Enter your Email Address to subscribe to our newsletters

Thiruvanathapuram, 22 മെയ് (H.S.)
തിരുവനന്തപുരം : ബാലരാമപുരത്ത് ഹാൻടെക്സിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അപകടകരമായ നിലയിലുള്ള കിണറിന് സംരക്ഷണഭിത്തി നിർമ്മിച്ച് അപകടം ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഹാൻടെക്സ് എം.ഡി ക്ക് നിർദ്ദേശം നൽകി.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ബാധ്യതയിൽ നിന്നും ഹാൻടെക്സ് ഒഴിഞ്ഞു മാറരുതെന്നും ഉത്തരവിൽ പറഞ്ഞു. ഹാൻടെക്സ് നടപടിയെടുത്തില്ലെങ്കിൽ അധികാരപ്പെട്ട കോടതിയെ പരാതിക്കാരന് സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.
പേരൂർക്കട എ.കെ.ജി. നഗർ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ബാലരാമപുരത്തുള്ള വസ്തുവിന് സമീപമുള്ള ഹാൻടെക്സിന്റെ കിണർ ഇടിഞ്ഞുതാഴ്ന്നത് കാരണം തന്റെ വസ്തുവിന്റെ ചുറ്റുമതിലും ഒന്നരസെന്റ് വസ്തുവും ഇടിഞ്ഞ് കിണറിൽ വീണതായി പരാതിയിൽ പറഞ്ഞു.
അപകടാവസ്ഥയിലുള്ള കിണർ നികത്തുന്നതിന് ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ജില്ലാ കളക്ടർക്ക് 2023 സെപ്റ്റംബർ 26 ന് കത്ത് നൽകിയെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും ഹാൻടെക്സ് എം.ഡി. കമ്മീഷനെ അറിയിച്ചു. 2024 സെപ്റ്റംബർ 9 ന് ചേർന്ന ഭരണസമിതിയോഗം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കിണർ നീന്തൽകുളമാക്കി മാറ്റാനുള്ള പ്രൊപ്പോസൽ ജില്ലാ പഞ്ചായത്തിന് നൽകാൻ തീരുമാനിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. കുടിവെള്ള പദ്ധതിയുടെ കാര്യവും ആലോചിച്ചു.
എന്നാൽ കുടിവെള്ള പദ്ധതി പ്രായോഗികമല്ലെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ടെന്ന് ബാലരാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കിണർ സ്ഥിതി ചെയ്യുന്ന സ്ഥലം ജില്ലാ പഞ്ചായത്തിന് കൈമാറാത്തതിനാൽ നീന്തൽകുളവും നിർമ്മിക്കാനാവില്ലെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അപകടാവസ്ഥയിലുള്ള കിണർ സംരക്ഷണഭിത്തി നിർമ്മിച്ച് സംരക്ഷിക്കാൻ ഹാൻടെക്സ് നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S