മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ കാലാവധി അവസാനിക്കാനിരിക്കെ ഇന്ന് രാത്രി അടിയന്തര സമവായ ചർച്ച; നിർണായക നീക്കവുമായി സർക്കാർ
Kochi, 22 മെയ് (H.S.) കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്തിലെ ''ഉന്നതി'' പ്രദേശത്ത് താമസിക്കുന്ന ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണായക വഴിത്തിരിവ്. കോടതി നിശ്ചയിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെ, വിഷയത്തിൽ സമാ
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ കാലാവധി അവസാനിക്കാനിരിക്കെ ഇന്ന് രാത്രി അടിയന്തര സമവായ ചർച്ച; നിർണായക നീക്കവുമായി സർക്കാർ


Kochi, 22 മെയ് (H.S.)

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്തിലെ 'ഉന്നതി' പ്രദേശത്ത് താമസിക്കുന്ന ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണായക വഴിത്തിരിവ്. കോടതി നിശ്ചയിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെ, വിഷയത്തിൽ സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി ഇന്ന് രാത്രി കൊച്ചിയിൽ അടിയന്തര സമവായ ചർച്ച നടക്കും. സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടക്കുന്ന ഈ ചർച്ചയിൽ എറണാകുളത്തുനിന്നുള്ള മന്ത്രി റോജി എം. ജോൺ, സ്ഥലം എം.എൽ.എ വി.പി. സജീന്ദ്രൻ എന്നിവർ പങ്കെടുക്കും. ഉന്നതിയിലുള്ള താമസക്കാരുമായും അവർക്കെതിരെ പരാതി നൽകിയ കക്ഷികളുമായും ജനപ്രതിനിധികൾ നേരിട്ട് സംസാരിച്ച് ഒത്തുതീർപ്പിലെത്താനാണ് ശ്രമിക്കുന്നത്.

മലയിടംതുരുത്തിൽ വർഷങ്ങളായി താമസിക്കുന്ന എട്ട് ദളിത് കുടുംബങ്ങളെ നാളെ (ശനിയാഴ്ച) വൈകിട്ടോടുകൂടി പൂർണ്ണമായും ഒഴിപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന ഉത്തരവ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായി നാളെ രാവിലെ തന്നെ അഡ്വക്കേറ്റ് കമ്മീഷൻ വൻ പോലീസ് സന്നാഹത്തോടെ സ്ഥലത്തെത്താൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കോടതി ഉത്തരവ് നടപ്പാക്കാൻ അധികൃതർ നിർബന്ധിതരാകുമ്പോൾ പ്രദേശത്ത് വലിയ രീതിയിലുള്ള ജനകീയ പ്രതിരോധവും സംഘർഷവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സർക്കാർ ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടുന്നത്.

കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് ഒഴിവാക്കാൻ കോടതിയോട് കൂടുതൽ സാവകാശം ചോദിക്കാൻ ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് സിൻഹ, ഡിജിപി റവാഡ ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് നിയമനടപടികൾക്കൊപ്പം തന്നെ മാനുഷിക പരിഗണന മുൻനിർത്തിയുള്ള ചർച്ചകൾക്കും തുടക്കമിടാൻ തീരുമാനിച്ചത്.

തുടർന്ന്, പ്രതിസന്ധി പരിഹരിക്കാൻ പ്രദേശവാസികളുമായി അടിയന്തരമായി സംസാരിക്കാൻ മന്ത്രി റോജി എം. ജോണിനെയും വി.പി. സജീന്ദ്രൻ എം.എൽ.എയെയും സർക്കാർ ഔദ്യോഗികമായി ചുമതലപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ നിലവിലെ കലുഷിതമായ സാഹചര്യം കോടതിയെ കൃത്യമായി ബോധ്യപ്പെടുത്തുമെന്നും, കോടതി നിർദ്ദേശിക്കുന്നത് അനുസരിച്ച് മാത്രമേ തുടർന്നുള്ള കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുകയുള്ളൂവെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രാത്രി നടക്കുന്ന സമവായ ചർച്ചയിൽ ദളിത് കുടുംബങ്ങൾക്ക് അനുകൂലമായ പുനരധിവാസ പാക്കേജോ അല്ലെങ്കിൽ താൽക്കാലിക ആശ്വാസ നടപടികളോ ഉരുത്തിരിഞ്ഞു വരുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. ഈ രാത്രിയിലെ ചർച്ച മലയിടംതുരുത്ത് നിവാസികൾക്ക് ഏറെ നിർണായകമാണ്.

---------------

Hindusthan Samachar / Roshith K


Latest News