ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ചുമരിൽ ഇനി മനോഹരമായ ചിത്രങ്ങൾ ഒരുങ്ങും.
Palakkad , 24 മെയ് (H.S.) ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ചുമരിൽ ഇനി മനോഹരമായ ചിത്രങ്ങൾ ഒരുങ്ങും. മലയാളത്തിൻ്റെ ആധുനിക കവികളിൽ ഒരാളായ കുഞ്ഞുണ്ണി മാഷും വള്ളുവനാടിൻ്റെ നാട്ടുചന്തം തിരശീലയ്ക്ക് മുന്നിലെത്തിച്ച സംവിധായകൻ ലാൽ ജോസും വർണ്ണ മനോഹരങ്ങളായ
Murals in Shoranur Railway Station


Palakkad , 24 മെയ് (H.S.)

ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ചുമരിൽ ഇനി മനോഹരമായ ചിത്രങ്ങൾ ഒരുങ്ങും. മലയാളത്തിൻ്റെ ആധുനിക കവികളിൽ ഒരാളായ കുഞ്ഞുണ്ണി മാഷും വള്ളുവനാടിൻ്റെ നാട്ടുചന്തം തിരശീലയ്ക്ക് മുന്നിലെത്തിച്ച സംവിധായകൻ ലാൽ ജോസും വർണ്ണ മനോഹരങ്ങളായ പൂക്കൾ തലയിൽ ചൂടി നക്ഷത്ര കണ്ണുകളാൽ ഫ്രോക്ക് ധരിച്ച് നിൽക്കുന്ന രാജകുമാരിയുമെല്ലാം ചുമരുകളിൽ ഇടം പിടിച്ചിരിക്കുകയാണ്.

ഷൊർണൂർ റെയിൽവേ സ്റ്റേഷന് മുന്നിലെത്തിയാൽ ഈ മനോഹരമായ ചുമർചിത്രങ്ങൾ കാണാം. റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാൻഡിലേക്ക് പോകുന്ന പുതിയ റോഡിന് സമീപത്തായുള്ള ഭിത്തിയിലാണ് ഈ അതിമനോഹര സൃഷ്ടി. ഓരോ ദിവസത്തിൻ്റെ തുടക്കത്തിലും അവസാനത്തിലും മനോഹരമായ ചിത്രങ്ങൾക്ക് അരികിലൂടെ അവയുടെ ഭംഗി ആസ്വദിച്ച് നടന്നു നീങ്ങാം. ഷൊർണൂർ നഗരസഭയുടെ നേതൃത്വത്തിലാണ് ഇത്തരത്തിൽ മനോഹരമായ ചിത്രങ്ങൾ ഒരുങ്ങുന്നത്. 'മാലിന്യമുക്ത ഷൊർണൂർ' എന്ന ലക്ഷ്യവുമായി നഗരസഭയാണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

പൊതുസ്ഥലങ്ങളെ മനോഹരമാക്കുന്നതിലൂടെ ശുചിത്വബോധം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ ചിത്രങ്ങളുടെ പ്രാധാന ലക്ഷ്യം. 50 വർഷത്തിലേറെ ചിത്രകലയിൽ പരിചയമുള്ള തൃശൂർ കുന്നംകുളം സ്വദേശിയായ ആർട്ടിസ്റ്റ് സണ്ണിയും സംഘവുമാണ് ചിത്രങ്ങൾ വരച്ചെടുക്കുന്നത്. ഇതിനുമുമ്പ് നിരവധി മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ചുമർചിത്രങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിൻ്റെ കൈയ്യൊപ്പാണ് ഷൊർണൂരിലും പതിയുന്നത്.

ഏകദേശം 20 മീറ്റർ വീതിയിലാണ് മൂന്ന് ചിത്രങ്ങളും ഒരുക്കുന്നത്. ഓരോ ചിത്രത്തിനും 15 അടി ഉയരമുണ്ട്. ഒരു ചിത്രം പൂർത്തിയാക്കാൻ രണ്ട് ദിവസമെടുക്കും. ആറ് ദിവസത്തിനുള്ളിൽ മൂന്ന് ചിത്രങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യം, ആർട്ടിസ്റ്റ് സണ്ണി പറഞ്ഞു. കലയുടെ സ്പർശത്തോടെ മാറുന്ന ഈ ചുമരുകൾ ഇനി ഷൊർണൂരിൻ്റെ വഴികളിൽ യാത്ര ചെയ്യുന്നവർക്ക് ഒരു പുതിയ അനുഭവം സമ്മാനിക്കും. ഒരു നഗരം ശുചിത്വത്തിലേക്കും സൗന്ദര്യത്തിലേക്കും നീങ്ങുമ്പോൾ, ഇത്തരത്തിലുള്ള ശ്രമങ്ങൾ പ്രചോദനമായി മാറുന്നു.

പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഷൊർണൂർ ജംഗ്ഷൻ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷനുകളിലൊന്നാണ്. ഇന്ന് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിൻ കടന്നുപോകുന്നതും യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതുമായ ഒരു പ്രധാന റെയിൽവേ ഹബ്ബായി ഇവിടെ മാറിയിരിക്കുന്നു. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലേക്ക് റെയിൽവേ കടന്നുവന്നതോടെയാണ് ഇതിൻ്റെ തുടക്കം.

1921-1927 കാലഘട്ടത്തിലാണ് നിലമ്പൂർ-ഷൊറണൂർ പാത പിറവിയെടുക്കുന്നത്. നിലമ്പൂർ വനങ്ങളിൽ നിന്നുള്ള തേക്ക് മറ്റ് സ്ഥലങ്ങളിലേക്ക് കടത്തുക എന്നതായിരുന്നു ഈ പാതയുടെ പ്രധാന ലക്ഷ്യം. പിന്നീട് കാലത്തിനൊപ്പം റെയിൽവേയും വളർന്നു. അങ്ങനെ തൃശ്ശൂർ, കോയമ്പത്തൂർ, നിലമ്പൂർ, മംഗലാപുരം ഭാഗങ്ങളിലേക്കുള്ള പ്രധാന പാതകളുടെ സംഗമസ്ഥാനം കൂടിയായി ഇവിടം മാറി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News