Enter your Email Address to subscribe to our newsletters

Trissur , 24 മെയ് (H.S.)
ജനങ്ങളുടെ പ്രശ്നങ്ങൾ നേരിടാൻ സർക്കാരില്ലെന്നതാണ് രാജ്യം നേരിടുന്ന പ്രതിസന്ധി: കെ സി വേണുഗോപാൽ എംപി.
ജനങ്ങളുടെ പ്രശ്നങ്ങൾ നേരിടാൻ ഒരു സർക്കാരില്ലെന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും നിയന്ത്രിക്കാനും പരിഹരിക്കാനും കേന്ദ്രസർക്കാരിന് മാർഗങ്ങളില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു
രാജ്യത്തെ ചെറുപ്പക്കാരെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദി ആരാണ് ? അത്തരം ചർച്ചകൾ നടക്കുന്നില്ല.
തൊഴിലിനായി കാത്തുനിൽക്കുന്ന ചെറുപ്പക്കാർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണം. അതിന് അവരെ കുറ്റവാളി ആക്കുന്നതിൽ അർത്ഥമില്ല.സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന യുവജനരോഷമാണ് ഇപ്പോൾ പ്രകടമാകുന്നത്. സർക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന പ്രതിഷേധങ്ങളെ പോസിറ്റീവായി എടുക്കണം.അതല്ലാതെ നിയമ വിരുദ്ധ മാർഗ്ഗങ്ങളിലൂടെ അമർച്ച ചെയ്യുകയല്ല വേണ്ടത്.
നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് യുവത്വത്തിന്റെ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ ഭാഗമാണ് പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രൂപം കൊള്ളുന്നത് എന്ന് പറയാനാകില്ലെന്ന് പറഞ്ഞ വേണുഗോപാൽ പ്രതിഷേധങ്ങൾ ഉയരുന്നത് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ചൂണ്ടിക്കാട്ടി. ആ വികാരം മാനിക്കേണ്ടത് സർക്കാരിൻ്റെ കടമയാണ്. നിലവിലെ വിഷയത്തിലും സർക്കാർ ചെറുപ്പക്കാരുടെ വികാരം മാനിച്ച് ഈ പ്രശ്നവും പരിഹരിക്കണം. അതിന് പകരം ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടാൽ അത് കൂടുതൽ ശക്തി പ്രാപിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ 12 വർഷം കൊണ്ട് എം എസ് എം ഇ യെ തകർത്തും തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കിയും അഗ്നിവീർ പദ്ധതി നടപ്പാക്കിയും കേന്ദ്രസർക്കാർ ചെറുപ്പക്കാരുടെ അവസരങ്ങൾ പരിമിതപ്പെടുത്തി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
രാജ്യം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാതെ ലോകം ചുറ്റിക്കറങ്ങി നാടകം കളിക്കുന്ന പ്രധാനമന്ത്രിയുടെ നടപടികളെയും കെസി വേണുഗോപാൽ വിമർശിച്ചു. ഇന്ധനവില തുടർച്ചയായി ഉയരുമ്പോഴും ചർച്ചയിലൂടെ പരിഹാരമാർഗ്ഗം കണ്ടെത്താൻ തയ്യാറാകാതെ ലോകം ചുറ്റുകയാണ് പ്രധാനമന്ത്രി .അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിരുന്ന കാലഘട്ടത്തിൽ പോലും എക്സൈസ് നികുതി ഉയർത്തി അമിതവില കേന്ദ്രസർക്കാർ ഈടാക്കി. അതീവ ഗുരുതര സാഹചര്യമാണ് ഇനി വരാനിരിക്കുന്നത് .അതു നേരിടാനുളള ഒരു തയ്യാറെടുപ്പും നടത്താതെ ആഘോഷ തിമിർപ്പിലും നാടകങ്ങളിലുമാണ് പ്രധാനമന്ത്രി. ചെറുപ്പക്കാരുടെ വികാരങ്ങൾ മാനിച്ച് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR