നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച കേസിൽ വധശ്രമമടക്കം ഗുരുതര വകുപ്പുകൾ പ്രത്യേക അന്വേഷണ സംഘം ചുമത്തിയേക്കും.
Alappuzha , 24 മെയ് (H.S.) നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച കേസിൽ വധശ്രമമടക്കം ഗുരുതര വകുപ്പുകൾ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചുമത്തിയേക്കും. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അനിൽ കല്ലിയൂർ ഉൾപ്
ALAPPUZHA GUN MAN ATTACK CASE


Alappuzha , 24 മെയ് (H.S.)

നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച കേസിൽ വധശ്രമമടക്കം ഗുരുതര വകുപ്പുകൾ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചുമത്തിയേക്കും. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അനിൽ കല്ലിയൂർ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കെതിരെയാണ് നടപടിയുണ്ടാകുക.

വകുപ്പുതല നടപടിക്കും എസ്ഐടി ഉടൻ ശുപാർശ നൽകും. അന്വേഷണത്തിൻ്റെ അന്തിമ റിപ്പോർട്ട് എസ്ഐടി നാളെ ഡിജിപിക്ക് സമർപ്പിക്കും. കേസ് അട്ടിമറിച്ചെന്ന് ആക്ഷേപം നേരിടുന്ന എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണവും അന്വേഷണ പരിധിയിലേക്ക് എത്തും. കരിങ്കൊടി പ്രതിഷേധത്തിനിടെ ലോക്കൽ പൊലീസിൻ്റെ വലയത്തിലിരിക്കെയാണ് എ ഡി തോമസ് അടക്കമുള്ള കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽനിന്ന് ഇറങ്ങിവന്ന ഗൺമാനും മറ്റ് പൊലീസുകാരും ലാത്തികൊണ്ട് തലയ്ക്ക് അടിച്ചതെന്ന് എസ്ഐടിക്ക് വ്യക്തമായിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്താൻ സാധ്യതയേറുന്നത്. മർദനമേറ്റ എ ഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി എസ്ഐടി കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ച പ്രമുഖ മാധ്യമ സ്ഥാപനത്തിലെ വീഡിയോഗ്രാഫറുടെയും മൊഴിയും ആലപ്പുഴ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കുകയും സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കുകയും ചെയ്തു.

അതിനിടെ, പ്രതികളായ ഗൺമാൻ അനിൽ കല്ലിയൂർ, പൊലീസുകാരൻ സന്ദീപ് എന്നിവർ മുൻകൂർ ജാമ്യാപേക്ഷയുമായി ആലപ്പുഴയിലെ കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റു മൂന്നു പ്രതികൾ കൂടി നാളെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും.

2023 ഡിസംബറിലായിരുന്നു ഏറെ വിവാദമായ ഗണ്മാൻമാരുടെ രക്ഷാപ്രവർത്തനം നടന്നത്. നവകേരള സദസിനിടെ ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് കറുത്ത കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ലാത്തി ഉപയോഗിച്ചുള്ള മർദ്ദനത്തിൽ പല പ്രവർത്തകർക്കും സാരമായ പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ മുൻ സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടും വലിയ വിവാദമായിരുന്നു.

പ്രവർത്തകരെ മർദ്ദിച്ചത് അവരെ വാഹനത്തിൽ നിന്നും മാറ്റാനുള്ള 'രക്ഷാപ്രവർത്തനം' ആയിരുന്നു എന്നായിരുന്നു അന്ന് ആഭ്യന്തര വകുപ്പ് കോടതിയിൽ വിശദീകരിച്ചിരുന്നത്. എന്നാൽ ദൃശ്യങ്ങൾ സഹിതം ഇത് മർദ്ദനമാണെന്ന് വ്യക്തമായിട്ടും തുടർ നടപടികൾ എടുക്കാത്തതിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിരുന്നു. പുതിയ പ്രത്യേക അന്വേഷണ സംഘം വന്നതോടെ ഗൺമാൻമാർക്കെതിരെ കർശന നടപടിയുണ്ടാകാനാണ് സാധ്യത.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News