Enter your Email Address to subscribe to our newsletters

Palakkad , 24 മെയ് (H.S.)
സിബിഎസ്ഇ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയത്തിൽ ഗുരുതരമായ ജാഗ്രതക്കുറവുണ്ടായതായി കേരള പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. അനാസ്ഥ വിദ്യാർഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാനം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
റീ-ഇവാലുവേഷൻ (പുനർമൂല്യനിർണയം) അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിനൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. മൂല്യനിർണയത്തിലെ അപാകതകൾ കുട്ടികളുടെ ഭാവിയെ എത്രത്തോളം ബാധിക്കുമെന്ന് സിബിഎസ്ഇ ബോർഡ് മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരീക്ഷാഫലങ്ങളിൽ അപാകതകൾ ഉണ്ടെന്നാരോപിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതികൾ ഉയർത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
പരാതികളുടെ പശ്ചാത്തലത്തിൽ പുനർമൂല്യനിർണയ നടപടികൾക്ക് കൂടുതൽ സമയഅനുവദിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങള് നിലനില്ക്കുന്നതിനാല് നിലവിലുള്ള സമയപരിധിക്കുള്ളിൽ എല്ലാ വിദ്യാർഥികൾക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂൾ തുറക്കുന്നതിന് മുമ്പ് എല്ലാ പാഠപുസ്തകങ്ങളും എത്തിക്കും
ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ സർക്കാർ സ്കൂളുകളിൽ പാഠപുസ്തകങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. പുസ്തകങ്ങളുടെ അച്ചടിയിൽ ചില തടസ്സങ്ങൾ നേരിട്ടിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം പരിഹരിച്ച് അവസാന ഘട്ടത്തിലാണ്. പൂർണമായും അച്ചടിച്ച പുസ്തകങ്ങൾ ഡിപ്പോകളിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെയ് 30-നകം എല്ലാ സ്കൂളുകളിലും പാഠപുസ്തകങ്ങൾ എത്തിക്കുമെന്ന് കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (KBPS) സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ജൂൺ ഒന്നിന് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ എല്ലാ ക്ലാസുകളിലേക്കും ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാകുമെന്ന് 100 ശതമാനം ഉറപ്പുണ്ട് മന്ത്രി പറഞ്ഞു.
6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി തീരാൻ ഇനിയും 45 ദിവസത്തോളമെടുക്കുമെന്ന കെബിപിഎസ് ജീവനക്കാരുടെ യൂണിയൻ നേതാവ് കെ കെ ഇബ്രാഹിംകുട്ടിയുടെ കഴിഞ്ഞ ആഴ്ചയിലെ വാദങ്ങളെ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ ഈ പ്രതികരണം.
മലബാറിൽ പ്ലസ് വൺ സീറ്റ് ക്ഷാമം
മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളുടെ കുറവിനെക്കുറിച്ചും മന്ത്രി വിശദീകരണം നൽകി. മലബാർ മേഖലയിൽ, പ്രത്യേകിച്ച് മലപ്പുറം, പാലക്കാട് ജില്ലകളിൽ നേരിടുന്ന പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് താല്ക്കാലികമായി അധിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കുമെന്നു മന്ത്രി വ്യക്തമാക്കി. നിലവിൽ എല്ലാ വർഷവും തുടരുന്ന 350 അധിക ബാച്ചുകൾക്ക് പുറമെയാണിത്.
“ഓരോ വർഷവും 350 അധിക ബാച്ചുകൾ നിലനിർത്തുന്നുണ്ട്. ഇത്തവണ തുടക്ക അലോട്ട്മെൻ്റി ൽ തന്നെ ചെറിയ തോതിൽ അധിക ബാച്ചുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും സീറ്റ് കുറവ് ഉണ്ടെങ്കിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കേണ്ടിവരും മന്ത്രി പറഞ്ഞു. സമയപരിധി കുറവായതിനാൽ താൽക്കാലിക പരിഹാരമാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും, ദീർഘകാല പരിഹാരത്തിനായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ആശയക്കുഴപ്പത്തിൽ
മുൻ എൽഡിഎഫ് സർക്കാർ ഒപ്പുവെച്ച കേന്ദ്ര സർക്കാരിൻ്റെ 'പി.എം ശ്രീ' സ്കൂൾ പദ്ധതിയെക്കുറിച്ച് യുഡിഎഫ് മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ നയങ്ങളോട് യു.ഡി.എഫിന് രാഷ്ട്രീയമായ വിയോജിപ്പുകളുള്ള പശ്ചാത്തലത്തിലാണിത്.
മുൻ സർക്കാർ കേന്ദ്രവുമായി ധാരണാപത്രം (MoU) ഒപ്പുവെക്കുകയും ഫണ്ട് കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പദ്ധതി താല്ക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അവർ തന്നെ കേന്ദ്രത്തിന് കത്തയക്കുകയുമുണ്ടായി. ഫണ്ട് കൈപ്പറ്റിയ സാഹചര്യത്തിൽ ധാരണാപത്രത്തിൽ നിന്ന് സംസ്ഥാനത്തിന് ഇനി എങ്ങനെ പിന്മാറാൻ കഴിയുമെന്ന നിയമപരമായ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി ഷംസുദ്ദീൻ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR