കുട്ടിക്കാനത്ത് അലഞ്ഞുതിരിയുന്ന കന്നുകാലികൾ വൻ അപകടഭീഷണിയാകുന്നു, നടപടിയെടുക്കാതെ പീരുമേട് പഞ്ചായത്ത്
Idukki , 24 മെയ് (H.S.) ഹൈറേഞ്ചിൻ്റെ പ്രവേശനകവാടവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രവുമായ കുട്ടിക്കാനത്ത് ടൗണിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലി കൂട്ടങ്ങൾ ജനജീവിതത്തിന് വൻ ഭീഷണിയാകുന്നു. കുട്ടിക്കാനം ടൗണിലെ വ്യാപാരികൾക്കും ഇതുവഴി കടന്നുപോകുന്ന കാൽനട-വാ
CATTLE ROAMING IN KUTTIKANAM


Idukki , 24 മെയ് (H.S.)

ഹൈറേഞ്ചിൻ്റെ പ്രവേശനകവാടവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രവുമായ കുട്ടിക്കാനത്ത് ടൗണിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലി കൂട്ടങ്ങൾ ജനജീവിതത്തിന് വൻ ഭീഷണിയാകുന്നു. കുട്ടിക്കാനം ടൗണിലെ വ്യാപാരികൾക്കും ഇതുവഴി കടന്നുപോകുന്ന കാൽനട-വാഹന യാത്രക്കാർക്കും ചില്ലറയൊന്നുമല്ല ഈ കന്നുകാലിക്കൂട്ടം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കൂട്ടത്തോടെയെത്തുന്ന കാലികൾ ടൗണിലെ പ്രധാന റോഡ് കൈയടക്കി തമ്പടിക്കുന്നതോടെ കെ.കെ റോഡിലെ (കോട്ടയം-കുമളി റോഡ്) സുഗമമായ വാഹനഗതാഗതം മണിക്കൂറുകളോളമാണ് തടസ്സപ്പെടുന്നത്.

വാഹനങ്ങൾ ഹോൺ മുഴക്കിയാൽ പോലും റോഡിൽ നിന്നും മാറിനിൽക്കാൻ ഈ കാലിക്കൂട്ടം തയ്യാറാകാറില്ല. കോട്ടയത്തുനിന്നും കമ്പം, തേനി ഭാഗങ്ങളിലേക്ക് പോകുന്ന വലിയ ചരക്കുലോറികളും ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും ഉൾപ്പെടെ കടന്നുപോകുന്ന പ്രധാന പാതയിലാണ് ഈ ദുരവസ്ഥ.

വ്യാപാരികൾ ദുരിതത്തിൽ; വിസർജ്യങ്ങൾ തള്ളി കന്നുകാലികൾ

ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിലാണ് കാലികൾ രാത്രിയും പകലും ഒരേപോലെ തമ്പടിക്കുന്നത്. കടകളുടെ മുൻപിൽ കിടക്കുന്ന കാലികൾ പലപ്പോഴും സാധനങ്ങൾ വാങ്ങാൻ എത്തുന്ന ഉപഭോക്താക്കളെ തടസ്സപ്പെടുത്തുന്നു. ഇതിനുപുറമെ, ഇവയുടെ വിസർജ്യങ്ങൾ കടകളുടെ മുൻപിൽ കുന്നുകൂടിക്കിടക്കുന്നത് ടൗണിൽ കടുത്ത ദുർഗന്ധം വമിക്കാൻ കാരണമായിട്ടുണ്ട്.ഓരോ ദിവസവും രാവിലെ കട തുറക്കുന്നതിന് മുൻപ് ഈ വിസർജ്യങ്ങൾ കോരിമാറ്റേണ്ട ഗതികേടിലാണ് കുട്ടിക്കാനത്തെ വ്യാപാരികൾ. ടൗണിൻ്റെ ശുചിത്വത്തെയും വിനോദസഞ്ചാര മേഖലയെയും ഇത് ദോഷകരമായി ബാധിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.

മൂടൽമഞ്ഞും കന്നുകാലികളും; കാത്തിരിക്കുന്നത് വലിയ ദുരന്തം

ഹൈറേഞ്ച് മേഖലയിൽ കനത്ത മൂടൽമഞ്ഞ് ഇറങ്ങുന്ന സമയങ്ങളിൽ ഈ കന്നുകാലികൾ റോഡിൽ കിടക്കുന്നത് ഡ്രൈവർമാർക്ക് മുൻകൂട്ടി കാണാൻ കഴിയില്ല. വളവുകളിൽ പെട്ടെന്ന് കന്നുകാലികളെ കാണുമ്പോൾ ബ്രേക്ക് ഇടുന്നത് മൂലം മുൻപും നിരവധി ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ കാഴ്ച്ച പരിധി പൂർണ്ണമായും മറയ്ക്കുന്ന മൂടൽമഞ്ഞും ഒപ്പം റോഡിന് നടുവിലെ കാലിക്കൂട്ടവും കൂടിയാകുമ്പോൾ വൻ ദുരന്തങ്ങളാണ് കുട്ടിക്കാനത്തെ കാത്തിരിക്കുന്നത്. ഒരപകടം സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുമുണ്ടാകില്ലെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാണിക്കുന്നു.

പരാതി നൽകിയിട്ടും അനക്കമില്ലാതെ പീരുമേട് പഞ്ചായത്ത്

വ്യാപാരികളുടെയും പൊതുപ്രവർത്തകരുടെയും പ്രതികരണം:വർഷങ്ങളായി കുട്ടിക്കാനം ടൗൺ നേരിടുന്ന പ്രധാന പ്രശ്നമാണിത്. നിരവധി തവണ പീരുമേട് ഗ്രാമപഞ്ചായത്ത് അധികൃതർ മുൻപാകെ രേഖാമൂലം പരാതി നൽകിയിട്ടും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളെ പിടികൂടുവാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ടൗണിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ പോലും ഈ കാലികളുടെ ഉടമസ്ഥർ ആരാണെന്ന് കണ്ടെത്താൻ സാധിക്കും.

എന്നാൽ വോട്ട് ബാങ്ക് ഭയന്ന് അധികൃതർ കണ്ണടയ്ക്കുകയാണ്. ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി ഇടപെട്ട് ടൗണിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടണമെന്നും, ഇവയുടെ ഉടമസ്ഥരെ കണ്ടെത്തി കനത്ത പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് കുട്ടിക്കാനത്തെ വ്യാപാരികളും നാട്ടുകാരും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനാണ് വ്യാപാരി വ്യവസായി സംഘടനകളുടെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News