിക്കാൻ സാധിക്കൂ.

ഈ താൽക്കാലിക സംവിധാനത്തിൽ നിന്ന് ആളുകൾ കാൽവഴുതി അപകടകരമായ രീതിയിൽ പുഴയിൽ വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഭാഗ്യം കൊണ്ടുമാത്രമാണ് പലപ്പോഴും വലിയ ദുരന്തങ്ങൾ ഒഴിവായത്.

അധികൃതരുടെ നിസംഗത; ജനപ്രതിനിധികൾ കണ്ണ് തുറക്കുമോ?

ഒരു സുരക്ഷിത പാലത്തിനായി ഈ നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്ത് അധികൃതർ മുതൽ ജനപ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും വരെ വർഷങ്ങളായി നിവേദനങ്ങൾ നൽകി മടുത്തു കഴിഞ്ഞു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും ജനപ്രതിനിധികൾ നൽകുന്ന വാഗ്ദാനങ്ങൾ വെറും ജലരേഖയായി മാറുന്ന കാഴ്ചയാണ് കമ്പിലൈൻ നിവാസികൾക്ക് കാണാനുള്ളത്.

തോട്ടം-കാർഷിക മേഖലയായ ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ ന്യായമായ ആവശ്യത്തോട് പതിറ്റാണ്ടുകളായി അധികൃതർ പുലർത്തുന്ന നിസംഗതയിൽ ശക്തമായ ജനരോഷമാണ് ഉയരുന്നത്. ഈ മഴക്കാലത്തെങ്കിലും തങ്ങളെ മരണക്കെണിയിലേക്ക് തള്ളിവിടാതെ, സുരക്ഷിതമായ ഒരു സ്ഥിരം പാലം യാഥാർത്ഥ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

12-14 വാർഡുകൾ തമ്മിൽ ബന്ധിപ്പിച്ചാണ് നാട്ടുകാര് പാലം തീർത്തിരിക്കുന്നത്. പാലവും അനുബന്ധ റോഡും നിർമ്മിക്കാൻ നാട്ടുകാര് സ്ഥലം വിട്ട് നൽകാത്തതും നാട്ടുകാരുടെ നിസഹരണ മനോഭാവവുമാണ് നാളിതുവരെ ഇവിടെ പാലം നിർമ്മാണം നടക്കാത്തതിന് കാരണം എന്ന് 14 വാർഡ് മെമ്പർ പി എം രതീഷ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News