Enter your Email Address to subscribe to our newsletters

Thiruvananthapuram , 22 മെയ് (H.S.)
ആലപ്പുഴയിൽ നവകേരള സദസിനിടെയുണ്ടായ മർദനവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെ ചുമതലയിൽ നിന്നുമാറ്റി പൊലീസിലേക്ക് തിരിച്ചയച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ വിഭാഗത്തിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് സന്ദീപിനെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മാറ്റിയത്. മർദനക്കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ കുമാർ പിണറായിയുടെ ഗൺമാനായി തന്നെ തുടരും. മർദനത്തെക്കുറിച്ച് അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് വൈകാതെ കൈമാറും.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രത്യേക സുരക്ഷാ വലയത്തിലുണ്ടായിരുന്ന ആളാണ് സന്ദീപ്. ആലപ്പുഴയിൽ നടന്ന മർദന കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. 2023 ഡിസബർ 15ന് ആലപ്പുഴയിൽ വച്ചാണ് കെഎസ്യു നേതാവും ഇപ്പോൾ എംഎൽഎയുമായ എഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കു നേരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരുടെ അതിക്രമമുണ്ടായത്. സംഭവത്തെ 'രക്ഷാപ്രവർത്തനം' എന്ന് പറഞ്ഞായിരുന്നു സർക്കാർ ന്യായീകരിച്ചിരുന്നത്.
ഭരണം മാറിയതിനു പിന്നാലെ, മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി അയക്കുന്ന നടപടി യുഡിഎഫ് സർക്കാർ ആരംഭിച്ചു. കാലാവധി കഴിയുന്നതിന് മുന്നേയാണ് മാതൃയൂണിറ്റുകളിലേക്ക് ഇവരെ മടക്കി അയക്കുന്നത്. ഈമാസം 31 വരെയായിരുന്നു ഗൺമാൻമാരുടെ കാലാവധി. രണ്ടുദിവസം മുമ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അടക്കമുള്ള മുൻ സർക്കാർ പ്രതിനിധികളുടെ ഗൺമാൻമാരെയാണ് മടക്കിയത്. എന്നാൽ മുൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഈ ഉത്തരവ് പൂർണമായി നടപ്പാക്കിയില്ല. ഗൺമാൻ ആയിട്ടുള്ള അനിൽകുമാർ തുടരും.
മുഖ്യമന്ത്രിക്ക് നേരത്തെ ഉണ്ടായിരുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ മാറ്റം വന്ന സാഹചര്യത്തിലാണ് സുരക്ഷാ സേനയിൽ ഉണ്ടായിരുന്നവരെ പൊലീസിലേക്ക് തിരികെ എത്തിച്ചത്. നിലവിൽ വൈ കാറ്റഗറി സുരക്ഷയാണ് പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി എന്നിവർക്കു നൽകുന്നത്. എസ്കോർട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും.
മർദനമേറ്റവർ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല. മർദനമേറ്റവർ കോടതിയെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പുരോഗതിയുണ്ടായില്ല. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേസ് അന്വേഷിക്കാൻ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എപി ഷൗക്കത്തലിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചിരുന്നു. എസ്ഐടി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. മർദനം ചട്ടവിരുദ്ധമായിരുന്നെന്ന റിപ്പോർട്ടാണ് എസ്ഐടി തയ്യാറാക്കിയിട്ടുള്ളതെന്നാണ് സൂചന. നാല് ഗൺമാൻമാർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. എസ്ഐടി റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും.
ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു. യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാരുടെ നടപടി പൊലീസിന് അവമതിപ്പുണ്ടാക്കുന്നത് എന്നായിരുന്നു എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട്. എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട് ഉണ്ടായിട്ടും ഗൺമാരായ അനിലിനെതിരെയും സന്ദീപിനെതിരെയും നടപടിയുണ്ടായില്ല. റിപ്പോർട്ട് നൽകിയ ശേഷം ചൈത്ര തെരേസയെ ആലപ്പുഴയിൽ നിന്നും മാറ്റി. ഗൺമാൻമാർക്കെതിരെ എഫ്ഐആർ ഇട്ടപ്പോഴും സ്പെഷ്യൽ റിപ്പോർട്ട് ഡിജിപിക്ക് നൽകിയില്ല. ചൈത്ര തെരേസയുടെ റിപ്പോർട്ടും എസ്ഐടി പരിശോധിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR