Enter your Email Address to subscribe to our newsletters

Kochi, 24 മെയ് (H.S.)
കൊച്ചി: മലയിടംതുരുത്തിൽ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ തിടുക്കത്തിലുള്ള നടപടികളിൽ കടുത്ത സംശയമുണ്ടെന്ന് റവന്യൂ-പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കകം തന്നെ സർക്കാരിനെതിരെ ബോധപൂർവ്വം ജനവികാരം തിരിച്ചുവിടാൻ ചില കോണുകളിൽ നിന്ന് ശ്രമം നടന്നോ എന്ന് ശക്തമായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി തുറന്നടിച്ചു. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മലയിടംതുരുത്ത് വിഷയത്തിൽ മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
കോടതി ഉത്തരവിന്റെ മറവിൽ അതിവേഗം ദലിത് കുടുംബങ്ങളെ അർദ്ധരാത്രിയിൽ തെരുവിലേക്ക് ഇറക്കിവിട്ട പൊലീസ് നടപടി സർക്കാരിന്റെ അറിവോടെയല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ വീഴ്ചകൾ മറച്ചുവെക്കാൻ ഇപ്പോഴത്തെ ഉദ്യോഗസ്ഥ തലപ്പത്തുള്ള ചിലർ ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. സംഭവത്തിന് തൊട്ടുപിന്നാലെ മുൻ ഇടതുപക്ഷ മന്ത്രിമാർ നടത്തിയ പ്രതികരണങ്ങൾ തന്നെ ഇതിന് പിന്നിലെ രാഷ്ട്രീയ അജണ്ടയുടെ സൂചനയാണെന്നും കെ.എ. തുളസി ആരോപിച്ചു.
സിപിഎമ്മിന്റേത് ഇരട്ടത്താപ്പെന്ന് മന്ത്രി
വർഷങ്ങളായി ഭരണത്തിലിരുന്നപ്പോൾ മലയിടംതുരുത്തിലെ പാവപ്പെട്ട ദലിത് കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ തയ്യാറാകാതിരുന്ന സിപഎം, ഇപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം ഈ കുടുംബങ്ങൾ സമരത്തിലായിരുന്നപ്പോൾ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ സർക്കാരിനെതിരെ പ്രസ്താവനകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ഭരണത്തിലിരുന്നപ്പോൾ പാവപ്പെട്ടവർക്ക് ഭൂമി നൽകാൻ സിപിഎമ്മിന് കഴിഞ്ഞില്ല. ഇപ്പോൾ പുതിയ സർക്കാർ അധികാരത്തിൽ വന്നയുടൻ ജനങ്ങളെ സർക്കാരിനെതിരെ ഇളക്കിവിടാനാണ് അവർ നോക്കുന്നത്. ഇത് വെറും രാഷ്ട്രീയ നാടകമാണ്. ജനങ്ങൾ ഈ ഇരട്ടത്താപ്പ് തിരിച്ചറിയും, മന്ത്രി തുളസി വ്യക്തമാക്കി.
കോടതി വിധി അനുകൂലമല്ലെങ്കിൽ സർക്കാർ പുനരധിവസിപ്പിക്കും
മലയിടംതുരുത്തിലെ ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ ദലിത് കുടുംബങ്ങൾക്ക് അനുകൂലമായ ഒരു നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ നിയമപരമായ കാരണങ്ങളാൽ കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ പോലും ആ കുടുംബങ്ങളെ വഴിയാധാരമാക്കാൻ ഈ സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി.
കോടതി വിധി തിരിച്ചടിയായാൽ, മലയിടംതുരുത്തിലെ ദലിത് കുടുംബങ്ങളെ പൂർണ്ണമായും സർക്കാർ ചെലവിൽ സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് പുനരധിവസിപ്പിക്കും. അവർക്ക് അർഹമായ ഭൂമിയും വീടും വെച്ചുനൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പാവപ്പെട്ടവരുടെയും ദലിതരുടെയും കണ്ണീരൊപ്പുന്ന നിലപാടായിരിക്കും പുതിയ സർക്കാരിന്റേതെന്നും, പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങളിൽ ആരും വീണുപോകരുതെന്നും മന്ത്രി കെ.എ. തുളസി മനോരമ ന്യൂസിനോട് കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K