Enter your Email Address to subscribe to our newsletters

Kochi, 24 മെയ് (H.S.)
കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ (AMMA) ഭിന്നതയും തർക്കങ്ങളും പുതിയ തലത്തിലേക്ക്. നടി അൻസിബ ഹസൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ശരിവെച്ചുകൊണ്ട് നടി നീന കുറുപ്പും രംഗത്തെത്തിയതോടെ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കം പരസ്യമായ വലിയ കലഹമായി മാറിയിരിക്കുകയാണ്. നടനും സംഘടനയിലെ ഭാരവാഹിയുമായ ടിനി ടോം തന്നെ പരസ്യമായി അധിക്ഷേപിച്ചെന്നും കടുത്ത ഭാഷയിൽ തെറിവിളിച്ചെന്നും ആരോപിച്ച് നീന കുറുപ്പ് സംഘടനയ്ക്ക് ഔദ്യോഗികമായി പരാതി നൽകി.
സംഘടനയുടെ കുടുംബസംഗമവുമായി ബന്ധപ്പെട്ട റിഹേഴ്സൽ ക്യാമ്പിൽ വെച്ച് ടിനി ടോം തന്നെ ശാരീരികമായി കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് നീന കുറുപ്പ് പരാതിയിൽ വ്യക്തമാക്കുന്നത്. കേട്ടാൽ അറയ്ക്കുന്ന അസഭ്യ-അശ്ലീല വാക്കുകളാണ് തനിക്കെതിരെ ഉപയോഗിച്ചതെന്നും താരം പറയുന്നു. അവിടെയുണ്ടായിരുന്ന മറ്റ് അംഗങ്ങൾ ഇടപെട്ട് ടിനി ടോമിനെ പിടിച്ചുമാറ്റിയത് കൊണ്ടാണ് തനിക്ക് മർദനമേൽക്കാതിരുന്നതെന്നും നീന കുറുപ്പ് കൂട്ടിച്ചേർത്തു. മേയ് 12-നാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കി നീന കുറുപ്പ് 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവർക്ക് പരാതി നൽകിയത്. ടിനി ടോമിന്റെ ഇത്തരം ക്രൂരതകൾക്കും മോശം പെരുമാറ്റത്തിനും താൻ മാത്രമല്ല, മറ്റ് പല അംഗങ്ങളും ഇരയായിട്ടുണ്ടെന്നും നീന കുറുപ്പ് വെളിപ്പെടുത്തി.
അൻസിബയുടെ രാജിക്ക് കാരണം ടിനി ടോം?
കഴിഞ്ഞ ദിവസം നടി അൻസിബ ഹസൻ മാധ്യമങ്ങളിലൂടെ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് നീന കുറുപ്പിന്റെ പരാതിയും പുറത്തുവരുന്നത്. 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് താൻ രാജി വെക്കാനുണ്ടായ പ്രധാന കാരണം ടിനി ടോമാണെന്ന് അൻസിബ തുറന്നുപറഞ്ഞിരുന്നു. സംഘടനയ്ക്കുള്ളിൽ ജനാധിപത്യപരമായി താൻ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ പേരിൽ ടിനി ടോം തനിക്കെതിരെ കടുത്ത രീതിയിൽ വ്യക്തിഹത്യ നടത്തുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് അൻസിബയുടെ ആരോപണം.
തനിക്ക് പലരുമായും വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനും, തന്നെ ഒരു 'മതതീവ്രവാദി' അല്ലെങ്കിൽ 'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിക്കാനും ടിനി ടോം ശ്രമിച്ചതായി അൻസിബ വെളിപ്പെടുത്തി. താൻ മറ്റ് പലരെയും ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ കള്ളക്കഥകൾ സിനിമ ഇൻഡസ്ട്രിയിൽ ടിനി ടോം പ്രചരിപ്പിച്ചെന്നും അൻസിബ ആരോപിച്ചു. ഈ കാര്യങ്ങളെല്ലാം നീന കുറുപ്പാണ് തന്നെ അറിയിച്ചതെന്നും അൻസിബ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അൻസിബയുടെ ആരോപണങ്ങൾക്ക് കരുത്തുപകർന്ന് നീന കുറുപ്പിന്റെ പരാതിയും ചർച്ചയാകുന്നത്. ഒരു വനിതാ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ ഇത്തരം വർഗീയ-വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നത് താൻ നേരിട്ട് കേട്ടിട്ടുണ്ടെന്ന് നീന കുറുപ്പ് തന്റെ പരാതിയിലും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം; ഒപ്പം നേതൃത്വവും
എന്നാൽ തനിക്കെതിരെ ഉയർന്നിട്ടുള്ള എല്ലാ ആരോപണങ്ങളും പൂർണ്ണമായും നിഷേധിച്ചുകൊണ്ട് നടൻ ടിനി ടോം രംഗത്തെത്തി. താൻ ആരെയും ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്നും തന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേജ് ഷോകളും പരിപാടികളും നടക്കുമ്പോൾ സ്വാഭാവികമായ ബഹളങ്ങളും തർക്കങ്ങളും ഉണ്ടാകാറുണ്ടെന്നും, എന്നാൽ താൻ ആർക്കും മോശം സന്ദേശങ്ങളോ പെരുമാറ്റങ്ങളോ നടത്തിയിട്ടില്ലെന്നുമാണ് ടിനി ടോമിന്റെ വാദം. തന്നെ മനപ്പൂർവ്വം തകർക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, നടിമാരുടെ പരാതികളോട് സംഘടനയുടെ ഔദ്യോഗിക നേതൃത്വം പുലർത്തുന്ന നിസ്സംഗതയ്ക്കെതിരെയും വിമർശനം ശക്തമാണ്. അൻസിബയുടെ പരാതിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് പ്രസിഡന്റ് ശ്വേത മേനോൻ ആദ്യം പ്രതികരിച്ചത്. എന്നാൽ താൻ സംഘടനയ്ക്കുള്ളിൽ വിഷയം ഉന്നയിച്ചപ്പോൾ 'ഒന്നും ചെയ്യാനില്ല' എന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്ന് അൻസിബ കുറ്റപ്പെടുത്തി. 'അമ്മ'യിലെ വനിതാ കൂട്ടായ്മയും മറ്റ് മുതിർന്ന അംഗങ്ങളും ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇപ്പോൾ സിനിമാ ലോകം ഉറ്റുനോക്കുന്നത്. സംഘടനയ്ക്കുള്ളിലെ ഈ വലിയ പൊട്ടിത്തെറി വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
---------------
Hindusthan Samachar / Roshith K