Enter your Email Address to subscribe to our newsletters

Idukki , 24 മെയ് (H.S.)
തൊടുപുഴയിലെ ലാത്തി ചാർജ്ജിൽ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്നത്തെ പൊലീസ് നടപടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് ബിലാൽ സമദിൻ്റെ കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഈ സംഭവത്തിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
2022 ജൂൺ 14 നായിരുന്നു സംഭവം. മർദനത്തെ തുടർന്ന് ബിലാൽ സമ്മദിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടമായിരുന്നു. ഡിസിസി പ്രസിഡൻ്റ് സിപി മാത്യുവിനെ ഡിവൈഎഫ്വൈ പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്ന് നടത്തിയ പ്രതിഷേധ മാർച്ചിലാണ് സമദിന് പരിക്കേൽക്കുന്നത്. പൊലീസ് കംപ്ലെയ്ൻ്റ് അതേറിറ്റി ഉദ്യോഗസ്ഥൻ്റെ വീഴ്ച കൃത്യമായി ചൂണ്ടി കാട്ടി കർശന നടപടി വേണവെന്ന് നിർദ്ദേശിച്ചിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ല. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ക്ലീൻചീറ്റ് നൽകുകയായിരുന്നു.
നീതി കിട്ടുമെന്ന് ഉറപ്പിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ബിലാൽ വീണ്ടും പരാതി നൽകിയിരിക്കുന്നത്. പുനരന്വേഷണം നടത്തി ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നാണ് ബിലാലിൻ്റെ ആവശ്യം. അതേസമയം ആലപ്പുഴ നവകേരള സദസിനിടെയുണ്ടായ മർദനവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ നടപടി എടുത്തിരുന്നു. മർദനത്തെക്കുറിച്ച് അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
2023 ഡിസബർ 15ന് ആലപ്പുഴയിൽ വച്ചാണ് കെഎസ്യു നേതാവും ഇപ്പോൾ എംഎൽഎയുമായ എഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കു നേരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരുടെ അതിക്രമമുണ്ടായത്.
സംഭവത്തെ 'രക്ഷാപ്രവർത്തനം' എന്ന് പറഞ്ഞായിരുന്നു സർക്കാർ ന്യായീകരിച്ചിരുന്നത്. കേസിൽ പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെ ചുമതലയിൽ നിന്നുമാറ്റി സർക്കാർ പൊലീസിലേക്ക് തിരിച്ചയച്ചു. മർദനക്കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ കുമാർ പിണറായിയുടെ ഗൺമാനായി തന്നെ തുടരും.
അന്ന് മർദനമേറ്റവർ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല. മർദനമേറ്റവർ കോടതിയെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പുരോഗതിയുണ്ടായില്ല. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേസ് അന്വേഷിക്കാൻ ആലപ്പുഴ ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിക്കുകയായിരുന്നു.
എസ്ഐടി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. മർദനം ചട്ടവിരുദ്ധമായിരുന്നെന്ന റിപ്പോർട്ടാണ് എസ്ഐടി തയ്യാറാക്കിയിട്ടുള്ളതെന്നാണ് സൂചന. നാല് ഗൺമാൻമാർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. എസ്ഐടി റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR