Enter your Email Address to subscribe to our newsletters

Malappuram, 24 മെയ് (H.S.)
മലപ്പുറം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിൽ വിതരണം ചെയ്യേണ്ട മുഴുവൻ പാഠപുസ്തകങ്ങളും ഈ മാസം 29-ാം തീയതിയോടെ (വെള്ളിയാഴ്ച) സ്കൂളുകളിൽ എത്തിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പാഠപുസ്തക വിതരണത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി മലപ്പുറത്തെ ബുക്ക് ഡിപ്പോയിൽ അപ്രതീക്ഷിത പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ കൃത്യമായി സ്കൂളുകൾ തുറന്നുപ്രവർത്തിക്കാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി നിലവിൽ ആവശ്യമായ പാഠപുസ്തകങ്ങളുടെ 80 ശതമാനവും അതത് ഡിപ്പോകളിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ബാക്കി വരാനുള്ള പുസ്തകങ്ങൾ കൂടി അതിവേഗത്തിൽ ഡിപ്പോകളിലും അവിടെനിന്ന് സ്കൂളുകളിലും എത്തിക്കാനുള്ള ഊർജിതമായ ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വിതരണവുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശങ്കയും വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ വേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂൾ ഫിറ്റ്നസ് പരിശോധന അവസാന ഘട്ടത്തിൽ
പുതിയ അധ്യയന വർഷത്തിലേക്ക് കുട്ടികളെ സ്വീകരിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധനയും ശുചീകരണ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്. കുട്ടികളുടെ സുരക്ഷയ്ക്ക് തന്നെയാണ് മുൻഗണന. പ്രവേശനോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നിർദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും സ്കൂൾ അധികൃതർക്കും ഇതിനോടകം കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ ഒന്നിന് സംസ്ഥാനതല പ്രവേശനോത്സവത്തോടെ വിപുലമായ രീതിയിലാകും കുട്ടികളെ വരവേൽക്കുക.
പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കും
വാൽപ്പാറയിലുണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ അഞ്ച് അധ്യാപകരടക്കം ഏഴ് പേരെ നഷ്ടമായ പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥികളുടെ അവസ്ഥയെക്കുറിച്ചും മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വലിയ മാനസിക വിഷമം അനുഭവിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകും. അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുമായി കൗൺസിലിങ് അടക്കമുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
അക്കാദമികമായ ഒരുക്കങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെ വൈകാരികവും മാനസികവുമായ സുരക്ഷിതത്വം ഉറപ്പാക്കി പുതിയ അധ്യയന വർഷം വൻ വിജയമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
---------------
Hindusthan Samachar / Roshith K