Enter your Email Address to subscribe to our newsletters

Kannur, 24 മെയ് (H.S.)
കണ്ണൂർ: പയ്യന്നൂരിലെ അപ്രതീക്ഷിത തോൽവിയെച്ചൊല്ലി സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ കടുത്ത അമർഷവും രൂക്ഷവിമർശനവും . പാർട്ടിയുടെ സുരക്ഷിത കോട്ടയെന്ന് കരുതിയിരുന്ന മണ്ഡലത്തിലെ വലിയ തോൽവി ജില്ലാ-സംസ്ഥാന നേതൃത്വങ്ങളെപ്പോലും ഞെട്ടിച്ച പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.
പൊതുജനങ്ങൾക്കും പാർട്ടി അണികൾക്കും മുന്നിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലേക്ക് പ്രാദേശിക നേതൃത്വം പാർട്ടിയെ എത്തിച്ചുവെന്ന് യോഗത്തിൽ വിമർശനം ഉയർന്നു . യോഗത്തിൽ ഉയർന്ന പ്രധാന ആരോപണങ്ങളും ചർച്ചകളും താഴെ പറയുന്നവയാണ്:
വോട്ട് അട്ടിമറി ആരോപണം: വി. കുഞ്ഞികൃഷ്ണന് വേണ്ടി പാർട്ടിയിലെ ചില പ്രാദേശിക നേതാക്കൾ രഹസ്യമായി വോട്ട് മറിക്കാൻ ക്യാമ്പയിൻ നടത്തിയതാണ് പയ്യന്നൂരിലെ തകർച്ചയ്ക്ക് കാരണമായി ചില അംഗങ്ങൾ ചൂണ്ടിക്കാണിച്ചത് . രാമന്തളി ലോക്കൽ കമ്മിറ്റി സെക്രട്ടറി അനൂപിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം . ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വാട്സ് ആപ്പ് വഴിയും അല്ലാതെയും കുഞ്ഞികൃഷ്ണന് വോട്ട് ചെയ്യാൻ ആഹ്വാനം ഉണ്ടായതായി ആരോപണമുയർന്നു .
ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യം: തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് നിലവിലുള്ള പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന് യോഗത്തിൽ ചില അംഗങ്ങൾ ശക്തമായി ആവശ്യപ്പെട്ടു . മുപ്പതിനായിരത്തോളം വോട്ടുകളുടെ ചോർച്ച നിസ്സാരമായി കാണാനാകില്ലെന്നും അംഗങ്ങൾ വ്യക്തമാക്കി .
ഫണ്ട് വിവാദവും അതൃപ്തിയും: രക്തസാക്ഷി ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും അതിൽ ജില്ലാ സെക്രട്ടറി നടത്തിയ വാർത്താസമ്മേളനവും പാർട്ടിക്ക് വലിയ അപമതിപ്പുണ്ടാക്കിയെന്ന് വിമർശനമുയർന്നു . ഫണ്ട് വിവാദം നിലനിൽക്കുമ്പോൾ സാധാരണക്കാരായ പാർട്ടി ബന്ധുക്കൾ വോട്ട് ചെയ്യാൻ മടിക്കുമെന്ന യാഥാർത്ഥ്യം നേതൃത്വം മനസ്സിലാക്കിയില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി .
സ്ഥാനാർത്ഥി നിർണ്ണയം: പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലും കടുത്ത അതൃപ്തി പ്രകടമായി . സ്ഥാനാർത്ഥി ആരാണെന്നതിലല്ല, ചിഹ്നത്തിനാണ് പ്രാധാന്യം എന്ന പാർട്ടിയുടെ അമിത ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ് ഈ പരാജയമെന്നും വിലയിരുത്തലുണ്ടായി .
ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയും പരാജയവും കണ്ണൂരിലെ സിപിഎമ്മിൽ വരും ദിവസങ്ങളിലും വലിയ രാഷ്ട്രീയ ചർച്ചകൾക്കും ആഭ്യന്തര തർക്കങ്ങൾക്കും വഴിതുറക്കുമെന്നാണ് ഏരിയ കമ്മിറ്റി യോഗത്തിൽ നിന്നുള്ള സൂചനകൾ.
---------------
Hindusthan Samachar / Roshith K